ബെംഗളൂരു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്ന ചിത്രം ട്രാഫിക് ജാമിന്റേതാണ്. റോഡുകളിലെ വലിയ ഗതാഗതക്കുരുക്ക് ബെംഗളൂരുവിനെ പലപ്പോഴും സ്തംഭിപ്പിക്കാറുണ്ട്. അത്യാവശ്യങ്ങള്‍ക്കും മറ്റുമായി റോഡിലേക്ക് ഇറങ്ങുന്ന നിവാസികള്‍ പലപ്പോഴും ഗതാഗതകുരുക്കില്‍പ്പെട്ട് വലയുന്ന വീഡിയോസ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഇപ്പോള്‍ ഇതാ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് റോഡിലുള്ള വാഹനങ്ങളെ മാത്രമല്ല, ഇന്ത്യന്‍ റെയില്‍വേയെ തന്നെ ബാധിച്ചിരിക്കുന്നു എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
View this post on Instagram
ഒന്നിനുപുറകെ ഒന്നായി വാഹനങ്ങള്‍ ഇങ്ങനെ നിരത്തിയിട്ടിരിക്കുകയാണ്. എന്നാല്‍ റോഡിലാണ് വാഹനങ്ങള്‍ എങ്കിലും ഈ വാഹനങ്ങള്‍ ഒരു റെയില്‍വേ ട്രാക്കിന് കുറുകെയും ഉണ്ട് എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. നീങ്ങാതെ കിടക്കുന്ന വാഹനങ്ങള്‍ കാരണം റെയില്‍വേ ട്രാക്കില്‍ ഒരു ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നത് വീഡിയോയില്‍ കാണാം. ഔട്ടര്‍ റിംഗ് റോഡിന് സമീപമുള്ള മുന്നെകൊലാല റെയില്‍വേ ഗേറ്റിലാണ് ഈ സംഭവം നടന്നത്. ലെവല്‍ ക്രോസ് ഇറങ്ങാന്‍ കഴിയാതെ വാഹനങ്ങള്‍ റെയില്‍വേ ട്രാക്കില്‍ കുടുങ്ങുകയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ടെക് ഹബ്ബുകളിലൊന്ന് അഭിമുഖീകരിക്കുന്ന, വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളുടെ ഓര്‍മ്മപ്പെടുത്തലാണ് വൈറലായ ഈ വീഡിയോ. മുന്നെകൊലാല റെയില്‍വേ ഗേറ്റില്‍ ഇതൊരു സ്ഥിരം സംഭവമാണെന്ന് ചിലര്‍ പറയുന്നു. ഗതാഗതക്കുരുക്കിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. എന്നാല്‍ ചില രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. പരിഹാസ രൂപേണയാണ് ഇത്തരത്തിലുളള കമന്റുകള്‍.
‘നിങ്ങള്‍ കടക്കുമ്പോള്‍ ഞങ്ങള്‍ പലതവണ കാത്തിരുന്നു, ഇപ്പോള്‍ ഞങ്ങള്‍ കടക്കുന്നതുവരെ കാത്തിരിക്കുക.. നിങ്ങളുടെ ഊഴമാണ്,’എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. ‘സ്റ്റേഷന്‍ മാസ്റ്റര്‍: എന്തുകൊണ്ടാണ് നിങ്ങളുടെ ട്രെയിന്‍ സ്റ്റേഷനിലേക്ക് വൈകി വന്നത്. ലോക്കോ പൈലറ്റ്: ബാംഗ്ലൂര്‍ സിറ്റി ട്രാഫിക് സര്‍,’ മറ്റൊരു ഉപയോക്താവ് കുറിച്ചു.
STORY HIGHLIGHTS: Even trains getting stuck in Bengaluru’s traffic