മലയാളികളെല്ലാം ഓണമാഘോഷിച്ച് കഴിഞ്ഞ് വീണ്ടും തിരക്കേറിയ ജീവിതത്തിലേക്ക് കടന്നപ്പോഴാണ് KSRTC മാനേജ്‌മെന്റിന് നേരം വെളുത്തത്. ഫെസ്റ്റിവലൊക്കെ കഴിഞ്ഞാലും അലവന്‍സ് കൊടുക്കുന്നതു തന്നെ ഒരു “ഫെസ്റ്റിവല്‍” ആ
ക്കിയിരിക്കുകയാണ് KSRTC. ഇന്നലെ ധനവകുപ്പ് 20 കോടിരൂപ അനുവദിച്ചതോടെയാണ് ‘അലവന്‍സ് ഫെസ്റ്റിവലിന്’ കൊടിയേറിയത്. അതിന്റെ പിന്നാലെ വകുപ്പുമന്ത്രി ഗണേഷ്‌കുമാര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ, അലവന്‍സ് എപ്പോള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ മാസം 30നു ശേഷം എപ്പോള്‍ വേണമെങ്കിലും വിതരണം ചെയ്യുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഓണത്തിന് മുഴുവന്‍ ശമ്പളവും ഒരുമിച്ചു കിട്ടിയതു കൊണ്ട് അലവന്‍സിനെ കുറിച്ച് ചിന്തിക്കാത്ത തൊഴിലാളികളുടെ ഇപ്പോഴുള്ള ചിന്ത മുഴുവന്‍ അലവന്‍സിനെ കുറിച്ചാണ്.
കാരണം, മാസ അവസാനം നല്‍കുന്ന ‘അലവന്‍സില്‍ കെണി’യുണ്ടോ എന്നൊരു ശങ്കയാണ് തൊഴിലാളികള്‍ക്ക്. അടുത്തമാസം അഞ്ചിനും പത്തിനും ഇടയില്‍ മുഴുവന്‍ ശമ്പളവും വിതരണം ചെയ്യാന്‍ കഴിയുമോ എന്നതാണ് ആശങ്കയ്ക്കു കാരണം. മന്ത്രിയുടെയും സര്‍ക്കാരിന്റെയുമൊക്കെ പ്രഖ്യാപനങ്ങള്‍ അങ്ങനെയുള്ളതായിരുന്നു. ഓണത്തിനു മുമ്പ് മുഴുവന്‍ ശമ്പളവും ഒറ്റത്തവണയായി നല്‍കിയതിന്റെ പേരിലായിരുന്നു, ഫെസ്റ്റിവല്‍ അലവന്‍സ് 10 ദിവസം വൈകിയത്. ഇനി ഫെസ്റ്റിവല്‍ അലവന്‍സ് കിട്ടിയതിന്റെ പേരില്‍ ശമ്പളം വൈകിക്കുമോ എന്നു ഭയക്കുന്ന തൊഴിലാളിയെ കുറ്റം പറയാനൊക്കില്ല.
പക്ഷെ KSRTCയില്‍ ഇപ്പോള്‍ ഉരുണ്ടുകൂടിയിരിക്കുന്നത് മറ്റൊരു പ്രശ്‌നമാണ്. അംഗീകാരമില്ലാത്ത തൊഴിലാളി സംഘടനകളും മന്ത്രിയുടെ പ്രഖ്യാപനവുമാണ് വലിയ വിവാദത്തിലേക്ക് നീങ്ങുന്നത്. ADGP എം.ആര്‍. അജിത് കുമാര്‍-RSS കൂടിക്കാഴ്ചയുടെ പേരിലും തൃശൂര്‍ പൂരം കലക്കിയതിന്റെ പേരിലും CPM-CPI സംഘട്ടനം നടക്കുമ്പോഴാണ് KSRTCയിലും സമാന രീതിയിലുള്ള സംഘട്ടനത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്. അതും ‘അലവന്‍സ് ഫെസ്റ്റിവലിന്റെ’ പേരില്‍. വൈകിയാണെങ്കിലും ഫെസ്റ്റിവല്‍ അലവന്‍സ് കിട്ടുന്നതിന്റെ സന്തോഷം തൊഴിലാളികള്‍ക്കുണ്ട്. എന്നാല്‍, അലവന്‍സ് അനുവദിക്കുന്നത് CITU വുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായിട്ടാണെന്ന മന്ത്രിയുടെ പ്രഖ്യാപനം KSRTCയിലെ മറ്റു തൊഴിലാളി സംഘടനകള്‍ക്ക് കടുത്ത വിയോജിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ CPIയുടെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍(AITUC) ജനറല്‍ സെക്രട്ടറി എം.ജി. രാഹുല്‍ കടുത്ത ഭാഷയില്‍ മന്ത്രിയോട് വിയോജിപ്പ് അറിയിച്ചിരിക്കുകയാണ്.
മന്ത്രി ആരുടെയെങ്കിലും വക്താവാകാന്‍ ശ്രമിക്കുന്നത്, ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കുന്നതല്ലെന്നും പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ച ഏകപക്ഷീയ അഭിപ്രായം തിരുത്തണമെന്നും AITUC ആവശ്യപ്പെടുന്നുണ്ട്. KSRTCയില്‍ 35 ശതമാനം വരുന്ന CITUക്കാരെ മാറ്റി നിര്‍ത്തിയാല്‍ ബാക്കി 65 ശതമാനത്തിനെ വിശ്വസിക്കുന്ന സംഘടനകളുണ്ട്. അവര്‍ക്ക് KSRTCയില്‍ ഒരു പ്രാധാന്യവും ഇല്ലെന്ന നിലയില്‍ മന്ത്രിയുടെ ബോധം നഷ്ടപ്പെട്ടു പോകരുതെന്നും അദ്ദേഹം പറയുന്നു. ഇന്നലെ മന്ത്രി നടത്തിയ പ്രഖ്യാപനത്തില്‍ CITU നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കാന്‍ തീരുമാനിച്ചതെന്നു പറഞ്ഞിരുന്നു. ഇതാണ് AITUCയെ പ്രകോപിപ്പിച്ചത്.
തൊഴിലാളികള്‍ക്ക് അലവന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യം കത്തു നല്‍കിയത് AITUC ആണെന്നും, അതിനു ശേഷം മറ്റു സംഘടനകളും കത്തു നല്‍കിയിരുന്നു. അവസാനമാണ് CITU കത്ത് നല്‍കിയത്. എന്നിട്ടും, സംഘടനകളുമായി ഇതുവരെ മാനേജ്‌മെന്റോ മന്ത്രിയോ ചര്‍ച്ച നടത്തിയിട്ടില്ല. എന്നാല്‍, ഇന്നലെ CITU നേതാക്കളുമായി കൂടിക്കാഴ്ച നത്തിയ ശേഷം ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കുന്നുവെന്ന മന്ത്രിയുടെ പ്രസ്താവന ആരോ പറഞ്ഞു പറയിക്കുന്നതു പോലെ തോന്നിക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നു. അങ്ങനെ ഓണം കഴിഞ്ഞ് വൈകി അനുവദിക്കപ്പെട്ട ഫെസ്റ്റിവല്‍ അലവന്‍സ് KSRTCയില്‍ ഒരേ സമയം വില്ലനും നായകനും ആയി മാറിയിരിക്കുകയാണ്.
മന്ത്രി ഗണേഷ്‌കുമാറിന്റെ പ്രഖ്യാപനം ഇങ്ങനെ
KSRTC ജീവനക്കാരേ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത കൂടി. നമുക്ക് വളരെ നല്ലനിലയില്‍ ഓണത്തിന് ശമ്പളം നല്‍കാന്‍ കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കളുടെ ആഗ്രഹമായിരുന്നു ഒരുമിച്ച് ശമ്പളം നല്‍കുക എന്നുള്ളത്. കഴിഞ്ഞ രണ്ടുമൂന്നാഴ്ചയായി ആത്മാര്‍ത്ഥയോടെ ജോലി ചെയ്യുന്നുണ്ട്. പല ഡിപ്പോകളെയും ലാഭത്തിലേക്കും ലാഭനഷ്ടമില്ലാത്ത നിലയിലേക്കും എത്തിച്ചിട്ടുണ്ട്. അതിന് KSRTCയിലെ എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുകയാണ്. അതിന് എല്ലാവരോടും നന്ദി അറിയിക്കുന്നു. CITUവിന്റെ ടി.പി രാമകൃഷ്ണന്‍ MLA, ഹരികൃഷ്ണന്‍, ഹണി ബാലചന്ദ്രന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. CITUവിന്റെ ഒരു റിക്വസ്റ്റ് ഉണ്ടായിരുന്നു. ഫെസ്റ്റിവല്‍ അലവന്‍സ് വേണമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. വളരെ ബുദ്ധിമുട്ടിയാണെങ്കിലും ഫെസ്റ്റിവല്‍ അലവന്‍സ് ഈ മാസം 30 കഴിഞ്ഞാല്‍ ഉടന്‍ നല്‍കും. ചര്‍ച്ച വിജയകരമായിരുന്നു. സാമ്പത്തിക സ്ഥിതി മോശമായിരുന്നിട്ടും, CITU ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചപ്പോള്‍ അത് പരിഗണിച്ചത്.
എം.ജി രാഹുലിന്റെ മറുപടി KSTEU ജനറല്‍ സെക്രട്ടറി(AITUC)
ഗതാഗതവകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നടത്തിയ ഫേസ്ബുക്ക് വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഫെസ്റ്റിവല്‍ അലവന്‍സ് കൊടുക്കാന്‍ അദ്ദേഹം KSRTEA(CITU) നേതാക്കളുമായി ചര്‍ച്ച നടത്തി തീരുമാനമെടുത്ത വിവരം അറിയിച്ചു. ആരുമായിട്ട് ചര്‍ച്ച നടത്തിയാലും, KSRTC തൊഴിലാളികള്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നത് സ്വാഗതാര്‍ഹമാണ്. അതിലൊരു തെറ്റും കാണുന്നില്ല. വൈകിഉദിച്ച വിവേകമാണെങ്കിലും, അത് നല്ലകാര്യം തന്നെയാണെന്ന് AITUC എന്ന നിലയില്‍ മനസ്സിലാക്കുന്നു. ഒരുകാര്യം മന്ത്രിയുടെയും മാനേജ്‌മെന്റിന്റെയും ശ്രദ്ധയില്‍പ്പെടുത്താനുള്ളത്, KSRTCയിലെ അംഗീകാരത്തിന്റെ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി. സ്വാഭാവികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ യൂണിയനുകളും എന്ന നിലയിലോ, അതല്ലെങ്കില്‍ ആര്‍ക്കും അംഗീകാരമില്ലാത്ത യൂണിയനുകളോ എന്ന നിലയിലുമാണ് സര്‍ക്കാരും മാനേജ്‌മെന്റും കാണേണ്ടത്.
ഏത് സംഘടനയുമായി ചര്‍ച്ച ചെയ്യണം എന്നത് മന്ത്രിയുടെ പോര്‍ട്ട്‌ഫോളിയോ ആണ്. അത് അദ്ദേഹം നിശ്ചയിച്ചോട്ടെ. പക്ഷെ, ഓണക്കാല ആനുകൂല്യങ്ങളെ സംബന്ധിച്ച് നിയമപരമായി ബോണസ് എന്നു പറയുന്നത് ഒരു സ്റ്റാറ്റിയൂട്ടറി സംവിധാനമാണ്. ബോണസ് ഇല്ലാത്തവര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് കൊടുക്കുമ്പോള്‍ അതും നിയമത്തിന്റെ ഭാഗമായി വരും. അത് സംബന്ധിച്ച് തൊഴിലാളി സംഘടനകളുമായി ഒരു ചര്‍ച്ച നടത്തണം എന്ന് ആദ്യമായി കത്തു കൊടുത്ത സംഘടനയാണ് AITUC. ഞങ്ങള്‍ കത്തു കൊടുത്തതിനു ശേഷം മാത്രമാണ് TDF, BMS കത്തു കൊടുത്തത്. അതിനു ശേഷമാണ് CITU കത്തു കൊടുക്കുന്നത്. കത്തു കൊടുക്കുന്നതിന്റെ തീയതിക്ക് പ്രാധാന്യമുണ്ടോ എന്നതിനപ്പുറം, അങ്ങനെയൊരു ഡിമാന്റ് ആദ്യമായി ഉന്നയിച്ചത് AITUC ആണ്.
മന്ത്രിക്കും, ലേബര്‍ കമ്മിഷണര്‍ക്കും KSRTC എംഡിക്കും കത്തു നല്‍കി. മാനേജ്‌മെന്റിനോട് നേരിട്ടാവശ്യപ്പെട്ടു. ബോണസും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കേണ്ടതിന്റെ ഉത്തരവാദിത്വം മാനേജ്‌മെന്റിന്റേതാണ്. അവിടെ മറ്റൊരു സംഘടനയുമായി ചര്‍ച്ച ചെയ്യാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. ആവര്‍ത്തിച്ച് മൂന്നു തവണയാണ് എം.ഡിയെ കണ്ട് ചര്‍ച്ച നടത്തണമെന്നും, തീരുമാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍, ചര്‍ച്ചയൊന്നും ഉണ്ടായില്ല. പക്ഷെ, CITUമായി മന്ത്രി കൂടിയാലോചന നടത്തിയാലും, ഒരു മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി അത് പുറത്തു വരുമ്പോള്‍ ഏതെങ്കിലും ഒരു സംഘടനയെ അത് അഡ്രസ്സ് ചെയ്തുകൊണ്ട് അവര്‍ ആവശ്യപ്പെട്ടതുകൊണ്ടു മാത്രം കൊടുക്കുന്നു എന്ന നിലയിലേക്ക് ആ വര്‍ത്തമാനം ചുരുങ്ങുന്നത്, നല്ലതാണോ എന്ന് മന്ത്രി ആലോചിക്കണം. അത് നല്ലതല്ല, അങ്ങനൊരു കീഴ് വഴക്കം KSRTCയെ സംബന്ധിച്ചിടത്തോളം ഇല്ല. അത് പുതുതായി ഉണ്ടാക്കാന്‍ ശ്രമിക്കുന്നൊരു കീഴ് വഴക്കമാണെങ്കില്‍ അതിനോട് യോജിപ്പുമില്ല.
മന്ത്രി തന്നെ സൂചിപ്പിച്ച KSRTCയുടെ വരുമാന വര്‍ദ്ധനവ് ഏതെങ്കിലും ഒരു പ്രത്യേക സംഘടന മല്‍പ്പിടുത്തം നടത്തി ഉണ്ടാക്കി എടുത്തതല്ല. KSRTCയിലെ ആകെ തൊഴിലാളികളില്‍ 35 ശതമാനം ഉള്ള ഒരു വലിയ സംഘടന എന്ന രീതിയില്‍ CITUവിനെ മാറ്റി നിര്‍ത്തുമ്പോള്‍, ബാക്കി 65 ശതമാനമുള്ള തൊഴിലാളികള്‍, അവര്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന മറ്റു തൊഴിലാളി സംഘടനകള്‍ കൂടി ഉണ്ട് എന്ന ബോധം മന്ത്രി കാണിക്കണം. അവരും കൂടി മല്‍പ്പിടുത്തം നത്തിയതാണ്. മന്ത്രി അഡ്രസ്സ് ചെയ്യാതെ പോയ, പറയാതെ പോയ 65 ശതമാനത്തോളം വരുന്ന തൊഴിലാളികള്‍ കൂടി ആത്മാര്‍ത്ഥമായി പണിയെടുത്തിട്ടാണ് KSRTCക്ക് നേട്ടം ഉണ്ടാക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗം സംഘടനയില്‍പ്പെട്ടവര്‍ മാത്രം നടത്തിയ പണിയല്ല എന്നുള്ള ഒരു മിനിമം ബോധം മന്ത്രി കാണിക്കണമായിരുന്നു. അത് കാണിക്കാത്തതിനെ എതിര്‍ക്കാത്തതും, സ്ഥാപനത്തിനെതിരേ ശബ്ദിക്കാത്തതും ദൗര്‍ബല്യമായി കാണരുത്.
മന്ത്രി ആരുടെയെങ്കിലും വക്താവാകാന്‍ തയ്യാറാകുന്നെങ്കില്‍, അത് ഇരിക്കുന്ന സ്ഥാനത്തിന് ഉചിതമല്ല. ആ പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാകില്ല എന്നറിയാം, എന്നാല്‍ അതിലുള്ള പ്രതിഷേധം അറിയിക്കുന്നു. എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്കു വിളിക്കാമായിരുന്നു. അതല്ലെങ്കില്‍ സംഘടനകളുമായി ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനിമായി പറയാമായിരുന്നു. അല്ലാതെ ഒരു സംഘടനയുടെ ആവശ്യമായി പറഞ്ഞത്, ആര്‍ക്കോവേണ്ടി പറഞ്ഞതുപോലെ തോന്നി. ആരോ പറഞ്ഞു പറയിക്കുന്നതു പോലെ തോന്നിയത് മന്ത്രി ഇരിക്കുന്ന സ്ഥാനത്തിന് നാണക്കേടാണ്. അത് ബോധ്യപ്പെടണം. ആ നിലപാട് തിരുത്തണം.
ഒരു കാര്യം പ്രത്യേകം മനസ്സിലാക്കണം, ഇവിടെ രണ്ടു സംഘടനകള്‍ തമ്മിലുള്ള ചക്കളത്തിപ്പോരാണ് നടക്കുന്നത്. ഫെസ്റ്റിവല്‍ അലവന്‍സ് വാങ്ങിത്തന്നത് ഞങ്ങളുടെ ശ്രമഫലമാണെന്ന് കാണിക്കാനുള്ള പോര്. പക്ഷെ, ആ പോരില്‍ കള്ളക്കളി നടത്തി കളം പിടിച്ചത് CITU ആണ്. ഇത് KSRTCയിലെ തൊഴിലാളി സംഘടനകള്‍ തമ്മിലുള്ള വലിയ പോരാട്ടത്തിന്റെ തുടക്കമായിരിക്കുമെന്നുറപ്പിക്കാം. വരാനിരിക്കുന്ന ശമ്പള പ്രശ്‌നത്തിലും തുടര്‍ന്നുണ്ടാകാന്‍ പോകുന്ന സര്‍വ്വ ഗുലുമാലുകളിലും യൂണിയനുകള്‍ തമ്മിലുള്ള ചക്കളത്തിപ്പോരുണ്ടാകും. മറ്റൊരു കാര്യം, ഗണേഷ്‌കുമാാറിന്റെ പ്രഖ്യാപനത്തിലെ CITU പരാമര്‍ശമാണ്.
അംഗീകാരമില്ലാത്ത സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുത്തുവെന്ന് മന്ത്രി പറയുമ്പോള്‍ അതില്‍ ഒരു പിശകുണ്ട്. KSRTCയില്‍ ഒരു സംഘടനകള്‍ക്കും അംഗീകാരമില്ലെന്നിരിക്കെ, മന്ത്രി എങ്ങനെയാണ് ഒരു സംഘടനയുമായി മാത്രം ചര്‍ച്ച നടത്തി തീരുമാനമെടുത്തത് എന്ന ചോദ്യം പ്രസക്തമാണ്. മറ്റു തൊഴിലാളി സംഘടനകള്‍ കത്തു നല്‍കിയരുന്നോ. എന്തുകൊണ്ടാണ് ആ സംഘടനകളെ കൂടെ ചര്‍ച്ചയ്ക്കു ക്ഷണിക്കാത്തത്. ഈ ചോദ്യങ്ങളൊക്കെ ഗതികേടിന്റെ അറ്റത്തു നിന്ന് ജോലി ചെയ്യുന്ന KSRTC തൊഴിലാളികളുടെ മനസ്സില്‍ ഉണ്ടാകുമെന്നുറപ്പാണ്.
CONTENT HIGHLIGHTS; Ganesh Kumar’s CITU love on KSRTC: AITUC not to be anyone’s mouthpiece; ‘Festival Allowance’ as the villain and hero at the same time (Exclusive)