Celebrities

മൂന്നാം വയസ്സില്‍ നടന്നത് അമൃതയുടെയും ബാലയുടെയും മകള്‍ക്ക് ഓര്‍മയുണ്ടാകുമോ? മറുപടിയുമായി അശ്വതി ശ്രീകാന്ത്- aswathy sreekanth responds on issue of daughter bala and amritha

ചെറുപ്പത്തില്‍ നടന്ന ട്രോമ ചിലരിൽ ഒരോര്‍മയായി തന്നെ ഉള്ളിലുണ്ടാവുമെന്ന് പറഞ്ഞ് ഉറപ്പിക്കുകയാണ് അശ്വതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

ഏതൊരു കാര്യത്തിനും വസ്തുതകളോടെ പ്രതികരിക്കുകയും മറുപടി നല്‍കുകയും ചെയ്യുന്ന താരമാണ് നടിയും അവതാരികയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. ബാല- അമൃത ദമ്പതികളുടെ മകൾ അവന്തിക സമൂഹ മാധ്യമത്തിലൂടെ നടത്തിയ ആരോപണങ്ങൾക്കെതിരെ നടക്കുന്ന വിമർശനങ്ങൾക്ക് മറുപടിയായി താരം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ബാലയ്‌ക്കെതിരെ മകൾ അവന്തിക സമൂഹ മാധ്യമത്തിലൂടെ നടത്തിയ ആരോപണങ്ങൾ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. മൂന്ന് വയസിൽ അച്ഛൻ ചില്ലുകുപ്പികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതിനെക്കുറിച്ചാണ് 12 വയസുകാരി തുറന്നു പറഞ്ഞത്. ഇതിന് പിന്നാലെ ഒരു വിഭാഗം മൂന്ന് വയസിലുണ്ടായ സംഭവങ്ങള്‍ എങ്ങനെ മകള്‍ക്ക് ഓര്‍മ്മ വരുന്നു എന്ന ചോദ്യവുമായി എത്തി. ഈ ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി അശ്വതി ശ്രീകാന്ത്.

മൂന്ന് വയസുള്ളപ്പോൾ ചൂടുള്ള തേപ്പുപെട്ടിയിൽ കൈവെച്ചത് ഇപ്പോഴും തനിക്ക് ഓർമയുണ്ട് എന്നാണ് അശ്വതി കുറിച്ചത്. സന്തോഷമുള്ള ഓർമകളേക്കാൾ ഭയപ്പെടുത്തിയ, അരക്ഷിതരാക്കിയ സംഭവങ്ങൾ ഓർത്തു വയ്ക്കുന്ന ശീലം മനുഷ്യന്റെ ബ്രെയിനുണ്ട്. ചെറുപ്പത്തിൽ നായ കടിച്ചാൽ, വെള്ളത്തിൽ വീണാൽ ഒക്കെ ആ ഭയം ജീവിതാവസാനം വരെ കൂടെയുണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു.

മൂന്നാം വയസ്സില്‍ അച്ഛന്‍ അമ്മയെ ഉപദ്രവിച്ചതിനെ കുറിച്ചും ഇരുവരുടെയും മകൾ പാപ്പു എന്ന അവന്തിക തുറന്ന് സംസാരിച്ചിരുന്നു. മൂന്ന് വയസ്സുള്ളപ്പോള്‍ എന്റെ അടുത്തുനിന്നും പോയ ആളാണ് നീ എന്ന് പറഞ്ഞ് ബാല രംഗത്ത് വന്നതോടെ, ഇതൊക്കെ അമൃത പറഞ്ഞു പഠിപ്പിച്ചതാണെന്നും, അല്ലാതെ മൂന്ന് വയസ്സുള്ള കുട്ടിക്ക് എങ്ങനെ അത്തരം കാര്യങ്ങളൊക്കെ ഓര്‍മയുണ്ടാവും എന്നും ചോദിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. എന്നാൽ ചെറുപ്പത്തില്‍ നടന്ന ട്രോമ ചിലരിൽ ഒരോര്‍മയായി തന്നെ ഉള്ളിലുണ്ടാവുമെന്ന് പറഞ്ഞ് ഉറപ്പിക്കുകയാണ് അശ്വതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.

STORY HIGHLIGHT: aswathy sreekanth responds on issue of daughter bala and amritha