മലയാള സിനിമ ചരിത്രത്തിലെ വലിയ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു രാജമാണിക്യം. തിരുവനന്തപുരം സ്ലാങ്ങിലുളള രാജമാണിക്യത്തിലെ മമ്മൂക്കയുടെ ഡയലോഗുകളെല്ലാം ഇപ്പോഴും കൊച്ചുകുട്ടികള്‍ക്ക് പോലും കാണാപ്പാഠമാണ്. ഇപ്പോളിതാ രാജമാണിക്യത്തില്‍ മമ്മൂക്കയ്ക്ക് ഡയലോഗ് പറഞ്ഞുകൊടുത്തത് താനാണ് എന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമ്മൂട്.
‘എന്റെ കല്ല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആന്റോ ജോസഫ് വിളിക്കുന്നു. എന്നിട്ട് എന്നോട് പറഞ്ഞു മമ്മൂക്കയെ ഒന്ന് വിളിക്കണം, നമ്പര്‍ ഇതാണ് എന്ന്. രാജമാണിക്യം എന്ന സിനിമയുടെ ഷൂട്ടിംഗ് അപ്പോള്‍ ജനുവരി ഫെബ്രുവരി സമയത്ത് എന്തോ ആണെന്ന് തോന്നുന്നു. അപ്പോള്‍ പ്രോഗ്രാമുകള്‍ ഞാന്‍ കൊടുത്തേക്കുന്ന സമയമാണ്. ആ സമയത്ത് എന്റെ ആകെയുള്ള വരുമാനം സ്റ്റേജ് ഷോയാണ്. വിവാഹവും കഴിഞ്ഞു. അങ്ങനെ സ്റ്റേജ് ഷോ എല്ലാം കട്ട് ചെയ്തിട്ട് ഞാന്‍ നേരെ പോയി. ഷാഹിദ് ഇക്ക എഴുതിവെക്കും, അത് ഞാന്‍ തിരുവനന്തപുരം സ്ലാങ്ങിലേക്ക് മാറ്റണം. മാറ്റിയാല്‍ മാത്രം പോരാ.. നാളെ എടുക്കേണ്ടത് ഇന്ന് രാത്രി ചെന്നിട്ട് സംസാരിച്ചു കൂടി കൊടുക്കണം. അപ്പോള്‍ ലൊക്കേഷനില്‍ ചെന്നിട്ട് വിട്ടുപോകുന്നതെല്ലാം പറഞ്ഞു കൊടുക്കണം. അപ്പോള്‍ എന്നോട് ചേട്ടന്‍ പറഞ്ഞു, മമ്മൂക്കയുടെ റൂമില്‍ പോകാം എന്ന്. ഞാന്‍ എന്തായാലും പഠിപ്പിക്കാന്‍ ആയിട്ട് വന്നതല്ലേ എന്ന ബലത്തില്‍ ഇങ്ങനെ നില്‍ക്കുകയാണ്.’
‘അപ്പോഴാണ് കോസ്റ്റ്യൂം കൊണ്ട് ഒരാള്‍ ആദ്യം വന്നത്. കോസ്റ്റിയൂം ഇട്ടു കഴിഞ്ഞിട്ട് അദ്ദേഹം പറഞ്ഞു, എന്താടാ ഇത് ഇങ്ങനാണോ അടിച്ചു വെക്കുന്നത്.. അവിടെ പിടിച്ചിരിക്കുന്നു എന്നൊക്കെ. ഇവിടെ നിന്നാല്‍ ഇനി പണി പാളും എന്ന് ഞാന്‍ വിചാരിച്ചു. അപ്പോള്‍ ചേച്ചി എന്തോ എക്‌സ്‌ക്യൂസ് പറഞ്ഞപ്പോള്‍ മമ്മൂക്ക വീണ്ടും പറഞ്ഞു നിനക്ക് എന്തറിയാം എന്ന്. അപ്പോള്‍ ഞാന്‍ വിചാരിച്ചു ദൈവമേ ഭാര്യയോട് പോലും ഇത്രയും ദേഷ്യപ്പെടുന്നു.. ഇനി ഇവിടെ ഇരുന്നിട്ട് കഥയില്ല എന്ന് മനസ്സിലായി.. ഞാന്‍ പറഞ്ഞു, ഞാന്‍ പിന്നെ വരാം എന്ന്. അപ്പോള്‍ മമ്മൂക്ക എന്നോട് പറഞ്ഞു ഇരിക്കെടാ അവിടെ എന്ന്.’ സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു.
story highlights: Suraj Venjaramoodu about Mammootty