ചപ്പാത്തി, അപ്പം, പുട്ട്,ദോശ, പൂരി അങ്ങനെ പലഹാരങ്ങൾ എന്തായാലും അവയുടെയൊപ്പം കഴിക്കാം വെജിറ്റബിൾ കറി. പച്ചക്കറികളും കിഴങ്ങും പയർവർഗങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഈ കറിയുടെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് ഏറെ പറയേണ്ടതില്ലല്ലോ.
ചേരുവകൾ
1. ഉരുളകിഴങ്ങ് -2 എണ്ണം
2. ക്യാരറ്റ് -1 എണ്ണം
3. ഫ്രഷ് ഗ്രീൻ പീസ് -1/4 കപ്പ്
3. ഇഞ്ചി -1 ചെറിയ കഷ്ണം ചെറുതാക്കി അരിഞ്ഞത്
4. പച്ച മുളക് -3 എണ്ണം ചെറുതാക്കി അരിഞ്ഞത്
5. സവാള -1 എണ്ണം
6. വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ
7. കടുക് -1/2 ടീസ്പൂൺ
8.ഉഴുന്ന് പരിപ്പ് -1ടേബിൾ സ്പൂൺ
9. മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
10. ഗരം മസാല -1/2 ടീസ്പൂൺ
11. കട്ടി നാളികേര പാൽ -3/4 കപ്പ്
12. കറിവേപ്പില
13. ഉപ്പ്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവ കുക്കറിൽ വേവിച്ച് തൊലി കളഞ്ഞ് ഉടച്ചു മാറ്റി വക്കുക. ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ് വറക്കുക. അതിലേക്കു ഇഞ്ചി പച്ചമുളക് ചേർത്ത് ഒരു 2 സെക്കന്റ് വഴറ്റുക. അതിനുശേഷം സവാള അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക. അതിലേക്ക് ഗ്രീൻ പീസ് ചേർത്ത് ഇളക്കിയ ശേഷം വേവിച്ചുടച്ചു വച്ച ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
മഞ്ഞൾ പൊടി, ഗരം മസാല എന്നിവ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്കു ഒന്നേകാൽക്കപ്പ് വെള്ളം ചേർത്ത് ഇളക്കി അടച്ചു വച്ചു വെള്ളം വറ്റുന്ന വരെ വേവിക്കുക. വെള്ളം വറ്റിക്കഴിഞ്ഞാൽ തീ നന്നായി കുറച്ചു നാളികേരപ്പാൽ ചേർത്തിളക്കി തീ അണക്കുക. അതിനു മുകളിൽ ഒരു നുള്ള് ഗരം മസാല വിതറുക. കൂടെ കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്തിളക്കാം.
content highlight: hotel-style-vegetable-curry