കർണാടകയിലെ ജക്കാലി ഗ്രാമത്തിലുള്ള ജനങ്ങള്‍ക്ക് ഗാന്ധിജി മണ്ണിലേക്ക് ഇറങ്ങിവന്ന ദൈവമാണ്. അദ്ദേഹത്തിന്‍റെ വാക്കുകൾ അവര്‍ക്ക് ദൈവവചനങ്ങളാണ്. അതുകൊണ്ടുതന്നെയാണ് ഗദഗ് ജില്ലയിലുള്ള ഈ ഗ്രാമത്തെ ‘ഗാന്ധിഗ്രാം’ എന്നു വിളിക്കുന്നതും. ഒക്ടോബര്‍ 2 ഗാന്ധിജയന്തിയാണല്ലോ. ഗാന്ധിജിയുമായി ബന്ധപ്പെട്ട അത്തരം പ്രത്യേക അവസരങ്ങളില്‍ മാത്രമല്ല, വര്‍ഷം മുഴുവനും ഗാന്ധിയെ ആരാധിക്കുന്നവരാണ് ഇവിടത്തെ ജനങ്ങള്‍. രാഷ്ട്രപിതാവിനായി ഒരു ക്ഷേത്രം തന്നെ ഇവിടെയുണ്ട്. സര്‍ക്കാര്‍ സ്കൂളിനടുത്ത് സ്ഥിതിചെയ്യുന്ന ഗാന്ധിക്ഷേത്രത്തില്‍ അവര്‍ ദിനവും പൂജകള്‍ ചെയ്യുന്നു. സ്കൂള്‍ കുട്ടികളാവട്ടെ, തങ്ങളുടെ ദൈനംദിന പ്രാർഥനകളില്‍ ഗാന്ധിജിക്കു പ്രണാമമര്‍പ്പിക്കുന്നു.
ഗാന്ധിജി 1934 മാര്‍ച്ച് മൂന്നിന് ഈ ഗ്രാമം സന്ദര്‍ശിച്ചിരുന്നു. അന്ന് അദ്ദേഹത്തെ ഒരുനോക്കു കാണാനായി വിദൂരദേശങ്ങളില്‍ നിന്നുവരെ ആളുകള്‍ തിക്കിത്തിരക്കിയെത്തി. അന്നു തുടങ്ങിയതാണ് ഗ്രാമവാസികള്‍ക്ക് രാഷ്ട്രപിതാവിനോടുള്ള ആ ആരാധന. എല്ലാവര്‍ഷവും ഗാന്ധിജിയുടെ ജന്മദിനം അവര്‍ക്ക് ഉത്സവാവസരമാണ്. ദീപാവലി പോലെയാണ് അവര്‍ അന്നേദിവസം കൊണ്ടാടുന്നത്. ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പൂക്കള്‍ സമര്‍പ്പിക്കുകയും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം സ്കൂളുകള്‍ അടച്ചിരിക്കുന്നതിനാല്‍ വ്യത്യസ്തമായ രീതിയിലാണ് ആഘോഷം പ്ലാന്‍ ചെയ്തിരിക്കുന്നത്. ഓരോ ക്ലാസ്സിൽ നിന്നും രണ്ട് വിദ്യാർഥികൾ വീതം മാസ്ക് ധരിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ മഹത്വം വിളിച്ചോതും.
സ്വാതന്ത്ര്യാനന്തരം നിരവധി നവജാതശിശുക്കൾക്ക് ഗാന്ധിജിയുടെ പേര് നൽകിയിട്ടുണ്ട്. ധാരാളം ആളുകള്‍ ചർക്ക കൊണ്ട് നിർമിച്ച ധോത്തികൾ ധരിക്കാൻ തുടങ്ങി. 1970 ൽ ഗാന്ധിയന്‍ കലാകാരന്മാരായ മല്ലപ്പ കമ്മർ, സോമപ്പ കമ്മർ എന്നിവർ ചേര്‍ന്ന് ഗാന്ധിജിയുടെ ഒരു വിഗ്രഹം നിർമിച്ച് സ്കൂൾ പരിസരത്ത് പണികഴിപ്പിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയായിരുന്നു. ഇന്ന് പ്രായഭേദമന്യേ എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും ഇവിടെയെത്തുന്നു.ഗാന്ധിജിയുടെ ജന്മദിനം ആഘോഷിക്കുന്നതിനു പുറമേ ജനുവരി 30 നു രക്തസാക്ഷി ദിനവും അവര്‍ ആചരിക്കുന്നു. 1948 ൽ ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്‍റെ ഒരു ചന്ദന പ്രതിമ നിർമിച്ചു സംസ്കരിക്കുന്ന ചടങ്ങില്‍ ഗ്രാമം മുഴുവൻ പങ്കെടുത്തിരുന്നു. ഗാന്ധിജിയുടെ മരണമറിഞ്ഞപ്പോൾ ഗ്രാമവാസിയായ വെങ്കനഗൗഡ കെഞ്ചനഗൗദർ ആറുമാസമാണ് മൗനവ്രതം പാലിച്ചത്. അതിനു ശേഷം ഖാദി മാത്രം ധരിക്കാനും പാദരക്ഷകൾ ഉപയോഗിക്കാതിരിക്കാനും മധുരപലഹാരങ്ങൾ എന്നെന്നേക്കുമായി ഉപേക്ഷിക്കാനും തീരുമാനിച്ചവരും നിരവധിയായിരുന്നു.
STORY HIGHLLIGHTS: Gandhi gram