ഹൃദയരാഗം
ഭാഗം 63
എന്റെ അരികിൽ ഇനി പോലിസ് ആയി അല്ലാതെ വരരുത്, അപേക്ഷ ആണ്, ചെല്ല്…
അവന്റെ ചുവന്ന കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായിട്ട് ഒഴുകിയത് അവൾ കണ്ടു.. അവളുടെ നെഞ്ചാണ് ആ നിമിഷം പിടഞ്ഞത്,
ആ പോലീസ് സ്റ്റേഷനിൽ നിന്നും സർവ്വം തകർന്നവനെ പോലെയായിരുന്നു അവൻ പുറത്തേക്കിറങ്ങിയിരുന്നത്… അവനെ ഈയൊരു അവസ്ഥയിൽ കണ്ട് കിരണിനും സഹിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല, അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി അനന്ദു…
” നീ നല്ലൊരു വക്കീലിനെ പോയി കാണണം, വക്കീലെന്ന് വച്ചാൽ ഏറ്റവും നല്ല വക്കീലായിരിക്കണം,
” അത് നീ പറഞ്ഞില്ലെങ്കിലും ഞാൻ ചെയ്യില്ലേ, പോലീസിന്റെ പ്രോസസ് ഒക്കെ കഴിഞ്ഞിട്ട് ബോഡി ഏറ്റുവാങ്ങണ്ടേ, നിന്റെ അമ്മയെ വിവരമറിയിക്കേണ്ട..?
” എനിക്ക് ഒന്നിനും ശക്തിയില്ല,
” എനിക്ക് മനസ്സിലാവും…
പെട്ടെന്നാണ് കിരണിന്റെ ഫോൺ ബെല്ലടിച്ചത്, അവൻ എടുത്തു നോക്കിയപ്പോൾ വീട്ടിൽ നിന്നാണ്,
” ശരിയമ്മ ഞാൻ വിളിക്കാം…
കുറച്ചുസമയം സംസാരിച്ചതിനുശേഷം അനന്തുവിന്റെ മുഖത്തേക്ക് നോക്കിയിരുന്നു കിരൺ,
” എന്താടാ….
” അമൃത ഉണർന്നിട്ടുണ്ട്, വലിയ കരച്ചിൽ ആണെന്നാണ് പറഞ്ഞത്…സംഭവിച്ച കാര്യങ്ങളൊക്കെ അമ്മ അവളോട് പറഞ്ഞു, നിന്നെ കാണണമെന്ന് പറഞ്ഞു ഒരേ വാശിയിലാണെന്ന്,
കിരൺ പറഞ്ഞു…
” നമുക്ക് എന്നാൽ അവിടേക്ക് പോകാം,
” ഞാൻ നിന്നെ അവിടേക്ക് കൊണ്ടാക്കാം…
” അതുകഴിഞ്ഞ് ബോഡി ഏറ്റുവാങ്ങാൻ ഉള്ള കാര്യങ്ങളൊക്കെ ചെയ്യണ്ടേ? ഇപ്പൊൾ അമൃതയുടെ അടുത്ത് നീ ഉണ്ടാവണം, അത്യാവശ്യമാണ്.. ബാക്കി കാര്യങ്ങളൊക്കെ പിന്നെ, ആദ്യം ഞാൻ പറഞ്ഞതുപോലെ ഒരു വക്കീലിനെ ചെന്ന് നീ കാണണം,
” നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ, അതൊക്കെ ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്, പുള്ളിയെ ഈവനിംഗ് കാണുന്ന പറഞ്ഞത്,
അനന്തുവിനെ വീട്ടിലേക്ക് കൊണ്ടാക്കിയതിനുശേഷമാണ് കിരൺ ഇറങ്ങിയത്.. ഇറങ്ങുന്നതിനു മുൻപ് അമ്മയെ ഒറ്റയ്ക്ക് വിളിച്ച് അവൻ സംസാരിച്ചു,
” അവൻ വല്ലാത്തൊരു മാനസികാവസ്ഥയിലാണ് അമ്മ, അവനെ പുറത്തേക്കൊന്നും വിടണ്ട, ഞാൻ വരാതെ എങ്ങും പോകണ്ട എന്ന് പറഞ്ഞാൽ മതി… പിന്നെ എന്തെങ്കിലുമൊക്കെ നിർബന്ധിപ്പിച്ച് അമ്മയൊന്ന് കഴിപ്പിക്കണം, അതൊക്കെ നീ പറയാതെ തന്നെ എനിക്കറിയാമല്ലോ, അമ്പിളിയെ വിവരം അറിയിക്കണ്ടേ…?
“വേണം…..അതിനുള്ള കാര്യങ്ങളും ചെയ്യണം, ആദ്യം ഇതിന് എന്തൊക്കെയാ ചെയ്യേണ്ടതെന്ന് നോക്കിയിട്ട് വരട്ടെ,
അനന്തുവിനെ കണ്ടതും അമൃത പൊട്ടിക്കരഞ്ഞ് അവന്റെ നെഞ്ചിലേക്ക് വീണിരുന്നു…
” മോള് പേടിച്ചു പോയോ,
അവളുടെ മുടിയിൽ തഴുകി കൊണ്ട് അവൻ ചോദിച്ചു…
” ആ ചേച്ചി എവിടെ…?
” പോലീസ് സ്റ്റേഷനിൽ ഉണ്ട്,
” ഒരിക്കൽ പോലും എന്നോട് പറഞ്ഞില്ലല്ലോ നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന്… ഞാൻ കാരണമല്ലേ ചേച്ചിയും ചേട്ടനും ഇത്രയും ബുദ്ധിമുട്ടും വിഷമങ്ങളും അനുഭവിക്കേണ്ടി വരുന്നത്,
കുറ്റബോധം പേറിയ അവളുടെ മറുപടി കേട്ടപ്പോൾ അവൻ അവളോട് വാത്സല്യമാണ് തോന്നിയത്,
” അല്ല മോളെ ഇത് നമ്മുടെ വിധിയാണ്, ജീവിതകാലം മുഴുവൻ ഇങ്ങനെ ഈ വിധി നമ്മളെ തുടർന്നു കൊണ്ടിരിക്കും. അത് നമ്മുടെ ജന്മദോഷമാണ്… ആ സന്തോഷം നമുക്ക് വിധിച്ചിട്ടില്ല ഈശ്വരൻ, പക്ഷേ അയാൾ മരിക്കേണ്ടതായിരുന്നു,
” നിങ്ങൾ ഒരു ജീവിതം ആഗ്രഹിച്ചിട്ട്…
” ഒരു ജീവിതം…. ഒരു നല്ല ജീവിതം എനിക്ക് എന്നെങ്കിലും കിട്ടിയിട്ടുണ്ടോ.? അതിനുള്ള ഭാഗ്യം ഈ ഏട്ടനില്ല മോളെ… മാലാഖ പോലെ ഒരു പെണ്ണ്, എന്റെ ജീവിതത്തിലേക്ക് വന്നതോടെ അവളുടെ ജീവിതവും ഇങ്ങനെയായി, ആ ഒരു വിഷമം മാത്രമേ എനിക്കുള്ളൂ… ഞാൻ പോലീസ് സ്റ്റേഷനിൽ വന്ന് ഞാൻ ആണ് അയാളെ കൊന്നതെന്ന് പറഞ്ഞാൽ ചേച്ചി വെറുതെ വിടുവോ,
നിഷ്കളങ്കമായുള്ള അവളുടെ ആ ചോദ്യം കേട്ടപ്പോൾ അവൻ എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു…
” അങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല മോളെ, അവൾക്ക് വേണ്ടി നല്ലൊരു വക്കീലിനെ കണ്ടുപിടിക്കാൻ ഞാൻ കിരണിന്നോട് പറഞ്ഞിട്ടുണ്ട്, ബാക്കിയൊക്കെ ഈശ്വരന്റെ കയ്യിലാ, എന്റെ ജീവിതം ഇനി തീരുമാനിക്കുന്നത് ഈശ്വരന്റെ തീരുമാനങ്ങളാണ്…
അത്രയും പറഞ്ഞവൻ തളർന്നു പോയവനെ പോലെയാ കട്ടിലിൽ ഇരുന്നു,
” നീ കുറച്ച് നേരം സീതമ്മയുടെ അരികിൽ പോയിരിക്ക് എനിക്ക് ഒന്ന് കിടക്കണം
അവന്റെ മനസ്സ് ശരിയല്ലന്ന് മനസ്സിലായതു കൊണ്ട് തന്നെ അവൾ പെട്ടെന്ന് അവന്റെ അരികിൽ നിന്നും പുറത്തേക്ക് പോയിരുന്നു, ആ തലയിണയിൽ മുഖമമർത്തി അവൻ പൊട്ടി കരഞ്ഞിരുന്നു… ഒരു ഉറവ പോലെ കണ്ണുനീർ അണപൊട്ടി ഒഴുകുകയാണ്, മനസ്സിന് തെല്ല് ആശ്വാസം കിട്ടുന്നത് അവൻ അറിഞ്ഞു… ഒന്ന് പൊട്ടിക്കരഞ്ഞാൽ ലഭിക്കുന്ന ആശ്വാസം ആര് ആശ്വസിപ്പിച്ചാലും ലഭിക്കില്ലന്ന സത്യത്തെ അവൻ ആ നിമിഷമാണ് മനസ്സിലാക്കിയത്… ആ കിടപ്പവൻ ഉണർന്നത് കിരൺ വന്നു വിളിക്കുമ്പോൾ ആണ്, അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ നന്നായി അലഞ്ഞ ലക്ഷണം ഉണ്ടായിരുന്നു, അവനെ കണ്ടതും പ്രതീക്ഷയോടെ അവൻ എഴുന്നേറ്റിരുന്നു…
” എന്തായി വക്കീലിനെ കണ്ടോ..?
അവന് അറിയേണ്ടത് അത് മാത്രമായിരുന്നു,
” കണ്ടു….
“എന്നിട്ട് അയാൾ എന്തു പറഞ്ഞു..? അവളെ രക്ഷിക്കാൻ പറ്റുമോ..?
പ്രതീക്ഷ മുറ്റിയ ചോദ്യം…
” നല്ല രീതിയില് പ്രതീക്ഷ ഉണ്ടെന്ന് ആണ് പറഞ്ഞത്, എല്ലാം നമുക്ക് അനുകൂലമായിട്ടുള്ള കാര്യങ്ങൾ തന്നെയാണ്, പിന്നെ റേപ്പ് അറ്റമ്റ്റിന്റെ പേരിൽ സ്വയരക്ഷയ്ക്ക് വേണ്ടി ഒരാളെ കൊന്നാൽ അതിന് കേസ് പോലും ഇല്ലെന്നാണ് വക്കീല് പറയുന്നത്, പക്ഷേ വേറൊരു പ്രശ്നമുണ്ട്,
“എന്താടാ….?
“പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അയാൾക്ക് നല്ലതായിട്ട് ശരീരത്തിൽ ക്ഷതം ഏറ്റിട്ടുണ്ടെന്ന്, അതൊരു പെൺകുട്ടി ചെയ്തതല്ലെന്ന് ആർക്കും മനസ്സിലാവുമെന്ന് എസ് ഐ വക്കീലിനോട് പറഞ്ഞത്, പക്ഷേ അവൾ തന്നെയാ കുറ്റം ചെയ്തതെന്ന് പറഞ്ഞ് ആ സ്റ്റേറ്റ്മെന്റിൽ തന്നെ അവൾ ഉറച്ചു നിൽക്കുകയാണ്.. അതുകൊണ്ട് അവർക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല, പിന്നെ അവരുടെ തെളിവുകൾ അത്ര സ്ട്രോങ്ങുമല്ല, എല്ലാം കൊണ്ടും നമുക്ക് ചാൻസ് ഉണ്ടെന്നാണ് പറയുന്നത്, നീ വിഷമിക്കാതെ എനിക്ക് ഉറപ്പു തന്നിട്ടുണ്ട്, കൂടിപ്പോയാൽ രണ്ടോ മൂന്നോ വർഷം അതിൽ കൂടുതൽ ശിക്ഷ അവൾക്ക് ലഭിക്കില്ല…
കിരൺ അവനോട് പറഞ്ഞു…
” മൂന്നുവർഷമോ…? അത്രയും കാലം അവൾ….
” അത് വലിയ സമയം ഒന്നും അല്ലടാ, മൂന്നുദിവസം പോലെയങ്ങ് പോകും…. പത്തോ പന്ത്രണ്ടോ വർഷമായിരുന്നു കിട്ടുന്നെങ്കിലോ.? അതിലും നല്ലതല്ലേ ഇത്…
“ഉം…..
അവൻ ഒന്ന് ഇരുത്തി മൂളി…
” അമ്മ അറിഞ്ഞൊ…? എ
ന്നെ ശപിക്കുക ആയിരിക്കും,
” അല്ല ഒക്കെ അറിഞ്ഞപ്പോൾ…. പൊട്ടിക്കരഞ്ഞു, അവർ ചെയ്യേണ്ടതായിരുന്നു ഇത് എന്ന് എന്നോട് പറഞ്ഞു, സ്വന്തം മോളുടെ നേരെ ആളുടെ കണ്ണുകൾ പാറുന്നുണ്ടെന്ന് അറിയാൻ വൈകിപ്പോയല്ലോ എന്നോർത്താണ് നിന്റെ അമ്മ കരഞ്ഞത്, പിന്നെ നിന്റെ ജീവിതം വീണ്ടും അവർ കാരണം ഇങ്ങനെ ആയല്ലോന്നുള്ള കുറ്റബോധം പേറിയും…ബോഡി അയാളുടെ വീട്ടുകാർ തന്നെയാ കൊണ്ടുപോയത്, ആശുപത്രിന്ന് അയാൾക്ക് ഭാര്യയെയും കുട്ടികളും ഉണ്ടായിരുന്നുവെന്ന് ഞാൻ ഇന്ന് ആണ് അറിയുന്നത്, നിന്റെ അമ്മയെന്തൊക്കെയോ പറഞ്ഞു, പക്ഷേ അമ്മയൊന്നും മിണ്ടിയില്ല… അവർ മറ്റൊരു ലോകത്തിലായിരുന്നുവെന്ന് തോന്നുന്നു,
“നീ അവളെ കണ്ടോ…?
” കാണിച്ചില്ല….! പിന്നെ നാളെ ഞാനും വക്കീലും കൂടി പോകുന്നുണ്ട്, നീ തന്നെ ചെയ്യണം എല്ലാ കാര്യങ്ങളും എന്നെ കണ്ടാൽ ശക്തി ചോർന്നു പോകുമെന്നാണ് അവൾ പറഞ്ഞത്,
” എല്ലാത്തിനും ഞാൻ ഉണ്ടാവും…
” നീ സമാധാനമായിട്ട് ഇരിക്ക്,
” നീ എന്നെ ഒന്ന് കെട്ടിപ്പിടിക്കാവോ. ഞാൻ വല്ലാതെ ഒറ്റയ്ക്കായി പോയത് പോലെ….
കരഞ്ഞുകൊണ്ട് കിരണിന്റെ മുഖത്തേക്ക് നോക്കി അനന്ദു….
അത് ചോദിച്ചപ്പോൾ അവന്റെ ഹൃദയത്തിൽ ഒരു വേദന നിറഞ്ഞിരുന്നു, ഏറെ വേദനയോടെ തന്നെ അവൻ കിരണിനെ ചേർത്തു പിടിച്ചു…
” നീ ഇങ്ങനെ തളർന്നു പോകല്ലേ നന്ദു….
അവന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചുകൊണ്ട് കിരൺ പറഞ്ഞു,
” അവൾ ഇല്ലാതെ ഞാൻ മരിച്ചു പോകുമെടാ… അവൾ ഇത്രയും സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ല, അവൾ എന്നെ സ്നേഹിച്ചതിന്റെ ഒരു ശതമാനം പോലും ഞാൻ അവർക്ക് തിരിച്ചു കൊടുത്തിട്ടില്ല… അവഗണിച്ചിട്ടെ ഉള്ളൂ എന്നും, ഇപ്പോൾ അടുത്തുണ്ടായിരുന്നുവെങ്കിൽ സ്നേഹം കൊണ്ട് ഞാൻ അവളെ മൂടിയേനെ, സ്നേഹമുള്ളിൽ വയ്ക്കാൻ ഉള്ളതല്ല, പ്രകടിപ്പിക്കേണ്ടതാണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്… പൊട്ടിക്കരഞ്ഞുകൊണ്ട് അവൻ കിരണിന്റെ നെഞ്ചിൽ അഭയം പ്രാപിച്ചു..
തുടരും