കരുത്തുള്ള മുടിക്ക് വേണ്ടി ഒരുപാട് പണം ചെലവാക്കാറുണ്ടോ? പലതരത്തിലുള്ള ട്രീറ്റ്മെന്റുകളെ ആശ്രയിക്കാറുണ്ടോ? മുടിയിലെ പരീക്ഷണങ്ങൾ കൂടുന്നതിനനുസരിച്ച് അവർ കൂടുതൽ ദുർബലമാകുന്നു. മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതോടെ അമിതമായി മുടികൊഴിച്ചിൽ ഉണ്ടാകുന്നു. ഇതു മാത്രമല്ല വേറെയും പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് മാത്രമല്ല, കാലാവസ്ഥയിലെ മാറ്റം, അന്തരീക്ഷ മലിനീകരണം, പോഷകാഹാര കുറവ് എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാറുണ്ട്. ഇതൊക്കെ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു മികച്ച പ്രകൃതിദത്ത കൂട്ടാണ് ഇനി പറയാൻ പോകുന്നത്
നെല്ലിക്ക
മുടിയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നവർ ഒരിക്കലും നെല്ലിക്കയോട് നോ പറയാറില്ല. നല്ല ആരോഗ്യമുള്ള മുടി വളരാൻ നെല്ലിക്ക കഴിക്കുന്നതും അതുപോലെ മുടിയിൽ ഉപയോഗിക്കുന്ന എണ്ണയിലും പാക്കുകളിലുമൊക്കെ ചേർക്കുന്നതും ഏറെ നല്ലതാണ്. പണ്ട് നമ്മുടെ മുത്തശിമാരുടെ കാലം മുതൽ തന്നെ മുടി സംരക്ഷണത്തിൽ നെല്ലിക്ക ഉപയോഗിക്കാറുണ്ടെന്നതാണ് സത്യം. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. മുടികൊഴിച്ചിലും നരയും മാറ്റാനുള്ള പ്രകൃതിദത്തമായ പരിഹാര മാർഗമാണ് നെല്ലിക്ക. വരണ്ട മുടിയുള്ളവർക്ക് മുടിയുടെ തിളക്കവും ഭംഗിയും നിലനിർത്താൻ ഏറെ മികച്ചതാണ് നെല്ലിക്ക. താരൻ തടയാനും അത് മൂലമുണ്ടാകുന്ന ചൊറിച്ചിൽ അകറ്റാനും കഴിയുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വൈറ്റമിൻ ഇ
ചർമ്മത്തിൻ്റെയും മുടിയുടെയും പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ വൈറ്റമിൻ ഇ ഏറെ മികച്ചൊരു മാർഗമാണ്. പച്ച നിറത്തിൽ മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കുന്ന ഈ കുഞ്ഞൻ ഗുളികകൾ പലപ്പോഴും മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. വരണ്ട മുടിയ്ക്കുള്ള ഏറ്റവും മികച്ച പരിഹാരമാണ് വൈറ്റമിൻ ഇ. മുടിയുടെ വേരുകളിൽ ആഴത്തിൽ ഇറങ്ങി മുടി വളർച്ചയെ ത്വരിതപ്പെടുത്താൻ വൈറ്റമിൻ ഇ വളരെയധികം സഹായിക്കും.ഇത് വെറുതെ മുടിയിൽ പുരട്ടുന്നതും മറ്റ് ചേരുവകൾക്കൊപ്പം ചേർക്കുന്നതും മുടിയ്ക്ക് ഏറെ നല്ലതാണ്.
കറിവേപ്പില
എല്ലാ വീട്ടിലെയും പറമ്പിൽ വളരെ സുലഭമായി കാണപ്പെടുന്നതാണ് കറിവേപ്പില. ഒരു പിടി കറിവേപ്പില മതി മുടിയുടെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ എന്നതാണ് സത്യം. പോഷകങ്ങളുടെ കലവറയാണ് കറിവേപ്പില. ആരോഗ്യത്തിന് മാത്രമല്ല, മുടിയുടെ സംരക്ഷണത്തിനും ഇത് ഏറെ മികച്ചതാണ്. കറിവേപ്പിലയുടെ ഉപയോഗം മുടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയും മുടി വളർച്ചയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ് കറിവേപ്പില. മുടിയിൽ തേയ്ക്കുന്ന എണ്ണയിൽ നെല്ലിക്കയ്ക്കൊപ്പം കറിവേപ്പില കൂടി ചേർത്താൽ വളരെയധികം ഗുണങ്ങളാണ് ലഭിക്കുന്നത്. ഒരു ചിലവുമില്ലാതെ മുടിയുടെ വളർച്ചയെ മെച്ചപ്പെടുത്താൻ കറിവേപ്പില കൊണ്ട് കഴിയും.
ആവണക്കെണ്ണ
തലയോട്ടിയിൽ നല്ലൊരു ഓയിൽ മസാജ് നടത്തിയാൽ പലരും പകുതി പ്രശ്നങ്ങൾ കുറയും. മുടി വളരാൻ ഏറ്റവും മികച്ചതാണ് ഓയിൽ മസാജ്. മുടി നല്ല ഉള്ളോടെ വളരാൻ ഇത് ഏറെ സഹായിക്കാറുണ്ട്. മറ്റ് എണ്ണകളെ അപേക്ഷിച്ച് ഇതിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ, വൈറ്റമിനുകൾ, എന്നിവയെല്ലാം മുടി വളർച്ചയെ ഏറെ സഹായിക്കാറുണ്ട്. ശിരോചർമ്മത്തിന് ആവശ്യമായ പോഷകങ്ങളിലൂടെ ഇതിലൂടെ ലഭിക്കുന്നു. മുടി കൊഴിച്ചിൽ തടഞ്ഞ് ആരോഗ്യകരമായ മുടിയുടെ വളർച്ചയ്ക്കും ഇത് ഏറെ മികച്ചതാണ്. മുടിയുടെ സ്വാഭാവിക കറുപ്പ് നിലനിർത്താനും ഇത് വളരെയധികം സഹായിക്കും.
സ്പ്രെ തയാറാക്കാൻ
ആദ്യം ഒരു ബ്ലെൻഡറിലോ അല്ലെങ്കിൽ മിക്സിയിലോ നെല്ലിക്കയും കറിവേപ്പിലയും ചേർത്ത് നന്നായി അരച്ച് എടുക്കുക. അരച്ച മിശ്രിതം ഒരു തുണി ഉപയോഗിച്ച് അരിച്ച് നീര് മാത്രം എടുക്കാം. ഇതിലേക്ക് അൽപ്പം ആവണക്കെണ്ണയും കുറച്ച് വൈറ്റമിൻ ഇ ഓയിലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതൊരു ചെറിയ സ്പ്രെ ബോട്ടിലിലേക്ക് മാറ്റിയ ശേഷം മുടിയുടെ ശിരോചർമ്മത്തിലേക്ക് സ്പ്രെ ചെയ്ത് മസാജ് ചെയ്യാവുന്നതാണ്. ഇത് ഏഴ് ദിവസവം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. മുടി കൊഴിച്ചിൽ തടഞ്ഞ് നല്ല ആരോഗ്യമുള്ള മുടി വളരാനും നര കുറയ്ക്കാനും ഈ മിശ്രിതം വളരെയധികം സഹായിക്കും.
content highlight: spray-for-healthy-hair-growth