ഹൃദയരാഗം
ഭാഗം 62
എനിക്ക് സത്യമായിട്ടും ഒന്നും അറിയില്ല, ഇത് സത്യം ആണോ എന്നറിയാനാ ഞാൻ ഇങ്ങോട്ട് വന്നത്…. അയാളുടെ വാക്കുകളിൽ വിശ്വൻ സർവ്വം തകർന്നു പോയിരുന്നു, സുഭദ്ര അലറി കരഞ്ഞു തുടങ്ങി..
” പറഞ്ഞതല്ലേ ഞാൻ നന്നായിട്ട് അവളെ നോക്കണം എന്ന്, എന്നിട്ട് ഇപ്പ കരഞ്ഞിട്ട് എന്താ കാര്യം?
അയാൾ ഭാര്യയോട് തട്ടി കയറി..
“‘ ഞാൻ കരുതിയില്ല അവൾ ഇങ്ങനെ ഇറങ്ങി പോകുമെന്ന്,
നിസ്സഹായതയോടെ അവർ പറഞ്ഞു.
” ജനിപ്പിച്ച തന്തയെക്കാളും പെറ്റ് വളർത്തിയ തള്ളയെക്കാളും അവൾക്ക് വലുത് എവിടെയോ കിടക്കുന്ന ഒരുത്തൻ ആണെന്ന് കഴിഞ്ഞ കുറച്ച് ദിവസം കൊണ്ട് തന്നെ നിനക്ക് മനസ്സിലായതല്ലേ, എന്നിട്ടും നീ എന്ത് വിശ്വസിച്ച അവളെ ഇപ്പോഴും ഒറ്റയ്ക്ക് ഒരു മുറിയിൽ കിടത്തിയത്…
അയാൾ രോഷം പൂണ്ടു….
” നമുക്ക് അവളെ കാണണ്ടേ, ഇങ്ങനെ ഇരുന്നാൽ എങ്ങനെയാ, പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോന്ന് നോക്ക് സുഭദ്ര കരഞ്ഞുകൊണ്ട് പറഞ്ഞു…
“‘ അവൾ ഈ വീടിന്റെ പടി ഇറങ്ങിപ്പോയ നിമിഷം തന്നെ ഞാനും അവളും തമ്മിലുള്ള ബന്ധം അവസാനിച്ചു..! ഇപ്പോ ഒരു പുതിയ പേരും കൂടി ചാർത്തി തന്നിട്ടാണല്ലോ പോയിരിക്കുന്നത് കൊലപാതകിയുടെ അച്ഛൻ..! നല്ല പേര് ഇനി അവളുടെ കാര്യം പറഞ്ഞ് ആരും എന്നെ വിളിക്കണ്ട,
അത്രയും പറഞ്ഞു അയാൾ അകത്തേക്ക് പോയിരുന്നു.. സർവ്വം തകർന്നതു പോലെ സുഭദ്ര അവിടെയിരുന്നു.
കിരണിനൊപ്പം പോലീസ് സ്റ്റേഷനിലേക്ക് എത്തുമ്പോൾ ഉള്ളിലെങ്കിലും ഒരു നേരിയ പ്രതീക്ഷ അനന്തുവിൽ ഉണ്ടായിരുന്നു, പോലീസ് സ്റ്റേഷന്റെ അകത്ത് ഒരു കുറ്റവാളിയെ പോലെ മുഖം കുനിച്ചു നിൽക്കുന്നവളെ കണ്ട് അവന്റെ ഹൃദയം ഒന്ന് പിടഞ്ഞു പോയിരുന്നു…
” ആരാ..?
ഒരു പോലീസുകാരൻ വന്ന് ചോദിച്ചു,
” എസ് ഐ ഒന്ന് കാണണമായിരുന്നു,
തന്റെ ശബ്ദം കേട്ടിട്ട് പോലും ഒന്ന് തലയുയർത്തി നോക്കാത്ത അവളെ കണ്ട അവന് അമ്പരപ്പാണ് തോന്നിയത്… പെട്ടെന്നാണ് എസ് ഐ അകത്തുനിന്നും ഇറങ്ങി വന്നിരുന്നത്,
” സാറിനെ കാണുമെന്ന് പറഞ്ഞ് നിൽക്കുകയാണ്…
ഒരു പോലീസുകാരൻ പെട്ടെന്ന് അവനെ പരിചയപ്പെടുത്തി കൊടുത്തു…
” എന്താടോ കാര്യം ഗൗരവത്തോടെ എസ് ഐ അരികിലേക്ക് വന്നുകൊണ്ട് ചോദിച്ചു….
ജാമ്യത്തിനുള്ള എന്തെങ്കിലും ഉണ്ടോന്നറിയാൻ വേണ്ടി വന്നത് ആണ്… അവന്റെ സംസാരം കേട്ട് എസ്ഐ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി ,
” ഇതെന്തു കേസ് ആണെന്ന് തനിക്കറിയോ..? ജാമ്യ ഒന്നും കിട്ടുന്ന വകുപ്പ് അല്ല, മാത്രമല്ല പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
” സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തതല്ലേ സർ… ഒരുപാട് വലിയ ശിക്ഷ കിട്ടുമോ,
അവൻ കരഞ്ഞു പോയിരുന്നു…. പോലീസ് സ്റ്റേഷനിൽ നിന്ന് മുഴുവനാളുകളും ആ കാഴ്ച കണ്ട് അമ്പരപ്പോടെ അവനെ തന്നെ നോക്കി… ഒരു നിമിഷം അവളുടെ ഹൃദയവും എന്ന് പിടഞ്ഞു പോയിരുന്നു, ഇത്രത്തോളം അവൻ തന്നെ സ്നേഹിച്ചിരുന്നോ…
” എന്താടോ ഇത്…?
എസ് ഐ ഒരു കോൺസ്റ്റബിളിന്റെ മുഖത്തേക്ക് നോക്കി…
” ഇരിക്കാൻ ഒരു കസേര എടുക്ക്,
എസ് ഐ പറഞ്ഞു…
അത് അനുസരിച്ച് ഒരു പോലീസുകാരൻ അവന് അരികിൽ കസേരയുമായി വന്നു… അവൻ മറ്റൊരു ലോകത്തിലാണെന്ന് കിരണിന് തോന്നി, അത്രത്തോളം പൊട്ടിക്കരയുകയാണ് അനന്തു.. കിരൺ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ അവൻ മറ്റൊരു ലോകത്തിലാണെന്ന് എല്ലാവർക്കും തോന്നിയിരുന്നു…
“: ഇയാളുടെ പേരെന്താ…
അവന്റെ മുഖത്തേക്ക് നോക്കി എസ്ഐ ചോദിച്ചു ,
“അനന്തു
” മിസ്റ്റർ അനന്തു..! ഇത് അല്പം ഗൗരവമേറിയ കേസ് ആണ്, അത്ര പെട്ടെന്ന് ജാമ്യം ഒന്നും കിട്ടുന്ന വകുപ്പ് അല്ല… പിന്നെ ശിക്ഷയുടെ കാര്യം എനിക്കിപ്പോൾ പ്രെഡിക്ട് ചെയ്യാൻ പറ്റില്ല, താൻ പറഞ്ഞതുപോലെ സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തതായതുകൊണ്ട് നല്ലൊരു വക്കീലിനെ കൊണ്ട് വാദിപ്പിച്ചാൽ അയാൾ മിടുക്കൻ ആണെങ്കിൽ ശിക്ഷയുടെ കാലാവധി അല്പം കുറഞ്ഞു കിട്ടും… അതും അത്ര വലിയ ചാൻസ് ഒന്നുമില്ല പിന്നെ വാദിഭാഗത്തിനായിട്ട് ആരും ഇല്ലാത്തതു കൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല…
അയാൾ സമാധാനത്തോടെ പറഞ്ഞു…
“എന്റെ ജീവൻ കൊടുത്തിട്ടാണെങ്കിലും എനിക്ക് ഇവളെ രക്ഷിക്കണം സാർ, ഒരുമിച്ച് ജീവിക്കാൻ വേണ്ടി എന്നെ വിശ്വസിച്ച് ഇറങ്ങിവന്നത് ആണ്.. എനിക്ക് സംരക്ഷിക്കാൻ പറ്റിയില്ല എന്നോടൊപ്പം ഒരു ജീവിതം ആഗ്രഹിച്ചു ഇറങ്ങി വന്നവളെ ജയിലിലേക്ക് പറഞ്ഞയക്കേണ്ട അവസ്ഥയാണ് ഇപ്പോൾ എനിക്ക് ഉള്ളത്….
എസ് ഐ വല്ലാതെ ആയി
” താൻ എന്ത് ചെയ്യാ…?
അവന്റെ തോളത്ത് തട്ടി എസ്ഐ ചോദിച്ചു,
” ഞാൻ പോലീസ് ട്രെയിനിങ് ഒക്കെ കഴിഞ്ഞിരിക്കുകയാണ്,
” എന്നിട്ടാണോ താൻ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ.. അപ്പൊ പിന്നെ നിയമങ്ങളും കാര്യങ്ങളും ഒന്നും ഞാൻ തനിക്ക് പ്രത്യേകം പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ, നമ്മളൊക്കെ നിയമം പഠിച്ചിട്ടുള്ളവരല്ലേ അനന്ദു, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല…!
അയാളുടെ ആ വാക്കുകൾ അവന്റെ ഹൃദയത്തിൽ കാരമുള്ള് പോലെയാണ് പതിച്ചത്, ഒരു നിമിഷം അവളും ഒന്ന് ഭയപ്പെട്ട് പോയിരുന്നു… അവൻ വികാരഭരിതനായി നിൽക്കുകയാണ്, അവൻ ഈ നിമിഷം അവൻ മറ്റ് സത്യങ്ങൾ എന്തെങ്കിലും തുറന്നു പറഞ്ഞാലോന്ന ഭയമായിരുന്നു അവളെ ആ നിമിഷം മൂടിയിരുന്നത്,
” അതെ സർ, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല, അതുതന്നെയാണ് എന്റെയും വിഷമം,
“അനന്തു…
ഒരു താക്കീതുപോലെ കിരൺ വിളിച്ചു, അപ്പോഴാണ് അവന് സ്വബോധം കൈവന്നത്…
” താൻ സമാധാനപ്പെടടോ ഞാൻ പറഞ്ഞില്ലേ, നല്ലൊരു വക്കീൽ ഉണ്ടെങ്കിൽ പുഷ്പം പോലെ ഈ കേസ് ജയിക്കാം.. ഒന്ന് കുട്ടിയുടെ പ്രായം, രണ്ടാമത് കുട്ടിക്ക് നേരെ ഉണ്ടായ റേപ്പ് അറ്റമ്റ്റ്, ഇത് രണ്ടും നിങ്ങളുടെ ഭാഗത്തെ ന്യായം തന്നെയാണ്, പിന്നെ തന്റെ അമ്മയും താനും തന്റെ കുടുംബവും ഒക്കെ കൂടെ നിൽക്കുമെങ്കിൽ ഈ കുട്ടിക്ക് ഒരുപാട് ശിക്ഷ ഒന്നും കിട്ടില്ല, വിഷമിക്കാതെ ഇരിക്ക്.. കുറച്ചുകഴിയുമ്പോൾ കോടതിയിൽ ഹാജരാക്കും, അവിടുന്ന് റിമാൻഡ്, പിന്നെ തെളിവെടുപ്പ് കഴിഞ്ഞ് കോടതി കേസ് പരിഗണിക്കും,
അയാൾ അവനെ സമാധാനിപ്പിച്ചു…
“അവളെ ഉപദ്രവിക്കുമോ സാർ..?
അവൻ കരഞ്ഞു പോയി…
” താനെന്താടോ ഈ പറയുന്നേ, പണ്ടത്തെപ്പോലെ ഒന്നുമല്ല ഇപ്പോൾ പോലീസ്, അതിനൊക്കെ നിയമങ്ങളുണ്ട്, റിമാൻഡിൽ ഇരിക്കുന്ന ഒരു പ്രതിയെ ഒന്നും ചെയ്യാനുള്ള അവകാശം പോലീസിന് ഇല്ല… മാത്രമല്ല നമ്മൾ എപ്പോഴാ ഒരു പ്രതിയേ ഉപദ്രവിക്കുന്നത്, അവർ കുറ്റം സമ്മതിക്കാതെ വരുമ്പോൾ, അങ്ങനെയൊരു പ്രശ്നം ഇവിടെ ഇല്ലല്ലോ ആ കുട്ടി ആദ്യം മുതൽ തന്നെ ഒരു കാര്യം സമ്മതിക്കുന്നുണ്ട്, നോർമൽ ആയിട്ടുള്ള ചില പ്രൊസീജഴ്സ് മാത്രമേ ബാക്കിയുള്ളൂ, താൻ പോയി ഒരു നല്ല അഡ്വക്കേറ്റിനെ കാണാൻ നോക്ക്, എന്നിട്ട് തന്റെ പെണ്ണിനെ രക്ഷിക്ക്…
എസ് ഐയുടെ വാക്കുകൾ വലിയ സമാധാനം അവനിൽ നിറച്ചു…
” ഞാനൊന്ന് സംസാരിച്ചോട്ടെ സാർ ഒറ്റയ്ക്ക്..!
അവന്റെ അപേക്ഷ അയാൾക്ക് നിരസിക്കാൻ കഴിയുമായിരുന്നില്ല… കാരണം അങ്ങനെ ഒരു അവസ്ഥയിലായിരുന്നു അവൻ,
” അഞ്ചുമിനിറ്റ്..! അതിൽ തീരണം, കാരണം അങ്ങനെയൊരു നിയമമില്ല തനിക്കറിയാലോ, എന്റെ സ്വന്തം റിസ്കിലാണ് …
അയാൾ പറഞ്ഞു…
” അവന് സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു, എല്ലാവരും ഒന്ന് മാറി കൊടുക്ക്…. അവരൊന്നും സംസാരിക്കട്ടെ,
എസ്ഐ പറഞ്ഞപ്പോൾ എല്ലാവരും കുറച്ച് അപ്പുറത്തേക്ക് മാറി തങ്ങളുടെ ജോലിയിൽ വ്യാപൃതരായി…
കിരണും പുറത്തേക്കിറങ്ങിയിരുന്നു, ഒരു സെല്ലിന്റെ അരികിലായി മുഖം കുനിച്ചു നിൽക്കുന്നവളുടെ അരികിലേക്ക് ചെന്ന് എന്ത് സംസാരിക്കണമെന്ന് ആ നിമിഷം അവൻ അറിയുമായിരുന്നില്ല,
” ദിവ്യ….
ഇടറിയ ശബ്ദത്തോടെ അവൻ വിളിച്ചപ്പോൾ നിറഞ്ഞ കണ്ണുകളോടെ അവന്റെ മുഖത്തേക്ക് അവൾ ഒന്നു നോക്കി… ആ നോട്ടം മാത്രം മതിയായിരുന്നു അവനെ അശക്തനാക്കാൻ,
” ഞാൻ നിന്നെ എങ്ങനെയും രക്ഷിക്കും…. അതിനുവേണ്ടി എന്റെ ജീവൻ കൊടുക്കാനും ഞാൻ തയ്യാറാണ്, എന്നെ ശപിക്കല്ലേ മോളെ… എന്നെ സ്നേഹിച്ചു പോയത് തെറ്റിന് നീ ഒരുപാട് അനുഭവിച്ചു….
അവൻ അവളുടെ കാലിൽ വീഴാൻ തുടങ്ങി…
അവൾ പെട്ടന്ന് അകന്നു മാറി..
” അനുവേട്ട, എന്താണ് ഇത് അനുവേട്ടൻ വിഷമിക്കരുത്, എനിക്ക് ഒരു കുഴപ്പവുമില്ല.. എന്റെ അരികിൽ ഇങ്ങനെ നിൽക്കുമ്പോൾ എനിക്ക് ധൈര്യമെല്ലാം ചോർന്നു പോവുകയാണ് അനുവേട്ടനെ കാണുമ്പോൾ എനിക്ക് അനുവേട്ടനോപ്പം വരാൻ തോന്നും, പിന്നെ എനിക്ക് സങ്കടം വരും.. എന്റെ അരികിൽ ഇനി പോലിസ് ആയി അല്ലാതെ വരരുത്, അപേക്ഷ ആണ്, ചെല്ല്…
അവന്റെ ചുവന്ന കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായിട്ട് ഒഴുകിയത് അവൾ കണ്ടു.. അവളുടെ നെഞ്ചാണ് ആ നിമിഷം പിടഞ്ഞത്,
തുടരും.. ❤️