ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന് മറുപടിയുമായി മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. തിയേറ്ററുകളിലെ ടിക്കറ്റ്, സ്‌നാക്‌സ് ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റത്തിനെതിരായ കരണ്‍ ജോഹറിന്റെ പരാമര്‍ശത്തിനാണ് ഇപ്പോള്‍ മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. നാലംഗ കുടുംബത്തിന് സിനിമ കണ്ടിറങ്ങാന്‍ 10,000 രൂപ വേണ്ടിവരുമെന്നായിരുന്നു കരണിന്റെ പരാമര്‍ശം.
എന്നാല്‍ ഒരു നാലംഗ കുടുംബത്തിന് സിനിമ കണ്ടിറങ്ങാന്‍ ശരാശരി 1560 രൂപയാണ് ചെലവ് വരുന്നതെന്ന് പറയുകയാണ് മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. ‘ഇന്ത്യയിലെ ശരാശരി സിനിമാ ടിക്കറ്റ് നിരക്ക് 130 രൂപയാണ്. ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ പണപ്പെരുപ്പം കാരണമായിട്ടുണ്ട്. 2023-2024 കാലയളവില്‍ പി വി ആര്‍ എൈനോക്‌സിന്റെ ശരാശരി ടിക്കറ്റ് നിരക്ക് 258 രൂപയാണ്. മള്‍ട്ടിപ്ലക്‌സുകളില്‍ ഈ സമയത്ത് ശരാശരി 132 രൂപ വരെയാണ് ഭക്ഷണവിഭവ നിരക്കില്‍ ഒരാളുടെ ചെലവ് വരുന്നത്. ഒരു നാലംഗ കുടുംബത്തിന് ശരാശരി 1560 രൂപയാണ് ചെലവ്. 10,000 അല്ല’, മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്റെ പ്രസ്താവനയില്‍ പറഞ്ഞു.
കരണ്‍ ജോഹറിന്റെ ആരോപണം;
‘നൂറ് വീടുകളില്‍ നടത്തിയ സര്‍വേയില്‍ 99 വീടുകളിലുള്ളവരും വര്‍ഷത്തിലൊരിക്കല്‍ മാത്രം സിനിമക്ക് പോകുന്നവരാണ്. പ്രേക്ഷകരിലെ ഏറ്റവും വലിയ ഭൂരിഭാഗത്തിന്റെ കാര്യമാണിത്. അവര്‍ക്ക് സിനിമ കാണുന്നതിനുള്ള ചെലവ് താങ്ങാന്‍ കഴിയുന്നില്ല. അവര്‍ ദീപാവലിക്കോ, അല്ലെങ്കില്‍ ഏതെങ്കിലും സിനിമകള്‍ ചര്‍ച്ചയാകുമ്പോഴോ പുറത്തിറങ്ങും. പല കുടുംബങ്ങള്‍ക്കും സിനിമാ തിയേറ്ററില്‍ പോകാന്‍ താത്പര്യമില്ലെന്നാണ് പറയുന്നത്. കുട്ടികള്‍ പോപ്‌കോണോ ഐസ്‌ക്രീമോ പോലുള്ളവ വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ അത് നിരസിക്കുന്നതിലുള്ള പ്രയാസം മൂലമാണത്.’
‘അതിനാല്‍ ടിക്കറ്റിന് പണം മുടക്കാതെ ഭക്ഷണത്തിന് മാത്രം ചെലവ് വരുന്ന ഹോട്ടലുകളിലേക്ക് അവര്‍ പോകും. വില കൂടുതലായതിനാല്‍ മക്കള്‍ കാരമല്‍ പോപ്‌കോണ്‍ വേണമെന്ന് പറയുമ്പോള്‍ അത് നിരസിക്കേണ്ടി വരാറുണ്ടെന്ന് കുടുംബങ്ങള്‍ പറയുന്നുണ്ട്. കാരണം നാല് പേരടങ്ങുന്ന കുടുംബത്തിന് ഒരു സിനിമയ്ക്ക് പോയി വരാന്‍ 10000 രൂപ വേണം. ഇത് അവരുടെ സാമ്പത്തിക ആസൂത്രണത്തില്‍ ഉണ്ടാകാന്‍ പോലുമിടയില്ല.’
STORY HIGHLIGHTS: multiplex assosiation responds to karan johar’s statement