Celebrities

‘അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ എന്നോട് ആത്മാര്‍ത്ഥമായി മാപ്പ് പറയണം’: തന്റെ ലക്ഷ്യങ്ങള്‍ വ്യത്യസ്തമാണെന്ന് നടി സിമ്രാന്‍

അതാണ് ഈ സാഹചര്യത്തിന് ഏറ്റവും അനുയോജ്യം

എച്ച്.വിനോദ് ഒരുക്കുന്ന ദളപതി 69-ല്‍ ഒരു പ്രധാനവേഷം അവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ സിമ്രാനെ കണ്ടേക്കും എന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രിയമാനവളേ, വണ്‍സ് മോര്‍, തുള്ളാത മനവും തുള്ളും, ഉദയാ എന്നീ ചിത്രങ്ങളില്‍ മുന്‍പ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി സിമ്രാന്‍.

‘ഏതെങ്കിലും വലിയ നായകന്മാര്‍ക്കൊപ്പം അണിനിരക്കാനും പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നില്ലെന്ന് ഇപ്പോള്‍ വ്യക്തമാക്കുകയാണ്. സിനിമയില്‍ വലിയ നടന്മാര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്. എന്നാല്‍ എന്റെ ലക്ഷ്യങ്ങള്‍ ഇപ്പോള്‍ വ്യത്യസ്തമാണ്, ഒരു സ്ത്രീ എന്ന നിലയിലുള്ള അതിരുകള്‍ എനിക്കറിയാം. മറ്റൊരാളുടെ പേരുമായി ചേര്‍ത്ത് എന്റെ പേരുവരുമ്പോഴെല്ലാം ഇക്കണ്ട വര്‍ഷങ്ങളത്രയും ഞാന്‍ മിണ്ടാതിരിക്കുകയായിരുന്നു. ആത്മാഭിമാനമാണ് ആദ്യം വേണ്ടത്. നിര്‍ത്തുക എന്നത് വളരെ ശക്തിയുള്ള വാക്കാണ്.’

‘അതാണ് ഈ സാഹചര്യത്തിന് ഏറ്റവും അനുയോജ്യം. ഈ കിംവദന്തികള്‍ക്ക് അറുതിവരുത്താന്‍ ആരും വരികയോ ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ആരും എന്റെ വികാരങ്ങളെന്താണെന്ന് ശ്രദ്ധിച്ചില്ല. എന്റെ പേരിന്റെ പ്രയോജനം ഞാനൊരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ല. ഞാന്‍ എപ്പോഴും ശരിക്ക് വേണ്ടി ഉറച്ചു നിന്നു. ഇന്‍ഡസ്ട്രിയിലെ വിവേകമുള്ള ആളുകളില്‍ നിന്നും ഇതേ ആര്‍ജവം ഞാന്‍ പ്രതീക്ഷിക്കുന്നു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ എന്നോട് ആത്മാര്‍ത്ഥമായി മാപ്പ് പറയണം.’ സിമ്രാന്‍ പറഞ്ഞു.