Culture

വിചിത്രമായ ആചാരങ്ങൾ കൊണ്ട് അപൂര്‍വതകൾ നിറഞ്ഞ ഈ ഇന്ത്യൻ ഗ്രാമത്തെക്കുറിച്ച് അറിയാമോ? – Himachal Pradesh

ഈ ഗ്രാമത്തിലെ സ്ത്രീകള്‍ അഞ്ച് ദിവസം വസ്ത്രം ധരിക്കില്ല

വൈവിധ്യമാർന്ന സംസ്കാരം കൊണ്ടും ആചാര അനുഷ്ഠാനങ്ങൾ കൊണ്ടും പാരമ്പര്യം കൊണ്ടും പേരുകേട്ട രാജ്യമാണ് ഇന്ത്യ. അതിൽ ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ത പാരമ്പര്യങ്ങള്‍ പിന്തുടരുന്നവരാണ്. കാലം എത്ര പുരോഗമിച്ചുവെന്ന് പറഞ്ഞാലും ഈ ആചാരങ്ങളും പാരമ്പര്യങ്ങളും ഇന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. പ്രത്യേകിച്ചും ആചാരവും പാരമ്പര്യവും വളരെയധികം പ്രാധാന്യം അർഹിക്കുന്നു. ഹിമാചല്‍ പ്രദേശിലെ മണികര്‍ണ്‍ താഴ്വരയിലെ പിനി ഗ്രാമത്തിലും ഇത്തരമൊരു വിചിത്രമായ ആചാരം നിലനിൽക്കുന്നുണ്ട്. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും, ഇന്നും അവർ ഈ ആചാരം മുടക്കമില്ലാതെ പാലിച്ച് പോരുന്നു.

അഞ്ചു ദിവസം സ്ത്രീകള്‍ വസ്ത്രം ധരിക്കാത്ത ഗ്രാമം

ഗ്രാമീണ വിശ്വാസമനുസരിച്ച് എല്ലാ വർഷവും കൊടിയേറുന്ന ചവാന്‍ മാസത്തിലെ ഉത്സവ ദിവസങ്ങളില്‍ ആണ് ഗ്രാമത്തിലെ വിവാഹിതരായ സ്ത്രീകള്‍ അഞ്ച് ദിവസം നഗ്‌നരായി കഴിയേണ്ടത്. ഇതൊരു ചട്ടമായി ഗ്രാമത്തിൽ നിലനിൽക്കുന്നു. കമ്പിളിയില്‍ നിന്ന് തുന്നിയുണ്ടാക്കിയ പട്ടുപോലെയുള്ള ഒരു നേര്‍ത്ത തുണി വേണമെങ്കില്‍ ധരിക്കാം. എന്നാല്‍ സ്ത്രീകളില്‍ കൂടുതൽ ആളുകളും നഗ്‌നരായി തന്നെ കഴിയുകയാണ് പതിവ്. ഇല്ലെങ്കില്‍ വീട്ടുകാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ദുരനുഭവങ്ങള്‍ ഉണ്ടാകുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

ഈ ഉത്സവ ദിവസങ്ങളിൽ വിവസ്ത്രരായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് അകന്ന് കഴിയണം. മാത്രമല്ല, ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ കണ്ട് മിണ്ടാനോ ചിരിക്കാനോ പാടില്ല. ഇതൊന്നും കൂടാതെ, ഈ ദിവസങ്ങളില്‍ ഗ്രാമത്തില്‍ ആര്‍ക്കും മദ്യപിക്കാനോ, മത്സ്യ മാംസാദികള്‍ ഭക്ഷിക്കാനോ അനുവാദമല്ല. ഈ ആചാരങ്ങള്‍ തെറ്റിച്ചാല്‍, ദൈവങ്ങള്‍ കോപിക്കുമെന്ന് അവര്‍ കരുതുന്നു. വര്‍ഷം മുഴുവനും നീണ്ടുനില്‍ക്കുന്ന ഐശ്വര്യത്തിനു വേണ്ടിയാണ് ഈ ആചാരങ്ങൾ നടത്തപ്പെടുന്നത്.

ആചാരത്തിനു പിന്നിലെ ഐതിഹ്യം

ഏത് ആചാരങ്ങൾക്ക് പിന്നിലും ഒരു ഐതിഹ്യം ഉള്ളതുപോലെ തന്നെ ഈ വിചിത്രമായ ആചാരത്തിന് പിന്നിലും ഒരു ഐതിഹ്യമുണ്ട്. ഐതിഹ്യമനുസരിച്ച്, പണ്ടുകാലത്ത് ലഹുവാ ഘണ്ഡ് ദേവത പിനി ഗ്രാമത്തില്‍ എത്തുന്നതിന് മുമ്പ് അസുരന്മാരെക്കൊണ്ടുള്ള ശല്യം വളരെ രൂക്ഷമായിരുന്നു. അവര്‍ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചു അപ്പോൾ ലഹുവാ ഘണ്ഡ് ദേവത എഴുന്നെള്ളി അസുരന്മാരെ കൊന്ന് ഗ്രാമത്തെ രക്ഷിക്കുകയും ചെയ്തു. ലഹുവാ ഘണ്ഡ് ദേവതയുടെ ഈ വിജയമാണ് അവര്‍ ഉത്സവമായി ആഘോഷിക്കുന്നത്. മിക്കവാറും ഓഗസ്റ്റ് 17-21 തീയതികളിലായിരിക്കും ഉത്സവം നടക്കുക. ഉത്സവസമയത്ത് മനോഹരമായി വസ്ത്രം ധരിച്ച സ്ത്രീകളെ അസുരന്മാര്‍ പിടികൂടുമെന്നാണ് അവരുടെ വിശ്വാസം. അതിനാലാണ് ഉത്സവത്തിന്റെ 5 ദിവസം സ്ത്രീകള്‍ നഗ്‌നരായി കഴിയുന്നത്.

കൂടാതെ, വിവാഹ സമയത്തും സ്ത്രീകളും പുരുഷന്മാരും അഞ്ച് ദിവസങ്ങളിൽ ചില നിയമങ്ങൾ പാലിക്കേണ്ടിവരുന്നു. വധൂവരന്മാർ ഈ ആചാരങ്ങൾ പാലിച്ചാൽ അവർക്ക് ഭാഗ്യം ലഭിക്കുമെന്നാണ് ഈ ഗ്രാമം വിശ്വസിക്കുന്നത്.

STORY HIGHLIGHT: Himachal Pradesh pini village women do not wear clothes

Latest News