ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പട്ടികയില്‍ ഇടം നേടി തെലുങ്ക് താരം ചിരഞ്ജീവി. ഇന്ത്യന്‍ സിനിമയിലെ മോസ്റ്റ് പ്രൊളിഫിക് ഫിലിം സ്റ്റാര്‍ പദവി എന്ന ഗിന്നസ് റെക്കോര്‍ഡ് നേട്ടമാണ് ചിരഞ്ജീവിയെ തേടിയെത്തിരിക്കുന്നത്. 1978 സെപ്റ്റംബര്‍ 22-നാണ് ചിരഞ്ജീവിയുടെ ആദ്യസിനിമ പുറത്തിറങ്ങിയത്. ഇതിന് ആദരമര്‍പ്പിച്ചുകൊണ്ട് ഗിന്നസ് അധികൃതര്‍ കഴിഞ്ഞദിവസം ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുകയും ഗിന്നസ് റെക്കോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
ചിരഞ്ജീവിയുടെ ഗാനങ്ങള്‍ക്കും നൃത്തരംഗങ്ങള്‍ക്കും ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. സിനിമയില്‍ അരങ്ങേറി 46 വര്‍ഷങ്ങള്‍കൊണ്ട് 537 പാട്ടുകളിലാണ് അദ്ദേഹം അഭിനയിച്ചത്. 24,000 നൃത്തച്ചുവടുകളുംവെച്ചു. ഇതാണ് ചിരഞ്ജീവിയെ തേടി ഗിന്നസ് ലോക റെക്കോര്‍ഡ് എത്താന്‍ കാരണം. ചിരഞ്ജീവിയെ ഗിന്നസ് അധികൃതര്‍ ആദരിക്കുന്ന ചടങ്ങില്‍നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മകന്‍ രാംചരണ്‍ തേജയുടെ ഭാര്യയായ ഉപാസന കോനിഡേല പങ്കുവെച്ചു.
ബോളിവുഡ് താരം ആമിര്‍ ഖാനും ചടങ്ങിനുണ്ടായിരുന്നു. ‘ചിരഞ്ജീവിയുടെ ഏതെങ്കിലും ഒരു ഗാനം കാണുകയാണെങ്കില്‍ ഹൃദയം അതിലേക്കിറങ്ങിച്ചെല്ലുന്നതായി അനുഭവിക്കാമെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. ഓരോ ചലനങ്ങളും ആസ്വദിച്ചാണ് ചിരഞ്ജീവി ചെയ്യുന്നത്. അതുകൊണ്ട് പ്രേക്ഷകര്‍ക്ക് അദ്ദേഹത്തില്‍നിന്ന് കണ്ണെടുക്കാനാവില്ല. ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍ ചിരഞ്ജീവിയെ തേടിയെത്തട്ടെ’ ആമിര്‍ ഖാന്‍ പറഞ്ഞു.