Movie News

100 കോടി ക്ലബ്ബില്‍ ഇടം നേടി വീര്‍ സാറ; ഇത് റീ റിലീസ് ചരിത്രം

ഈ മാസം 13-ാം തീയതിയാണ് വീര്‍ സാറ റീ റിലീസ് ചെയ്തത്

റിലീസ് ചെയ്ത് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചിത്രം ആഗോള ബോക്‌സോഫീസില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കുക എന്ന് പറയുന്നത് വളരെ അപൂര്‍വ്വമാണ്. യഷ് ചോപ്രയുടെ സംവിധാനം ചെയ്ത് ഷാരുഖ് ഖാനും പ്രീതി സിന്റയും മനോഹരമാക്കിയ പ്രണയ കാവ്യം വീര്‍ സാറയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഈ മാസം 13-ാം തീയതിയാണ് വീര്‍ സാറ റി റിലീസ് ചെയ്തത്. ആദ്യം റിലീസ് ചെയ്ത സമയത്ത് ഇന്ത്യയില്‍ നിന്ന് 61 കോടിയും വിദേശത്ത് നിന്ന് 37 കോടിയുമാണ് ചിത്രം നേടിയത്. ഇരുപത് വര്‍ഷത്തിന് ശേഷം സിനിമ വീണ്ടും റിലീസ് ചെയ്തപ്പോള്‍ 2.5 കോടി സ്വന്തമാക്കി. ഇതോടെ ചിത്രം നൂറ് കോടി ക്ലബില്‍ ഇടംനേടി. ചിത്രം ഇപ്പോള്‍ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

യഷ് രാജ് ഫിലിംസ് ആണ് സിനിമ നിര്‍മ്മിച്ചത്. ഡര്‍, ദില്‍ തോ പാഗല്‍ ഹേ എന്നിവയ്ക്ക് ശേഷം ഷാരൂഖിനൊപ്പമുള്ള യഷ് ചോപ്രയുടെ മൂന്നാമത്തെ സിനിമയായിരുന്നു ഇത്. റാണി മുഖര്‍ജി, അമിതാഭ് ബച്ചന്‍, ഹേമ മാലിനി, മനോജ് ബാജ്‌പേയി, ബൊമന്‍ ഇറാനി, കിരണ്‍ ഖേര്‍, അനുപം ഖേര്‍, ദിവ്യ ദത്ത എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ഒരു ഇന്ത്യന്‍ പട്ടാളക്കാരനെയും ഒരു പാക് വനിതയേയും കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്.