കോട്ടയം: കുമരകം കൈപ്പുഴമുട്ടിൽ കാർ പുഴയിൽ വീണ് രണ്ട് പേർ മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മഹാരാഷ്ട്ര സ്വദേശിനി സായലി രാജേന്ദ്ര സർജി (27), മഹാരാഷ്ട്രയിൽ സ്ഥിരതാമസക്കാരനായ കൊല്ലം ഓടനാവട്ടം സ്വദേശി ജയിംസ് ജോർജ് എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 8.45 നായിരുന്നു സംഭവം. കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സർവീസ് റോഡ് വഴി നേരെ ആറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
കാറിൽ ഉണ്ടായിരുന്നവരുടെ നിലവിളികേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ കാർ കണ്ടെത്തിയിരുന്നു. ചെളി നിറഞ്ഞ നിലയിലായിരുന്നു കാർ. തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്.
ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
കൃത്യമായ വെളിച്ചമോ സൂചനാ ബോർഡോ പ്രദേശത്ത് ഇല്ലാത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണോ വാഹനം ഓടിച്ചതെന്ന സംശയമുണ്ടെന്നും ഇവർ പറയുന്നു.