ഭാഗം 68
“എന്നോട്… എന്നോട് ഒരു വാക്ക് പോലും പറയാതെ… അത്രയ്ക്ക്… അത്രയ്ക്ക്
.. ഞാൻ…. നിങ്ങൾക്ക് ഒക്കെ അന്യൻ ആയോ ”
“അയ്യോ… എടാ.. അങ്ങനെ ഒന്നും പറയല്ലേ… നി വിഷമിക്കുന്നത് കണ്ടു നിൽക്കാൻ അച്ഛന് കഴിയില്ല മോനേ… അതുകൊണ്ട് അല്ലേ…. അതിന് നി ഇങ്ങനെ ഒക്കെ പറയാതെ..
പെട്ടന്ന് ശോഭ അവനോടായ് പറഞ്ഞു
“ഞാൻ പറഞ്ഞതിൽ എന്താണ് അമ്മേ തെറ്റ്..എന്നോട് ഒന്നും പറയാതെ രണ്ടാളും കൂടി എല്ലാം ചെയ്തു വെച്ചു അല്ലേ.. എന്നിട്ട് എന്നേ വെറും…..”
കണ്ണന്റെ വാക്കുകൾ മുറിഞ്ഞു.
“മോനേ…. നീ ഇനി വേറെ എന്തെങ്കിലും ഒരു ജോലി കണ്ടു പിടിക്കണം… ഈ പാറമടയിൽ പണിക്ക് പോകുന്നത് ഒക്കെ നിർത്തണം.. അച്ഛനും അമ്മയ്ക്കും സത്യം പറഞ്ഞാൽ പേടിയാടാ… നീ പോയിട്ട് വരുന്നത് വരെ ഞങ്ങൾക്ക് ആദി ആണ് ”
“അച്ഛാ… എന്ന് കരുതി എനിക്ക് ഈ പണി നിറുത്തി വേറെ ജോലിക്ക് പോകാൻ ഇപ്പൊ പറ്റുവോ.. അങ്ങനെ ഓടി ചെന്നാൽ കിട്ടാൻ എന്തെങ്കിലും പണി വെച്ചു നീട്ടുമോ ആരേലും ”
“നീ ഇപ്പൊ തത്കാലം ഒരിടത്തേക്കും പോകണ്ട…വീട്ടിൽ നിന്നും വെളിയിൽ ഇറക്കാൻ തന്നെ പേടിയാ ”
“ഈ അമ്മ ഇതു എന്താ ഈ പറയുന്നത്…പൈസക്ക് ആവശ്യം കൂടി വരുന്ന സമയമാ.. അപ്പോളാണ് ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു വരുന്നത്…”
“കല്ലുമോൾടെ കാര്യങ്ങൾക്ക് ഉള്ള പൈസ എങ്ങനെ എങ്കിലും അപ്പോൾ ഒപ്പിക്കാം നമ്മുക്ക്… അതുവരെ ഉള്ള ചിലവും കാര്യോം ഒക്കെ അങ്ങ് നടന്നോളും. നീ ഇനി അത് ഒന്നും ഓർത്തു വിഷമിക്കേണ്ട ”
“ഇപ്പൊ ഇങ്ങനെ തീരുമാനിക്കാൻ എന്ന കാരണം.. ഇന്നലെ നടന്ന കാര്യങ്ങൾ ആണെങ്കിൽ.. അതൊക്ക കഴിഞ്ഞില്ലേ ”
“നിന്നോട് തർക്കിക്കാൻ ഒന്നും ഞങൾ ഇല്ല.. പറയുന്നത് നീ കേട്ടാൽ മതി ”
ഇപ്പോൾ ഇവരോട് രണ്ടാളോടും ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അവനു തോന്നി.
കാരണം അച്ഛനും അമ്മയും കല്ലുവും, ശരിക്കും പറഞ്ഞാൽ താൻ പോലും ഇന്നലത്തെ സംഭവത്തിൽ നന്നായി പേടിച്ചു.. പക്ഷെ എന്ത് ചെയ്യാൻ… അന്നന്നത്തെ അന്നം ഉണ്ടാക്കാൻ പാട് പെടുമ്പോളാണ് ഈ ജോലി നിർത്താൻ ഇവർ പറയുന്നത്.. ഒരു ദിവസം ഓട്ടം കുറഞ്ഞാൽ തന്റെ നെഞ്ചിൽ ഒരു ആന്തൽ ആണ്…
അവൻ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി.
കല്ലു ആണെങ്കിൽ തുണികൾ ഒക്കെ നനച്ചു ഇടുക ആണ്.
ഇത്തിരി സമയം കുനിഞ്ഞു നില്കും, പിന്നെ അല്പം ഒന്നു നടു നിവർക്കും…..
കണ്ണൻ അവളുടെ അടുത്തേക്ക് ചെന്നു.
“നിനക്ക് വയ്യെങ്കിൽ അമ്മ നനച്ചോളും കല്ലു ”
. “എനിക്ക് കുഴപ്പം ഒന്നും ഇല്ല ഏട്ടാ…. ഇടയ്ക്ക് ചെറിയ ശ്വാസതടസം മാത്രം ഒള്ളൂ ”
“അതെന്താ അങ്ങനെ.. നീ ഡോക്ടറോഡ് പറഞ്ഞൊ “…
“മ്മ്.. പറഞ്ഞു… പേടിക്കാൻ ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു.”
“മ്മ്.. എന്തെങ്കിലും വയ്യാഴിക ഉണ്ടെങ്കിൽ നീ പറയണം കേട്ടോ ”
“ആഹ് ”
അവൾ നനച്ച തുണികൾ ഒന്നൊന്നായി എടുത്ത് ബക്കറ്റിലെ വെള്ളത്തിൽ മുക്കി പിഴിഞ്ഞു.
” ഏട്ടൻ അച്ഛനോടും അമ്മയോടും സംസാരിച്ചോ”?
“ഹ്മ്മ് ”
” എന്നിട്ട് എന്തു പറഞ്ഞു അച്ഛൻ”
” നീ റൂമിലേക്ക് വാ… അപ്പോൾ ഞാൻ കാര്യങ്ങളൊക്കെ പറയാം”
” എന്താ ഏട്ടാ…എന്തെങ്കിലും പ്രശ്നമുണ്ടോ”?
“ഹേയ് ഇല്ല
… അമ്മ എങ്ങാനും ഇറങ്ങിവന്നാൽ നമ്മൾ തമ്മിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ അമ്മയ്ക്ക് സങ്കടാവും… അതുകൊണ്ടാണ് ഞാൻ പറഞ്ഞത് നിന്നോട് റൂമിലേക്ക് വരാൻ ”
അവൾ അവന്റെ പിന്നാലെ വരാൻ തുടങ്ങിയതും കണ്ണൻ അവളെ വിലക്കി
” നീയാ തുണി പിഴിഞ്ഞിട്ടിട്ട് വന്നാൽ മതി കല്ലു… ”
അതും പറഞ്ഞു കൊണ്ട് അവൻ വെറുതെ റോഡിലേക്ക് ഇറങ്ങി.
” ഏട്ടൻ ഇതെവിടേക്കാ ”
“ഞാൻ വെറുതെ ഒന്ന് നടന്നിട്ട് വരാം.വീട്ടിൽ ഇരുന്നു മടുത്തു…”
” ഏട്ടൻ തനിച്ച് എങ്ങോട്ടും പോകേണ്ട.. അച്ഛനെ കൂടി ഒപ്പം കൂട്ടിക്കോ”
“എന്തിന്.. ഞാൻ അതിന് കൊച്ചു കുട്ടി ഒന്നും അല്ലാലോ ”
അവൻ അവളെ നോക്കി അല്പം കടുപ്പത്തിൽ പറഞ്ഞു.
“എന്നാലും വേണ്ട…..ഏട്ടനെ തനിച്ചു വിടാൻ സത്യം പറഞ്ഞാൽ ഞങ്ങൾക്ക് പേടിയാ..”
” എന്ന് കരുതി ഞാൻ പോകേണ്ട സ്ഥലത്തൊക്കെ നിങ്ങൾ ആരെങ്കിലും എന്റെ ഒപ്പം വരുമോ. ”
” കുഴപ്പമാകുമോ ഏട്ടാ”
ഉള്ളിലെ പേടി മറച്ചു വയ്ക്കാതെ കല്ലും അവനെ നോക്കി.
” ദേ കല്ലു എന്റെ വായിൽ ഇരിക്കുന്ന ഒന്നും കേൾക്കരുത് കേട്ടോ നീയ്.. ഇപ്പോ അച്ഛനും അമ്മയും ഉപദേശം കഴിഞ്ഞതേയുള്ളൂ.. അടുത്തത് നീയും കൂടി തുടങ്ങിക്കോ.. ഒരുതരത്തിലും വീട്ടിലിരുന്നാൽ സമാധാനം ലഭിക്കില്ല… ”
അതും പറഞ്ഞുകൊണ്ട് അവൻ റോഡിലൂടെ നടന്നു പോയി
നനച്ചു പിഴിഞ്ഞ് തുണികൾ വേഗം അഴയിൽ വിരിച്ചിട്ട് കല്ലു അമ്മയുടെ അടുത്തേക്ക് ചെന്നു.
അവൾക്ക് കുളിക്കുവാനുള്ള വെള്ളം ചൂടാകുവാൻ അടുപ്പത്ത് വച്ചിരിക്കുകയാണ് ശോഭ അപ്പോൾ..
“കുഴമ്പ് തേച്ചു പിടിപ്പിക്കാം മോളെ… വെള്ളം അപ്പോളേക്കും ചൂടാവും ”
ശോഭ കല്ലുവിനോട് പറഞ്ഞു.
“ഹ്മ്മ് ശരി അമ്മേ ”
“അവൻ എന്ത്യേ കിടക്കുവാണോ ”
“അല്ലമ്മേ.. വീട്ടിലിരുന്നു മടുത്തു എന്ന് പറഞ്ഞു ആ റോഡിലേക്ക് ഇറങ്ങി ”
“എങ്ങോട്ടാ പോയത് ”
“എന്നോട് പറഞ്ഞില്ല അമ്മേ… ഇപ്പോൾ എവിടേക്കും പോകണ്ട എന്ന് ഞാൻ പറഞ്ഞതിന് ഏട്ടൻ എന്നോട് ദേഷ്യപ്പെട്ടു ”
“എന്റെ ഈശ്വരാ ഈ ചെക്കനെ കൊണ്ട് തോറ്റു.. “അവർ വേഗം ഫോണ് എടുത്തു കണ്ണനെ വിളിച്ചു.
“എന്താ അമ്മേ “…
അവന്റ ശബ്ദം അമ്മയുടെ അരികത്തായി നിന്ന കല്ലുവും കേ ട്ടു.
“നീ എവിടെ ആണ് കണ്ണാ ”
“ഞാൻ ഇവിടെ ദിനേഷിന്റെ വിട്ടിൽ ഉണ്ട്.. എന്നാ അമ്മേ ”
“ഇങ്ങോട്ട് വാടാ.. വെറുതെ എന്തിനാ അവിടെ പോയി ഇരിക്കുന്നെ ”
“ആഹ് വരാം.. അമ്മ ഫോൺ വെയ്ക്കാൻ നോക്ക് ”
കണ്ണൻ ഫോൺ കട്ട് ചെയ്തു..
“എവിടെയാ അമ്മേ ഏട്ടൻ ”
“രാജമ്മ ചേച്ചിടെ വീട്ടിൽ ഉണ്ട്. ദിനേശൻ ആയിട്ട് വർത്താനം ആണ് ”
“ഹ്മ്മ്… ”
“എന്റെ മോളെ എനിക്ക് പേടിയാ.. അവൻ എങ്ങോട്ട് എങ്കിലും ഇറങ്ങിയാൽ ഇപ്പോൾ മനസിന് വല്ലാത്ത ബുദ്ധിമുട്ട് ”
ശോഭ തന്റെ ഉള്ളിലെ ആകുലത അവളോട് മറച്ചു വെയ്ക്കാതെ പറഞ്ഞു.
“സത്യം പറഞ്ഞാൽ എനിക്കും അങ്ങനെ തന്നെ ആണ് അമ്മേ.. ഒരു സമാധാനവും ഇല്ല…വല്ലാത്ത പേടി.. ഏട്ടന് എന്തെങ്കിലും പറ്റിയാൽ പിന്നെ…”
അത് പറയുകയും കല്ലു കരഞ്ഞു പോയി..
അപ്പോളാണ് ശോഭയ്ക്കും താൻ അവളോട് പറഞ്ഞത് അബദ്ധം ആയി എന്ന് തോന്നിയത്.
“യ്യോ.. ന്റ് മോളെ.. കരയാതെ… അതിന് മാത്രം ഒന്നും അവനു പറ്റിയില്ലലോ.. ഇതു ആളറിയാതെ
… അവനോട് ആരും ഇങ്ങനെ ഒന്നും പെരുമാറില്ല.. അത്രയ്ക്ക് പാവം അല്ലേ അവൻ ”
ശോഭ അവളെ സമാധാനിപ്പിച്ചു.
. പെട്ടന്ന് കല്ലു അവരുടെ നെഞ്ചിലേക്ക് വീണു.
“എനിക്ക്… എനിക്ക് ഒരു മനസമാധാനം ഇല്ല അമ്മേ… ഓർക്കും തോറും പേടിയാ… എന്റെ നെഞ്ച് പൊട്ടുവാ അമ്മേ…. കണ്ണേട്ടൻ…. പാവം… ഈ ഗതി വന്നല്ലോ…. ഞാൻ… എനിക്ക്…. എന്നും എന്റെ ജീവിതത്തിൽ എനിക്ക് ഈശ്വരൻ ദുഃഖം മാത്രം ആണ് തരുന്നത് ”
. അവൾ തന്റെ സങ്കടം മുഴുവൻ അമ്മയുടെ മാറിലേക്ക് വീണു കിടന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു.
“മോളെ….കരയാതെ… നിന്റെ വയറിൽ ഒരു കുഞ്ഞ് ഉണ്ട്.. ഇതൊക്കെ കേൾക്കുമ്പോൾ വാവയ്ക്കും വിഷമം വരും… ”
അവളുട തോളിൽ തട്ടി ശോഭ അശ്വസിപ്പിച്ചു.
പെറ്റമ്മ ഇല്ലാത്ത കുറവ്… അമ്മയുടെ സാന്ത്വനം…… കരുതൽ… സ്നേഹം… ഒന്നും അവൾക്ക് കിട്ടിയിട്ടില്ല. തന്റെ മനസിലെ ദുഖവും വിഷമവും ഒക്കെ ആരോടും പറയാതെ എല്ലാം ഉള്ളിൽ ഒതുക്കി നടക്കുക ആയിരുന്നു അവള്..
“മോളെ…. വിഷമിക്കാതെ… എന്തോ ഒരു കഷ്ടകാലം ആയിരുന്നു അവനു.. ഒക്കെ മാറി പോയി എന്ന് കരുതിയാൽ മതി… നമ്മുടെ കുഞ്ഞുവാവ വന്നു കഴിഞ്ഞു നമ്മൾ രക്ഷപ്പെടും മോളെ.. എല്ലാ പ്രശനവും തീരും… എല്ലാ ബുദ്ധിമുട്ടും ഈശ്വരൻ മാറ്റും…അമ്മയ്ക്ക് ഉറപ്പ് ആണ്… ആ പ്രതീക്ഷ എന്റെ മോൾക്കും വേണം കേട്ടോ….”
അവളുടെ നെറുകയിൽ ശോഭ ഉമ്മ വെച്ചു.
എന്നിട്ട് അവളുടെ മിഴിനീര് തുടച്ചു കളഞ്ഞു.
“മാസം അടുക്കാറായതാ കേട്ടോ.. ഇങ്ങനെ കരഞ്ഞു നിലൊളിച്ചു പ്രഷർ കൂട്ടരുതേ… എല്ലാം കുഞ്ഞിന് കേടാ ”
സ്നേഹത്തോടെ അവർ അവളെ ശാസിച്ചു
“ഇല്ലമ്മേ… ഇനി കരയില്ല… ഇതു എനിക്ക്… എന്റെ സമനില തെറ്റി പോയി.”
“യ്യോ എന്റെ കുഞ്ഞേ… നീ വേണ്ടാത്ത വർത്താനം ഒന്നും പറയല്ലേ..ഈശ്വരനോട് പ്രാർത്ഥിക്ക് കുട്ടി… മനസിന് ധൈര്യം കിട്ടും….”
അവർ അവളുടെ കാലിലൊക്കെ കുഴമ്പ് തേച്ചു കൊടുത്തു.
“മോളെ… നീ ഇവിടെ ഇരിക്ക് കേട്ടോ.. ഞാൻ അല്പം ചെമ്പരത്തി ഇല പൊട്ടിക്കട്ടെ ”
..
ശോഭ വെളിയിലേക്ക് ഇറങ്ങി പോയി
പിന്നമ്പുറത്തേക്ക് വേഗം ചെന്നു നിന്നതും അവരുടെ കണ്ണുനീർ ധാര ധാരയായി ഒഴുകി.
“എന്റെ ഭഗവാനെ… ഞാനും എന്റെ ചേട്ടനും ഒരുപാട് കഷ്ടതകൾ അനുഭവിച്ചു ആണ് ജീവിച്ചത്…എന്നാലും ഞങ്ങളുടെ മക്കൾ ആയിരുന്നു ഞങ്ങൾക്ക് നീ തന്ന നിധി…അവർ മൂന്ന് പേരും ആയിരുന്നു ഇവിടെ സ്വർഗം തീർത്തത്…അതുപോലെ എന്റെ കണ്ണനും കല്ലുവിനും നീയ് നല്ലൊരു കുഞ്ഞിനെ കൊടുക്കണേ… എന്റെ മക്കൾ ഒരുപാട് സങ്കടപ്പെടുന്നുണ്ട്. അത് എല്ലാം നീ മാറ്റി കൊടുക്കണേ… അവർക്ക് നന്മ വരുത്താവൊള്ളെ… എന്റെ മക്കൾക്കും ചേട്ടനും ഒരു ഉറുമ്പ് കടിച്ചു പോലും ഒരു വേദന വരല്ലേ… എന്റെ ജീവൻ എടുത്താലും എനിക്ക് സങ്കടം ഇല്ല.. എന്റെ കുഞ്ഞുങ്ങൾ സമാധാനത്തിൽ കഴിയണേ…”
മൂകമായി ആ അമ്മ മനസു തേങ്ങി.
തോളിൽ ആരോ പിടിച്ചതും ശോഭ ഞെട്ടി തിരിഞ്ഞു നോക്കി.
“എന്താ ചേട്ടാ ”
കണ്ണുനീർ തുടച്ചു കൊണ്ട് അവർ ഭർത്താവിനെ നോക്കി.
“നീ എന്താ കരയുന്നെ ”
അയാൾ ഭാര്യയെ സൂക്ഷിച്ചു നോക്കി.
“ഓഹ്.. ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു….”
അവർ പെട്ടന്ന് അയാളുടെ അടുത്ത് നിന്നും മാറി ചെമ്പരത്തി ഇല പൊട്ടിച്ചു…
“നീ എന്താണ് ഇത്രയ്ക്ക് ആലോചിച്ചേ ”
“ഓഹ്.. കല്ലു മോൾ ആണെങ്കിലവളുടെ വിഷമം പറയുക ആയിരുന്നു ചേട്ടാ… പാവം കുട്ടി.. അമ്മ ഇല്ലാതെ വളർന്നത് അല്ലേ…. ഈ സമയത്തു ഒക്കെ അവൾക്ക് സ്വന്തം അമ്മ ഇല്ലാത്ത വിഷമ കാണും…”
ശോഭ അയാളോടയി പറഞ്ഞു.
തുടരും