14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച നടി വിഭാഗത്തില്‍ ദേശീയ പുരസ്‌കാരം നേടിയ മലയാള നടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന മലയാള ചിത്രത്തിലെ മധ്യവയസ്‌കയായ അമ്മയുടെ വേഷം അവതരിപ്പിച്ചതിന് 2016 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡാണ് സുരഭിക്ക് ലഭിച്ചത്. ആ വര്‍ഷം മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചത് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനായിരുന്നു. ഇപ്പോളിതാ പുരസ്‌കാരദാന ചടങ്ങിനിടയിലെ ഒരു രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് അക്ഷയ് കുമാര്‍.
‘ആദ്യമായി നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഉള്ള ഒരു അനുഭവം പറയാം. ഞാന്‍ ഇതുപോലെ ഇരിക്കുകയായിരുന്നു. എന്റെ അടുത്ത് ഒരു പെണ്‍കുട്ടി വന്ന് ഇരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു, സാര്‍ ഞാന്‍ നിങ്ങളുടെ ഒരു വലിയ ഫാന്‍ ആണെന്ന്. അവള്‍ ഒരു മലയാളം അഭിനേത്രിയായിരുന്നു. എനിക്ക് അവാര്‍ഡ് കിട്ടിയതില്‍ എന്നെ അവള്‍ അഭിനന്ദിക്കുകയും ചെയ്തു. ആ സമയത്ത് നാഷണല്‍ അവാര്‍ഡ് കിട്ടിയ അഭിമാനത്തിലായിരുന്നു ഞാന്‍. കുറച്ച് കഴിഞ്ഞ് അവള്‍ എന്നോട് ചോദിച്ചു, സര്‍ എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന്.’
‘ഞാന്‍ പറഞ്ഞു 135 പടങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന്. അപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു എത്ര സിനിമ ചെയ്തിട്ടുണ്ട് എന്ന്. അവള്‍ പറഞ്ഞു, സാര്‍ ഇത് എന്റെ ആദ്യത്തെ പടം ആണെന്ന്. അവള്‍ ആദ്യത്തെ പടത്തില്‍ തന്നെ വന്നിട്ട് നാഷണല്‍ അവാര്‍ഡ് കൊണ്ടുപോയാല്‍ ഞാന്‍ എന്ത് പറയാനാണ്. അത് എനിക്ക് വളരെ ചമ്മല്‍ ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു’, അക്ഷയ് കുമാര്‍ പറഞ്ഞു.
2003-ല്‍ പുറത്തിറങ്ങിയ പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മീരാ ജാസ്മിനായിരുന്നു സുരഭിക്ക് മുമ്പ് ഈ അംഗീകാരം നേടിയ നടി. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ആറാമത്തെ മലയാള നടിയാണ് സുരഭി. റിയാലിറ്റി ടിവി മത്സരാര്‍ത്ഥിയായാണ് സുരഭി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ‘ബെസ്റ്റ് ആക്ടര്‍’ എന്ന ഷോയില്‍ വിജയിച്ചതിന് ശേഷം, തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, ഗുല്‍മോഹര്‍, പുതിയ മുഖം തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചു. 2005ല്‍ ജയരാജ് സംവിധാനം ചെയ്ത ബൈ ദ പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് സുരഭി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
story highlights: Akshay Kumar about Surabhi Lakshmi