ഹൃദയരാഗം
ഭാഗം 67
ഇവൾ പറയുന്നതൊക്കെ സത്യമാണോഡാ…?
കണ്ണുനീര് കുതിർന്ന മിഴികളോടെ അവന്റെ മുഖത്തേക്ക് നോക്കി വീണ ചോദിച്ചു….
” സത്യമാണ്….!
വിവേകിന്റെ വാക്ക് കേട്ട് എല്ലാവരും ഒരേപോലെ അമ്പരന്നു… പറഞ്ഞു തീരും മുൻപ് അവന്റെ കവിളിൽ ആദ്യത്തെ അടി വീണു, അത് വിശ്വന്റെ തന്നെയായിരുന്നു…
” ഇത്രയും കാര്യങ്ങൾ മനസ്സിൽ ഒളിപ്പിച്ചാണ് നീ എന്റെ മോളെ ചതിക്കാൻ വേണ്ടി അരികിലേക്ക് വന്നത്…? എന്റെ മക്കള് വരെ നിന്നെക്കുറിച്ച് മോശമായി പറഞ്ഞപ്പോഴും നിന്നെ മാത്രം വിശ്വസിച്ചവനാണ് ഞാൻ, എന്റെ കുഞ്ഞുങ്ങളെ ഞാൻ വിശ്വസിക്കാത്തതിന്റെ ശിക്ഷയാണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്…. എന്റെയും എന്റെ കുടുംബത്തിന്റെയും കണ്ണുനീര് മരണകാലം വരെ നിന്നെ വിട്ടു പോകില്ല….
അയാളുടെ കണ്ണുകൾ ചുവന്ന് കണ്ണുനീർധാരകൾ പുറത്തേക്ക് ഒലിച്ചിരുന്നു…. ഒരു വാക്കുപോലും മറുപടി പറയാതെ ഒരു കുറ്റവാളിയെ പോലെ തലകുനിച്ചു നിൽക്കുകയാണ് വീണയും,
” ഏതായാലും കാര്യങ്ങൾ ഇത്രയുമായ സ്ഥിതിക്ക് ഈ കുട്ടിയെയും അവളുടെ കുഞ്ഞിനെയും വിവേക് ഏറ്റെടുക്കണം… അതുതന്നെയാണ് ഇതിനുള്ള ഒരു ന്യായം എന്ന് പറയുന്നത്,
അവിടെനിന്ന് മുതിർന്ന ഒരു വ്യക്തി പറഞ്ഞു…
” അതെ അമ്മാവാ എനിക്ക് താമസിക്കാൻ ഒരു സ്ഥലം ഇല്ലാഞ്ഞല്ല ഞാൻ ഇങ്ങോട്ട് വന്നത്, ഇവന്റെ കൂടെ ഒരു ജീവിതം എനിക്ക് വേണ്ട..!
എനിക്കൊരു കുഞ്ഞുണ്ടായാൽ അതിനെ നോക്കാനുള്ള ബാങ്ക് ബാലൻസ് എന്റെ കയ്യിൽ ഉണ്ട്, ഞാൻ ഇത്രകാലവും അന്തസ്സോടെ ജോലി ചെയ്ത പണം, അതുവച്ച് എന്റെ കുഞ്ഞിനെ അന്തസ്സോടെ വളർത്താൻ എനിക്കറിയാം, അത് വളർന്നു വലുതാകുമ്പോൾ അച്ഛൻ എവിടെ എന്ന് ചോദിച്ചാൽ ചത്തു പോയി എന്ന് പറയാനും എനിക്കറിയാം.. ഇവന്റെ ഭാര്യ എന്നുള്ള പദവിയും വേണ്ട… എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ മിസ്റ്റേക്ക് ആയിരുന്നു ഇവൻ, ഞാനത് മനസ്സിലാക്കി. ഇനി ഞാൻ ആ തെറ്റ് ആവർത്തിക്കണോ..? ഒരിക്കൽ ഒരു തെറ്റുപറ്റിയാൽ ആ തെറ്റില്‍ നിന്നും പുറത്ത് കടക്കുകയാണ് വേണ്ടത്… എനിക്ക് ജീവിതകാലം മുഴുവൻ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ താല്പര്യമില്ല, ഒരിക്കൽ ചതിക്കപ്പെട്ടു എന്ന് തോന്നിയാൽ അവിടെ നിന്നും ഇറങ്ങി പോകണം.. അതെത്ര പ്രിയപ്പെട്ടവർ ആണെങ്കിലും, ഞാൻ അങ്ങനെയാണ് ചിന്തിക്കുന്നത്, എനിക്ക് ഇവനോടൊപ്പം ഉള്ള ഒരു ജീവിതം വേണ്ട.. ഇവനെ കുറിച്ച് നിങ്ങളെയൊക്കെ ഒന്ന് അറിയിക്കണമെന്ന് തോന്നി, പിന്നെ എന്നോട് ചെയ്ത ചതിക്ക് ഇവന്റെ കാരണത്തിട്ട് നാല് പുകയ്ക്കണമെന്നും തോന്നി.. അതിനു വേണ്ടി മാത്രമാണ് ഞാൻ ഈ അവസ്ഥയിലും ഇവിടേക്ക് വന്നത്,
അത്രയും പറഞ്ഞു അവൾ അവന് നേരെ തിരിഞ്ഞു…
” അടുത്ത മാസം ഞാൻ ഇവിടെ നിന്നും യുകെക്ക് പോവാ, അവിടെ ഒരു കൂട്ടുകാരിയുണ്ട്.. എന്റെ ഡെലിവറി അവിടെയായിരിക്കും. ഇനി ജീവിതത്തിൽ ഒരിക്കലും നിന്നെ കണ്ടുമുട്ടരുതേന്നാണ് എന്റെ ആഗ്രഹം…. അറിയാതെ പോലും എന്റെ വഴിയിൽ വന്നേക്കരുത്, നിന്നെ കാണുന്നത് തന്നെ എനിക്ക് അറപ്പാണ്… എന്റെ കുഞ്ഞ് നിന്റെ മുഖം പോലും കാണാൻ പാടില്ല, കണ്ടാൽ നിന്റെ അതെ സ്വഭാവം ആയി പോയാൽ ഞാൻ എന്ത് ചെയ്യും..? എനിക്കത് സഹിക്കാൻ പറ്റില്ല… എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ല എന്നുള്ള വിശ്വാസത്തിൽ അല്ലേ നീ എന്നെ ചതിച്ചത്… അനാഥാലയത്തിലാണ് വളർന്നത്, സ്നേഹം കിട്ടിയിട്ടില്ല, അതുകൊണ്ട് ഒരുത്തൻ ആ സ്നേഹം തന്നപ്പോൾ ഞാൻ അങ്ങ് വിശ്വസിച്ചു പോയി, ആത്മാർത്ഥമാണെന്ന് ചിന്തിച്ചു പോയി..! അതുകൊണ്ടാ നിന്നെ വിശ്വസിച്ചത്, നിനക്കൊപ്പം ഒരു വീട്ടിൽ താമസിച്ചത്, ഒരു താലി ചരടിന്റെ പോലും ആവശ്യമില്ലാതെ നിന്റെ സ്നേഹത്തിൽ മാത്രം ഞാൻ വിശ്വസിച്ചത്, അല്ലെങ്കിലും താലിയിൽ ഒന്നുമല്ല കാര്യം, നമ്മളോട് കാണിക്കുന്ന ആത്മാർത്ഥത എത്രയുണ്ട് എന്നതിലാണ് കാര്യം… ആ കാര്യത്തിൽ നീ പരിപൂർണ്ണ പരാജയമാണെന്ന് തെളിയിച്ചു കഴിഞ്ഞു, കല്യാണം കഴിച്ചിരുന്നെങ്കിൽ ലീഗലി ഉള്ള പ്രശ്നങ്ങൾക്കും കൂടി ഞാൻ പോകണ്ടായിരുന്നു… അതിൽ നിന്ന് രക്ഷപെട്ടു, ഒരു വലിയ ബൈ….
അത്രയും പറഞ്ഞു ആരെയും നോക്കാതെ അവൾ ആ വീടിന്റെ പടിയിറങ്ങിയപ്പോൾ വിജയന്റെയും വീണയുടെയും ഉള്ള് പിടഞ്ഞു, മകന്റെ കുഞ്ഞാണ് അവളുടെ വയറ്റിൽ കിടക്കുന്നത്… തങ്ങളുടെ പേരക്കുട്ടി..! ആ ചിന്ത അവരെ വേദനയിൽ ആഴ്ത്തിയിരുന്നു, എങ്കിലും അവളെ തിരിച്ചു വിളിക്കാൻ അവർക്കും കെൽപ്പുണ്ടായിരുന്നില്ല….
സകലവും തകർന്നതു പോലെയാണ് വിശ്വനും വീട്ടിലേക്ക് എത്തിയത്… നടന്ന കാര്യങ്ങൾ എല്ലാം സുഭദ്രയുടെ വിവരിക്കുമ്പോൾ അകത്തെ മുറിയിലിരുന്ന് ദീപ്തിയും എല്ലാം കേട്ടിരുന്നു, അവൾ പെട്ടെന്ന് പുറത്തേക്ക് വന്നപ്പോൾ അവളെ അഭിമുഖീകരിക്കാൻ തന്നെ അയാൾക്കും മടി തോന്നി…
” മക്കൾ വളർന്ന് തന്നോളം എത്തിയാൽ താനെന്നു വിളിക്കണം എന്ന് കാരണവന്മാരു പറയുന്നത്… പക്ഷേ ഞാൻ അത് കേട്ടില്ല, എന്റെ മക്കള് എന്റെ കണ്ണ് തുറപ്പിക്കാൻ ശ്രമിച്ചപ്പോൾ ഞാനത് ഗൗനിച്ചില്ല… നിന്നോട് ഞാൻ ക്ഷമ ചോദിക്കുകയാണ് മോളെ,….
ദീപ്തിയുടെ മുൻപിലായി അയാൾ കൈകൂപ്പിയപ്പോൾ അവൾ പോലും അമ്പരപെട്ടു പോയിരുന്നു
” അച്ഛൻ എന്താ ഈ കാണിക്കുന്നത്…? അച്ഛന്റെ ആവലാതി എനിക്ക് മനസ്സിലാകും, ഏത് അച്ഛനും ചെയ്യുന്ന കാര്യങ്ങളൊക്കെ അച്ഛനും ചെയ്തിട്ടുള്ളൂ…. പക്ഷേ ഞാൻ പറഞ്ഞപ്പോഴെങ്കിലും അച്ഛന് അന്വേഷിക്കാമായിരുന്നു, ആ ഒരു പിണക്കം മാത്രമേ എനിക്ക് അച്ഛനോടുള്ളു…ഇനി ചെയ്യാൻ ഉള്ളത് ദിവ്യയുടെ കാര്യം ആണ്… അതിന് അച്ഛൻ വേണ്ടത് പോലെ എന്തെങ്കിലും ചെയ്യണം, ഞാൻ അനന്തുവിനെ വിളിച്ചിരുന്നു… നാളെ രാവിലെയാണ് കേസ് കോടതിയിൽ എത്തുന്നത്, അതിനു ശേഷം നമുക്ക് എന്തെങ്കിലും പറയാൻ പറ്റൂ….
ആ രാത്രി ആരും ഉറങ്ങിയിരുന്നില്ല, തുടരെത്തുടരെ ദീപ്തി അനന്തുവിന്റെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു… അവളോട് മറുപടി പറയുന്നുണ്ടെങ്കിലും അവനു അസ്വസ്ഥൻ ആയിരുന്നു, നാളെ രാവിലെ തങ്ങളെ കാത്തിരിക്കുന്ന വിധി എന്തായിരിക്കും എന്ന് അറിയാത്ത ഒരു ഭയം അവനെയും അലട്ടിയിരുന്നു..
കാലത്തെ കിരൺ ഉണർന്നുവന്ന് അവനെ നോക്കിയപ്പോഴും രാത്രിയിൽ ഇരുന്ന് അതേ ഇരിപ്പ് തന്നെയാണ് അവൻ… കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഒരു ഭ്രാന്തനെ പോലെ ആയിരിക്കുന്നു അവൻ..
” നീ റെഡി ആവുന്നില്ലേ 11.30 ക്കാണ് കേസ് വിളിക്കുന്നത്, നമുക്ക് പോണ്ടേ..?
“‘ ഞാൻ വരുന്നില്ല എന്താണെങ്കിലും അത് കേൾക്കാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ…. പിന്നെ എന്നെ കണ്ടാൽ ധൈര്യം ചോർന്നുപോകുമെന്ന് ആണ് അവളും പറഞ്ഞിരിക്കുന്നത്…. എന്നെ കാണണ്ട,
” ശരി…. ഞാൻ എന്താണെന്ന് നിന്നെ വിളിച്ച് അറിയിക്കാം,
കിരൺ കോടതിയിലേക്ക് പുറപ്പെട്ടിരുന്നു….
സമയം 12 കഴിഞ്ഞിട്ടും കിരൺ വിളിക്കാതെ ആയപ്പോൾ അനന്ദുവിന് ആകെപ്പാടെ ഒരു ആവലാതി തുടങ്ങിയിരുന്നു, ഇതിനിടയിൽ രണ്ടുവട്ടം വിളിച്ചപ്പോഴും ഒന്നുമായില്ലന്ന് അവൻ പറഞ്ഞു… ഫോൺ കട്ട് ചെയ്തു തിരികെ കിരണിന്റെ ഫോൺ വന്നപ്പോൾ നെഞ്ചിടിപ്പോടെയാണ് അവൻ എടുത്തത്, ഒപ്പം ആദ്യമായി അവൻ ഈശ്വരന് മുൻപിൽ ഒരു പ്രാർത്ഥന കൂടി നടത്തി.. അശുഭവാർത്തകൾ ഒന്നും കേൾക്കരുത് എന്ന്..
” എടാ എന്തായി…?
ആകാംഷയോട് അവൻ ചോദിച്ചു..
” നമ്മൾ ജയിച്ചഡാ…. കുഴപ്പമൊന്നുമില്ല, സ്വയരക്ഷയ്ക്ക് ആയതുകൊണ്ട് ഒരു കുഴപ്പമില്ല….
ശിക്ഷയില്ല, അവളെ കോടതി വെറുതെ വിട്ടു….
ഞങ്ങൾ ഇപ്പൊൾ അവിടേക്ക് വരും, കരയണോ ചിരിക്കണോ എന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു അനന്തു… കിരണിനൊപ്പം കോടതിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ വരാന്തയിൽ തന്നെ കാത്തുനിൽക്കുന്ന അച്ഛനെയും അമ്മയെയും ദീപ്തി ചേച്ചിയെയും കണ്ടപ്പോൾ ഒരു വേദന ദിവ്യയിലും പടർന്നിരുന്നു…. അമ്മ ഓടി വന്ന് പരിസരം പോലും മറന്നു കെട്ടിപ്പിടിച്ചു, ആ മാതൃസ്നേഹത്തിനു മുൻപിൽ അറിയാതെ അവളും ഒന്ന് കരഞ്ഞു പോയിരുന്നു…
” മോളെ അച്ഛനോട് ക്ഷമിക്കണം,
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത അച്ഛന്റെ ഒരു മുഖഭാവം അതാണ് അവളെ അമ്പരപ്പെടുത്തിയിരുന്നത്..
” അച്ഛന്റെ കണ്ടെത്തലൊക്കെ തെറ്റായിരുന്നു എന്ന് മനസ്സിലായി, എനിക്ക് എത്രയും പെട്ടെന്ന് ആ പയ്യനെ കാണണം… ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ നിനക്ക് വേണ്ടി അവൻ ഓടി നടന്നതിനെ പറ്റി ദീപ്തി പറഞ്ഞു, പണവും പ്രതാപവും ഒന്നുമല്ല കാര്യം, നമ്മുടെ കുഞ്ഞിനെ സ്നേഹത്തോടെ നോക്കുന്നുണ്ടോ എന്നുള്ളതാണ്, അതിൽ അവൻ മുൻപിൽ ആണ്… എനിക്ക് അത് മാത്രം മതി, എന്റെ കുഞ്ഞ് എന്നും സന്തോഷത്തോടെ ഇരിക്കണം, അതിനപ്പുറം മറ്റൊരു ആഗ്രഹവും അച്ഛനില്ല…
അവൾ കിരണിന്റെ മുഖത്തേക്ക് നോക്കി,..
” എങ്കിൽ പിന്നെ എന്റെ കൂടെ വന്നോളും ഞാൻ വക്കീലിനെ കൊണ്ടുവരാൻ കൂട്ടുകാരന്റെ കാറും കൊണ്ടാ വന്നിരിക്കുന്നത്.. നമുക്ക് ഇപ്പൊൾ തന്നെ അനന്തുവിനെ കാണാം, അവനും സന്തോഷമാകും…
കിരൺ പറഞ്ഞു…
” എങ്കിൽ പിന്നെ അങ്ങനെയാവട്ടെ…..
എല്ലാവരും ഒരുമിച്ച് വണ്ടിയിലേക്ക് കയറിയപ്പോഴും അനന്തുവിനെ കാണാനുള്ള ആകാംക്ഷയായിരുന്നു ദിവ്യയിൽ നിറഞ്ഞ നിന്നിരുന്നത്…. കാറും കോളും ഒഴിഞ്ഞ് മാനം തെളിഞ്ഞിരിക്കുകയാണ്, ഈ തെളിഞ്ഞ ആകാശമാണ്, അവിടെ താനും തന്റെ അനുവേട്ടനും, അവൾ സ്വപ്നങ്ങൾക്ക് തിരി കൊളുത്തുകയായിരുന്നു…
കിരൺ വീടിനു മുൻപിൽ വണ്ടി നിർത്തി, ഒരു സർപ്രൈസ് പോലെ ദിവ്യയെ വീട്ടുകാരെയും കൊണ്ട് അവിടേക്ക് കടന്നു വരുമ്പോൾ അവനെ കാത്ത് അമ്മയും അമ്പിളിയും നിൽപ്പുണ്ടായിരുന്നു..
” നീ എന്താ ഇത്രയും താമസിച്ചത്….
കിരണിന്റെ അമ്മ ചോദിച്ചു..
” അതൊക്കെ പറയാം… ദിവ്യയുടെ അച്ഛനും അമ്മയും അനന്ദുവിനെ കാണാൻ വേണ്ടി വന്നിരിക്കുകയാണ്, കല്യാണം ഉറപ്പിക്കാൻ വേണ്ടിയാണ്…
അവൻ എവിടെ …?
” അവൻ കുറച്ചു സമയമായി അങ്ങോട്ട് ഇറങ്ങിയിട്ട്…
അമ്പിളി പറഞ്ഞു.. അപ്പോഴേക്കും കിരണിന്റെ അരികിലേക്ക് ദിവ്യ എത്തിയിരുന്നു…
“‘ ഈ കത്ത് മോൾക്ക് തരണമെന്ന് പറഞ്ഞിട്ട് ആണ് പോയത്…..
അവളുടെ കയ്യിലേക്ക് കിരണിന്റെ അമ്മ ഒരു കത്ത് നീട്ടിയിരുന്നു, ഒന്നും മനസ്സിലാവാതെ എല്ലാവരും പരസ്പരം നോക്കി… വിറക്കുന്ന കൈകളോടെ അവൾ ആ കത്ത് വാങ്ങി….
തുടരും
ഇന്ന് ക്ലൈമാക്സ് തരണമെന്നാണ് ഓർത്തത്, പക്ഷേ ഇന്ന് ഉച്ചയ്ക്ക് ആണ് എനിക്ക് തൃപ്തിയുള്ള ഒരു ക്ലൈമാക്സ് കിട്ടിയത്… ഇത് ഇപ്പോൾ തന്നെ മൂന്നാല് തവണ വെട്ടി എഴുതിയതാണ്, നാളെത്തന്നെ ഹൃദയരാഗം ക്ലൈമാക്സ് ഉണ്ടാകും..