Celebrities

‘ഫ്‌ളൈറ്റ് കുലുങ്ങിയാലും പട്ടി വന്നാലും വിളിക്കുന്ന ഒരേ ഒരു പേര് മമ്മിയുടേതാണ്, പിറന്നാള്‍ ആശംസകള്‍ മമ്മി’: റിമി ടോമി

ഇന്ന് മമ്മിക്ക് ഞാന്‍ ഗിഫ്റ്റ് ആയിട്ട് നല്‍കുന്നത് ഓര്‍ണമെന്റ്‌സ് ആണ്

അമ്മ റാണി ടോമിയുടെ പിറന്നാള്‍ ആഘോഷമാക്കി ഗായിക റിമി ടോമിയും സഹോദരങ്ങളും. വീടിന്റെ മുറ്റത്ത് ബലൂണുകളും കേക്കും ഉപയോഗിച്ച് ഡെക്കറേഷന്‍ ചെയ്തായിരുന്നു പിറന്നാള്‍ ആഘോഷം. ഒരു വര്‍ഷം നമുക്ക് ഒരു പിറന്നാളാണ് ഉള്ളതെന്നും ആ പിറന്നാള്‍ ഒരു കേക്ക് ഒക്കെ കട്ട് ചെയ്ത് ആഘോഷിക്കുന്നത് നമ്മുടെ എല്ലാവരുടെയും ആഗ്രഹമല്ലേ എന്നും റിമി ടോമി പറഞ്ഞു. റിമി ടോമിയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ വഴിയായിരുന്നു പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചത്.

മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം ആയിരുന്നു റാണി ടോമി പിറന്നാളാഘോഷിച്ചത്. തന്റെ പിറന്നാള്‍ ദിവസം രാവിലെ തന്നെ അമ്മക്കുയില്‍ എന്ന് പറയുന്ന ഒരു സ്ഥലത്ത് പോയെന്നും അവിടെയുളള 25 അമ്മമാര്‍ക്ക് ബ്രേക്ക്ഫാസ്റ്റ് വിളമ്പി നല്‍കി എന്നും റാണി ടോമി വീഡിയോയില്‍ പറയുന്നു. എല്ലാവര്‍ഷവും അത് കൊടുക്കുന്നതാണെന്നും അതാണ് തന്റെ ഏറ്റവും വലിയ സന്തോഷം എന്നും റാണി ടോമി കൂട്ടിച്ചേര്‍ത്തു.

‘ഒരു വര്‍ഷം നമുക്ക് ഒരു പിറന്നാളാണ് ഉള്ളത്. ആ പിറന്നാള്‍ ഒരു കേക്ക് ഒക്കെ കട്ട് ചെയ്ത് ആഘോഷിക്കുന്നത് നമ്മുടെ എല്ലാവരുടെയും ആഗ്രഹമല്ലേ. വയസ്സ് ഒരു 40 കഴിയുമ്പോള്‍ തൊട്ട് വലിയ രസം ഒന്നും ഉണ്ടാകില്ലെന്ന് എനിക്കിപ്പോള്‍ മനസ്സിലായിത്തുടങ്ങി. എന്നാല്‍ പിറന്നാള്‍ നമുക്ക് ആഘോഷിക്കാതിരിക്കാന്‍ പറ്റില്ല. ഏറ്റവും കൂടുതല്‍ തവണ ഞാന്‍ ഫോണില്‍ സംസാരിക്കുന്നതും എന്നെക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിയാവുന്നതും മമ്മിക്കാണ്. എന്ത് കാര്യവും പറയാന്‍ പറ്റുന്ന നല്ലൊരു സുഹൃത്ത് കൂടിയാണ് മമ്മി. മമ്മി ഇല്ലാതെയുള്ള ഈ വീട് എനിക്ക് ചിന്തിക്കാതെ പറ്റുന്നില്ല.’

‘തല്ലു പിടിക്കാനും ബഹളം വയ്ക്കാനും ഒക്കെ മമ്മി വേണം. ഐ ലവ് യു മമ്മി. ഫ്‌ളൈറ്റ് കുലുങ്ങിയാലും പട്ടി വന്നാലും വിളിക്കുന്ന ഒരേ ഒരു പേര് മമ്മിയുടേതാണ്. മമ്മിക്ക് ഏറ്റവും ഇഷ്ടം ആഭരണങ്ങളോടാണ്. എപ്പോഴും മാറ്റി മാറ്റി ഇടാന്‍ പറ്റുന്ന സ്വര്‍ണമല്ലാത്ത ആഭരണങ്ങള്‍ കുപ്പിവളകള്‍ ഒക്കെ ആണ് ഏറ്റവും ഇഷ്ടം. മമ്മി പറഞ്ഞ കടയില്‍ നിന്ന് തന്നെ വാങ്ങിയ ഓര്‍ണമെന്റ്‌സ് ആണ് ഇന്ന് മമ്മിക്ക് ഞാന്‍ ഗിഫ്റ്റ് ആയിട്ട് നല്‍കുന്നത്.’, റിമി ടോമി പറഞ്ഞു.