അടുത്തിടെയാണ് തമിഴ് നടൻ ജയം രവി ഭാര്യ ആരതിയുമായുള്ള ബന്ധം വേർപെടുത്തുന്നുവെന്ന് പ്രഖ്യാപിച്ചത്. എന്നാൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വേർപിരിയൽ പ്രഖ്യാപനം നടത്തിയതെന്ന ആരതിയുടെ പ്രതികരണം എത്തിയതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
ഇതിനു പിന്നാലെ ഗായിക കെനിഷ ഫ്രാൻസിസുമായുള്ള നടന്റെ ബന്ധത്തെ കുറിച്ച് വലിയ അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നത്. ഇപ്പോൾ ജയം രവി തന്നെ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
‘ജീവിക്കാൻ അനുവദിക്കൂ. ഇതിലേക്ക് ആരുടേയും പേരുകൾ വലിച്ചിഴയ്ക്കരുത്. പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ആളുകൾ പറയുന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യരുത്. വ്യക്തിജീവിതത്തിലെ സ്വകാര്യത നിങ്ങൾ മാനിക്കണം. 600 സ്റ്റേജ് ഷോകളിൽ പാടിയ വ്യക്തിയാണ് കെനിഷ. വളരെ കഠിനാധ്വാനം ചെയ്യുന്ന ഒരു സൈക്കോളജിസ്റ്റാണ് അവർ. സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായുള്ള തന്റെ ഭാവി പദ്ധതികളെ തകർക്കാൻ മാത്രമേ ഇത്തരം അഭ്യൂഹങ്ങൾക്ക് സാധിക്കുകയുള്ളു’ ജയം രവി പറഞ്ഞു. ‘എനിക്കും കെനിഷയ്ക്കും ഭാവിയിൽ ഒരു ഹീലിംഗ് സെന്റർ തുടങ്ങണമെന്നുണ്ട്. അതാണ് ഞങ്ങളുടെ ലക്ഷ്യം ഒരുപാട് പേരെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ എന്നും നടൻ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 9-നാണ് ജയം രവി വിവാഹമോചന വിവരം സമൂഹ മാധ്യമം വഴി പങ്കുവെച്ചത്. വിവാഹമോചനം പെട്ടെന്നെടുത്ത ഒരു തീരുമാനമല്ലെന്നും വ്യക്തിപരമായ കാരണങ്ങൾ മൂലമാണെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഒരു തമിഴ് മാസിക, ജയം രവിക്ക് ഗായിക കെനിഷയുമായി ബന്ധമുണ്ടെന്നും, ഇവർ ഇരുവരും അവധിക്കാലം ഗോവയിൽ ചിലവഴിച്ചുവെന്നും എഴുതിയത്. ഇപ്പോൾ വിവാദങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് ജയം രവി തന്നെ എത്തിയിരിക്കുകയാണ്. മാധ്യമങ്ങൾക്ക് മുന്നിൽ താരം തന്നെയാണ് കാര്യങ്ങൾ വ്യക്തമാക്കിയത്.
STORY HIGHLIGHT: jayam ravi