ബോളിവുഡിന്റെ പ്രിയ താരജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരുടെയും മകൾ റാഹ കപൂറും ബോളിവുഡിലെ ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്. റാഹയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കിടയിൽ പലപ്പോഴും വൈറലാകാറുമുണ്ട്. മകളെ ഉറക്കാൻ ബോളിവുഡ് താരം രൺബീർ കപൂർ മലയാളം താരാട്ടു പാട്ട് പഠിച്ചെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ ഭട്ട്. അടുത്തിടെ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആലിയ നടത്തിയ രസകരമായ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
View this post on Instagram
ആലിയയുടെ വാക്കുകൾ ഇങ്ങനെ: ‘ഞങ്ങളുടെ നഴ്സ് കുഞ്ഞിന് ചെറുപ്പം മുതൽ പാടി കൊടുക്കുന്ന ഒരു താരാട്ടു പാട്ട് ഉണ്ട്. ഉണ്ണി വാവാവോ… പൊന്നുണ്ണി വാവാവോ… എന്ന മലയാളം പാട്ട്. ഇപ്പോൾ റാഹയ്ക്ക് ഉറങ്ങണമെങ്കിൽ അവൾ പറയും, മമ്മ വാവോ പപ്പ വാവോ, അതിനർഥം, അവൾക്ക് ഉറങ്ങണമെന്നാണ്. രൺബീർ ഇപ്പോൾ ആ പാട്ട് പഠിച്ചെടുത്തു’
താരദമ്പതികളുടെ മകൾ മലയാളം താരാട്ടു പാട്ടു കേട്ടാണ് ഉറങ്ങുന്നതെന്ന രസകരമായ വിവരം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആലിയ ഇക്കാര്യം പറയുന്നതും ആദ്യ വരികൾ പാടിയതും മലയാളികൾ ആഘോഷമാക്കി. റാഹ ആദ്യമായി അമ്മയെന്ന് വിളിച്ച സന്ദർഭത്തിനെ കുറിച്ചും, അമ്മയുടെ റോൾ തന്നിൽ ഒരുപാട് മാറ്റം ഉണ്ടാക്കിയതായും സ്വന്തം കാര്യം ചെയ്യാൻ പലപ്പോഴും സമയം ലഭിക്കാറില്ലെന്നും താരം കൂട്ടിച്ചേർത്തു. വിഡിയോയുടെ കമന്റ് ബോക്സ് നിറയെ മലയാളത്തിലുള്ള രസകരമായ പ്രതികരണങ്ങളാണ്.
1991ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘സാന്ത്വനം’ ചിത്രത്തിനായി കൈതപ്രം – മോഹൻ സിത്താര കൂട്ടുകെട്ടിൽ ഒരുങ്ങി കെ. എസ് ചിത്ര ആലപിച്ച ‘ഉണ്ണി വാവാവോ…’ എന്ന ഗാനം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
STORY HIGHLIGHT: Ranbir kapoor learned malayalam song