സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിന് ലൈസന്‍സ് അനുവദിക്കുന്നതിലും പുതുക്കി നല്‍കുന്നതിലും ക്രമക്കേടുകള്‍ നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ‘ ഓപ്പറേഷന്‍ വിസ്‌ഫോടന്‍” എന്ന പേരില്‍ സംസ്ഥാനമൊട്ടാകേ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സുകള്‍ വിതരണം ചെയ്യുന്ന സംസ്ഥാനത്തെ 14 ജില്ലകളിലേയും ജില്ലാ കളക്ടറേറ്റുകളും ലൈസന്‍സ് നേടിയ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ലൈസന്‍സിനായി സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ ശരിയായ രീതിയില്‍ പരിശോധന നടത്താതെ ലൈസന്‍സുകള്‍ അനുവദിക്കുന്നതായി വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംസ്ഥാനമൊട്ടാകേ മിന്നല്‍ പരിശോധന നടത്തിയത്.
കേരളത്തില്‍ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സിനുള്ള അപേക്ഷകള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ പരിശോധിച്ച ശേഷം 25 കി.ഗ്രാം വരെ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള LE 5 ലൈസന്‍സ് നല്‍കുന്നത് അതാത് ജില്ലാ കളക്ടര്‍മാരും 25 കി.ഗ്രാമിന് മുകളില്‍ 500 കി.ഗ്രാം വരെയുള്ള LE 1 ലൈസന്‍സ് കേന്ദ്ര ഗവണ്‍മെന്റിന് കീഴില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Petroleum and Explosive Safety Organization (PESO) ന്റെ സബ് സര്‍ക്കിള്‍ ഓഫീസും 500 കി.ഗ്രാമിന് മുകളില്‍ ഉള്ള LE 3 ലൈസന്‍സ് ചെന്നൈയിലുള്ള PESഛയുടെ സോണല്‍ ഓഫീസുമാണ് നല്‍കി വരുന്നത്. ആലപ്പുഴ കളക്ടറേറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ലൈസന്‍സ് അനുവദിച്ച ചില അപേക്ഷകളില്‍ അപേക്ഷകര്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ പ്രകാരമുള്ള കെട്ടിട നമ്പരിലും വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടുകളിലെ കെട്ടിട നമ്പരിലും വൈരുദ്ധ്യങ്ങള്‍ ഉള്ളതായും മറ്റൊരു അപേക്ഷയില്‍ കളക്ടറേറ്റിലെ പരിശോധന റിപ്പോര്‍ട്ടില്‍ മൂന്ന് കെട്ടിടങ്ങളും അഗ്‌നിസുരക്ഷാ സേനയുടെ പരിശോധന റിപ്പോര്‍ട്ടില്‍ ഒരു കെട്ടിടവും കാണപ്പെട്ടിട്ടുള്ളതായും മറ്റൊരു അപേക്ഷയില്‍ കെട്ടിട നികുതി ഒടുക്കിയ രസീതിലെ കെട്ടിട നമ്പരിലും തഹസീല്‍ദാരുടെ റിപ്പോര്‍ട്ടിലും അഗ്‌നിസുരക്ഷാ സേനയുടെ റിപ്പോര്‍ട്ടിലും വെവ്വേറെ കെട്ടിട നമ്പരുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി.
ഇടുക്കി ജില്ലയില്‍ 2022- ജൂണ്‍ മാസത്തില്‍ മരണപ്പെട്ട ലൈസന്‍സിയുടെ ലൈസന്‍സ് നാളിതു വരെ റദ്ദു ചെയ്തിട്ടില്ലായെന്നും വിജിലന്‍സ് കണ്ടെത്തി. പാലക്കാട് ജില്ലയില്‍ ക്രൈം കേസില്‍ ഉള്‍പ്പെട്ട പ്രതിയ്ക്ക് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സ് അനുവദിച്ചതായും കൂടാതെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലും പോലീസിന്റെ റിപ്പോര്‍ട്ടിന് വിരുദ്ധമായി ലൈസന്‍സ് പുതുക്കി നല്‍കിയതായും വിജിലന്‍സ് കണ്ടെത്തി.
സംസ്ഥാനമൊട്ടാകേ നടത്തിയ പരിശോധനയില്‍ വെടിമരുന്ന് നല്‍കുന്നതിനും പുതുക്കുന്നതിനുമായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകളില്‍ 822 അപേക്ഷകള്‍ നിലവില്‍ തീര്‍പ്പ് കല്‍പിക്കാതെ വിവിധ കളക്ടറേറ്റുകളില്‍ കെട്ടികിടക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. ഇവയില്‍ കോഴിക്കോട് 345, എറണാകുളം 185, മലപ്പുറം 74, പാലക്കാട് 48, കണ്ണൂര്‍ 40, തിരുവനന്തപുരം 31, കാസര്‍കോഡ്, തൃശ്ശൂര്‍ 28 വീതവും ആലപ്പുഴ 16, കൊല്ലം 15, കോട്ടയം 5, വയനാട് 4, പത്തനംതിട്ട 3 എന്നിങ്ങനെ അപേക്ഷകള്‍ തീര്‍പ്പ് കല്പിക്കാതിരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. ഇന്നലെ നടന്ന മിന്നല്‍ പരിശോധനയില്‍ 25 കി.ഗ്രാമില്‍ കൂടുതല്‍ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിന് കളക്ടര്‍മാര്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം Petroleum and Explosive Safety Organization (PESO) ഓഫീസിലേയ്ക്ക് അയച്ച് നല്‍കുന്ന അപേക്ഷകള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ തിരുവനന്തപുരം, മലപ്പുറം തുടങ്ങിയ പല കളക്ടറേറ്റുകളിലും സൂക്ഷിക്കുന്നില്ലെന്നും കണ്ണൂര്‍ കളക്ടറേറ്റില്‍ ലൈസന്‍സ് നല്‍കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രജിസ്റ്ററുകള്‍ അപൂര്‍ണ്ണമാണെന്നും വിജിലന്‍സ് കണ്ടെത്തി.
എറണാകുളം ജില്ലയിലെ കീഴ്മടങ്ങ് പ്രവര്‍ത്തിക്കുന്ന ലൈസന്‍സ് നേടിയ സ്ഥാപനത്തില്‍ മാഗസിനില്‍ സൂക്ഷിയ്‌ക്കേണ്ട വെടിമരുന്ന് രണ്ട് വാഹനത്തില്‍ സൂക്ഷിച്ചിരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. കൊല്ലം ജില്ലയിലെ പുനലൂരില്‍ വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തിന് കെട്ടിട നമ്പര്‍ അനുവദിച്ച് കാണുന്നില്ലായെന്നും അവിടെ ക്യാമറ, മണല്‍ നിറച്ച ബക്കറ്റ് , തീ അണക്കാനുള്ള സംവിധാനം എന്നിങ്ങനെയുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും കെട്ടിടത്തിന് ഏകദേശം 30 മീറ്റര്‍ മാറി ജനങ്ങള്‍ താമസിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി.