പൃഥ്വിരാജ് സുകുമാരന്റെ ആദ്യത്തെ സംവിധാന ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി ചിത്രീകരിച്ച ലൂസിഫര്‍ വളരെ വലിയ ഹിറ്റ് കൂടിയായിരുന്നു മലയാള സിനിമയില്‍. ഇപ്പോള്‍ ഇതാ തന്റെ സംവിധാന അനുഭവത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്. ലൂസിഫര്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹന്‍ലാലുമായുള്ള അനുഭവങ്ങളാണ് താരം പങ്കുവെക്കുന്നത്.
‘ഒരു സംവിധായകനായിട്ട് നില്‍ക്കുമ്പോള്‍ സത്യത്തില്‍ കുറച്ചൊക്കെ നമ്മള്‍ അറിഞ്ഞില്ല എന്ന ഭാവം വേണ്ടിവരും. ഞാന്‍ സംവിധാനം ചെയ്യുമ്പോള്‍ ഒരു സമയത്ത് എനിക്കറിയാം, ഒരു സീക്വന്‍സ് എടുക്കുമ്പോള്‍ ലാലേട്ടന് ഡെസ്റ്റ് അലര്‍ജിയുണ്ട്. മോഹന്‍ലാല്‍ സാറിന് ഡെസ്റ്റ് ഉള്ള സ്ഥലങ്ങളില്‍ അദ്ദേഹത്തിന് ഭയങ്കര ബുദ്ധിമുട്ടാണ്. അപ്പോള്‍ ലൂസിഫര്‍ എന്ന് പറയുന്ന സിനിമയില്‍ ഒരു ജയിലിനകത്ത് നടക്കുന്ന ഒരു ഫൈറ്റ് സീനുണ്ട്. അപ്പോള്‍ അത് ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് ഭയങ്കരമായ പൊടി ഉണ്ട്. നമ്മള്‍ ഷൂട്ട് ചെയ്തു തുടങ്ങി ഒരു അര, മുക്കാല്‍ മണിക്കൂര്‍ പോലും എടുത്തില്ല, ലാലേട്ടന് തീരെ വയ്യാണ്ടായി.
അപ്പോള്‍ ശരിക്കും എനിക്ക് പോയി പറയണം എന്നുണ്ട്, നമുക്ക് ഷൂട്ടിംഗ് നിര്‍ത്തിവെക്കാം നമുക്ക് പിന്നീട് ചെയ്യാം എന്ന്. പക്ഷേ അത് നിര്‍ത്തിവെച്ചാല്‍ ഉണ്ടാകുന്ന വലിയ കുഴപ്പങ്ങള്‍ എന്താണെന്ന് എനിക്കും അറിയാം ലാല്‍ സാറിനും അറിയാം. ഞാന്‍ അദ്ദേഹത്തിന് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. പിന്നെ നമ്മള്‍ അവിടെ നിന്നിട്ട് വയ്യെങ്കില്‍ നമുക്ക് ഇങ്ങനത്തെ ഷോട്ട് വേണ്ട എന്ന് പറയാന്‍ പറ്റില്ലല്ലോ. അപ്പോള്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ലാലേട്ടന് വയ്യ എന്ന് എനിക്കറിയില്ല എന്ന മട്ടിലായി ഞാന്‍.’, പൃഥ്വിരാജ് പറഞ്ഞു.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. എമ്പുരാന്റെ ഷൂട്ട് ഒക്ടോബറോടെ പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അപ്പോള്‍തന്നെ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. അങ്ങനെയാണെങ്കില്‍ 2025ന്റെ ആദ്യപകുതിയില്‍ സിനിമ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ് എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങി വന്‍ താരനിരയാണ് എമ്പുരാനില്‍ അണിനിരക്കുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2023 ഒക്ടോബര്‍ 5നാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസും തമിഴിലെ പ്രമുഖ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.
STORY HIGHLIGHTS: Prithviraj Sukumaran about his direction