കോട്ടയം: പാലായിൽ അപകടശേഷം അടിയിൽപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി സഞ്ചരിച്ചത് 8 കിലോമീറ്ററിലധികം ദൂരം. ഇന്നലെ അർദ്ധരാത്രി ആയിരുന്നു സംഭവം. പാലാ ബൈപ്പാസിൽ തങ്ങളുടെ നിർത്തിയിട്ട സ്കൂട്ടറിൽ സംസാരിച്ചുകൊണ്ടിരുന്ന യുവാക്കളുടെ മുകളിലേക്ക് ടോറസ് ലോറി പാഞ്ഞു കയറുകയായിരുന്നു. മേവട സ്വദേശികളായ അലൻ കുര്യൻ(26), നോബി (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണു.
യുവാക്കളെ ഇടിച്ചിട്ടതിനുശേഷം ലോറിയുമായി ഡ്രൈവർ കടന്നുകളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള വീടിന് മുകളിൽനിന്ന് യുവാവ് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോറി അടിയിൽ കുടുങ്ങിയ സ്കൂട്ടർ വലിച്ചിഴച്ചുകൊണ്ട് പോകുന്നതും റോഡരികിൽ യുവാവ് പരിക്കേറ്റ് കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ശസ്ത്രക്രിയ കഴിഞ്ഞു.
മരങ്ങാട്ടുപള്ളിയിലെ ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചായിരുന്നു ലോറി നിന്നത്. ഈ സമയം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പാലാ പൊലീസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. ലോറി ഡ്രൈവറെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാൾ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലോറിയിൽനിന്നു മദ്യക്കുപ്പികൾ കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു.