ഹൃദയരാഗം
ഭാഗം 68
ഈ കത്ത് മോൾക്ക് തരണമെന്ന് പറഞ്ഞിട്ട് ആണ് പോയത്…..
അവളുടെ കയ്യിലേക്ക് കിരണിന്റെ അമ്മ ഒരു കത്ത് നീട്ടിയിരുന്നു, ഒന്നും മനസ്സിലാവാതെ എല്ലാവരും പരസ്പരം നോക്കി… വിറക്കുന്ന കൈകളോടെ അവൾ ആ കത്ത് വാങ്ങി….
കത്ത് തുറന്നു നോക്കിയതും അവൾക്ക് കണ്ണുനീർ വന്ന് മൂടി കണ്ണുകളുടെ കാഴ്ച മങ്ങുന്നതുപോലെ തോന്നിയിരുന്നു….
” എന്റെ മാത്രം ദിവ്യയ്ക്ക്….
എന്നെ സ്നേഹിച്ച കാലം മുതൽ നിനക്ക് സന്തോഷം നൽകാൻ എനിക്ക് കഴിഞ്ഞിട്ടില്ല. നിന്റെ കണ്ണുനീരാണ് അന്നുമുതൽ ഇന്നുവരെ എനിക്ക് കാണാൻ സാധിച്ചിട്ടുള്ളത്. നീ തരുന്ന സ്നേഹം പകുതിയെങ്കിലും തിരിച്ചു തരേണ്ടത് എന്റെ കടമ കൂടിയല്ലേ..? എനിക്ക് വേണ്ടി സ്വന്തം ജീവിതം പോലും ഹോമിക്കാൻ തയ്യാറായ നിനക്ക് വേണ്ടി ഇനിയും ഞാൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അത് നിന്നോട് കാണിക്കുന്ന വഞ്ചനയാവും…. കൂടുതൽ ഒന്നും ഞാൻ എഴുതുന്നില്ല, ഒരു ലക്ഷ്യമില്ലാത്ത യാത്രയാണിത്, ലക്ഷ്യം പൂർത്തീകരിച്ചാൽ മാത്രമേ നിന്റെ മുൻപിൽ ഞാൻ വരികയുള്ളൂ.. കാത്തിരിക്കണം എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ… കാത്തിരിക്കുമെന്ന് ഉറപ്പ് എനിക്കുണ്ട്, നിന്നെ ഒന്ന് കാണാനും നെഞ്ചിലേക്ക് ചേർത്ത് പിടിക്കാനും ഒരുപാട് ഞാൻ ആഗ്രഹിക്കുന്നുണ്ട്., പക്ഷേ അത് ഈയൊരു സാഹചര്യത്തിൽ ആവരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്… ദീപ്തി ചേച്ചി പറഞ്ഞു നിന്റെ അച്ഛനും അമ്മയും ഒക്കെ ഇപ്പോൾ നിന്നെ ഒന്ന് കാണാൻ വേണ്ടി ഇരിക്കുകയാണെന്ന്, ഇനിയും നിന്നെ മനസ്സിലാക്കാതിരിക്കാൻ അവർക്ക് സാധിക്കില്ല. ആ ഒരു വിശ്വാസത്തിലാണ് ഞാൻ പോകുന്നത്, അവർ നിന്നെ സ്വീകരിച്ചില്ലങ്കിൽ ഈ യാത്ര ഉണ്ടാവുമായിരുന്നില്ല, നിന്നെ ഒറ്റയ്ക്ക് വിട്ട് ഞാൻ എങ്ങോട്ടും പോകില്ലായിരുന്നു, നിനക്ക് കാവലായി അവരുണ്ടെന്നുള്ള വിശ്വാസത്തിലാണ് ഈ യാത്ര. ജീവനോടെ ഉണ്ടെങ്കിൽ നിനക്ക് വേണ്ടി ഞാൻ തിരികെ എത്തും. അത് മാത്രമേ ഇപ്പൊൾ പറയാൻ സാധിക്കും.
എന്ന് നിന്റെ മാത്രം അനുവേട്ടൻ…
ഒരു തുള്ളി കണ്ണുനീർ ആ കടലാസിലേക്ക് ഉതിർന്നു വീണിരുന്നു, അവളുടെ കയ്യിൽ നിന്നും കത്ത് വാങ്ങി ദീപ്തിയും വായിച്ചു നോക്കി… ശേഷം അവളുടെ മുഖത്തേക്ക് നോക്കി,
” അനുവേട്ടൻ തിരിച്ചു വരും, എനിക്കറിയാം… എവിടേക്കാ പോയിരിക്കുന്നത് എന്നും എന്താണ് ലക്ഷ്യം എന്നും…
ഉറപ്പൊടെ അവൾ പറഞ്ഞു…
” എന്റെ മോൻ കാരണം നിങ്ങളുടെ മനസ്സ് വിഷമിച്ചു എന്ന് എനിക്കറിയാം… അതിന് ഞാൻ നിങ്ങളോട് മാപ്പ് ചോദിക്ക്യാ, പക്ഷേ അവൻ ഇത്രത്തോളം ഹൃദയം നൽകി ഒരാളെയും സ്നേഹിച്ചിട്ടില്ല… ഈ കഴിഞ്ഞ ദിവസങ്ങളിൽ അവനെ ഞാൻ കണ്ടത് ആണ്… കുളിയില്ല, ഊണില്ല, ഉറക്കമില്ല, എപ്പോഴും ഒരു ഭ്രാന്തനെ പോലെ നിങ്ങളുടെ മോളെ ജീവൻ കൊടുത്താണ് അവൻ സ്നേഹിച്ചത്… അവൻ തിരിച്ചു വരുമ്പോൾ അവളെ അവന് കൊടുത്തുകൂടെ…? എന്നെക്കുറിച്ച് ചിന്തിക്കേണ്ട, ഞാൻ ഒരു മോശപ്പെട്ട സ്ത്രീയാണ്… പക്ഷേ ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ട് ഇങ്ങനെ ആയതല്ല, ഒരുപാട് പേരുടെ മുന്നിൽ കൈ നീട്ടി ആരും ഒരു ലാഭവും ഇല്ലാതെ പണം തരില്ല. വീട്ടുവേലയ്ക്ക് പോയെടുത്ത് പോലും അനുഭവിക്കേണ്ടി വന്നത് മോശം അവസ്ഥകളാ,.. അവസാനം ഞാൻ ഇങ്ങനെ ആയിപ്പോയി, എന്റെ സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ എന്റെ മോനെ അവൻ ഇഷ്ടപ്പെട്ട പെണ്ണിനെ അവനിൽ നിന്നും അകറ്റി നിർത്തരുത്, ഞാൻ വേണമെങ്കിൽ എങ്ങോട്ടേലും പൊയ്ക്കോളാം, വല്ല വൃദ്ധസദനത്തിലോ അമ്പലത്തിന്റെയോ നടയിലോ അങ്ങനെ എവിടെയെങ്കിലും പൊയ്ക്കോളാം… അവരുടെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഒരു തടസ്സമാവില്ല,
.
വിശ്വവന്റെ മുൻപിൽ കൈകൂപ്പി നിന്ന് അമ്പിളി കരഞ്ഞു പോയിരുന്നു…
” അമ്മ അങ്ങനെ ഒന്നും പറയരുത്, ഞാൻ ഒരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ല അമ്മയെ ഒഴിച്ചു ഒരു ജീവിതം ഒരിക്കലും അനുവേട്ടനും ആഗ്രഹിച്ചിട്ടില്ല…
അരുതാത്തതെന്തോ കേട്ടതുപോലെ ദിവ്യ പറഞ്ഞു.
” മോളുടെ കാര്യമല്ല മോളുടെ വീട്ടുകാരുടെ കാര്യം ആണ് ഞാൻ പറഞ്ഞത്… ഒരു വിവാഹാലോചനയെ പറ്റി ചിന്തിക്കുമ്പോൾ അവർ അങ്ങനെയൊക്കെ ചിന്തിക്കു, അത് അവരുടെ കുഴപ്പമല്ല.. അവരുടെ സ്ഥാനത്ത് ഞാനാണെങ്കിലും അങ്ങനെ ചിന്തിക്കു, സ്വന്തം മക്കളുടെ സുരക്ഷ ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്…
” നിങ്ങൾ ഈ പറഞ്ഞ ചിന്തകളൊക്കെ എനിക്ക് ഉണ്ടായിരുന്നു, കുറച്ചു മുൻപ് വരെ.. പക്ഷേ നിങ്ങളുടെ മകൻ അവളെ സ്നേഹിക്കുന്നത് എത്രത്തോളം ആണെന്ന് എനിക്കറിയാം അവനെ മാത്രമേ ഞാൻ നോക്കുന്നുള്ളൂ,നിങ്ങളുടെ സാഹചര്യങ്ങളും സ്വഭാവമോ ഒന്നും അവരുടെ ബന്ധത്തിന് തടസ്സമല്ല…
വിശ്വന്റെ ആ മറുപടിയിൽ അമ്പരന്നു പോയത് അക്ഷരാർത്ഥത്തിൽ ദിവ്യയായിരുന്നു….
” ചേച്ചി…!
വിളികേട്ട് തിരഞ്ഞു നോക്കിയപ്പോൾ അമൃതയാണ്,
” ചേട്ടൻ തിരികെ വരും അധികം വൈകാതെ തന്നെ വരും, എന്നോട് പറഞ്ഞിട്ട് ആണ് പോയത്..
” എനിക്കറിയാ മോളെ…
ദിവ്യ പറഞ്ഞു,
വീണ്ടും വസന്തവും ശിശിരവും ഒക്കെ കടന്നുപോയി, രണ്ടുവർഷം കഴിഞ്ഞിട്ടും അനന്ദു മാത്രം വന്നില്ല… ഇതിനിടയിൽ വിശ്വനാഥന്റെയോ ഇഷയുടെ ശാപം എന്നത് പോലെ ബ്രെയിൻ ട്യൂമർ ആയി വിവേക് ആർസിസിയിൽ ചികിത്സയിലാണ്.. ഇപ്പോൾ കണ്ടാൽ ഒരു അസ്ഥിപഞ്ചരം പോലെയായി മാറിയിരിക്കുന്നു, ഇതിനോടകം എട്ട് കീമോകളാണ് കഴിഞ്ഞത്.. ഇഷയും മോനും സുഖമായി യുകെയിൽ ഉണ്ട്. ജീവിതത്തിലെ ഒരു മോശമധ്യായം എന്നതുപോലെ അവൾ വിവേകിനെ മറന്നു കഴിഞ്ഞു, മകൻ ഇപ്പോൾ രണ്ടു വയസ്സ് ആകാൻ പോകുന്നു.. അവന്റെ കാര്യങ്ങളുമായി തിരക്കിലാണ് അവൾ, ജീവിതത്തിലേക്ക് ഇനിയൊരു കൂട്ട് എന്ന തീരുമാനത്തിൽ ഇതുവരെ അവൾ എത്തിയിട്ടില്ല.. ഒരുപക്ഷേ പിൽക്കാലത്ത് അങ്ങനെ ഒരു തീരുമാനം ഉണ്ടായേക്കാം,
അമ്പിളിക്ക് വിശ്വനാഥൻ തന്നെ പരിചയമുള്ള ഒരു തുണി കടയിൽ ജോലി ശരിയാക്കി കൊടുത്തു.. അമൃത ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുകയാണ് ആദ്യവർഷം.. ദീപ്തിയും മകനും ഭർത്താവിനൊപ്പം ജാർഖണ്ഡിലാണ്, ഇടയ്ക്കിടെ ദിവ്യയെ വിളിച്ച് വിശേഷങ്ങൾ തിരക്കാറുണ്ട്, ദിവ്യയെ പോലെ തന്നെ അവളുടെ വീട്ടുകാരും കാത്തിരിക്കുകയാണ് അനന്ദുവിന്റെ വരവിന് വേണ്ടി… മറ്റൊരു വിവാഹത്തിന് ഇനി ഒരിക്കലും മകളെ നിർബന്ധിക്കില്ലെന്ന് വിശ്വൻ തീരുമാനമെടുത്തിരുന്നു, നാട്ടിലെത്തി കുറച്ചുനാളുകൾ അയൽവക്കക്കാരുടെയും നാട്ടുകാരുടെയും ഒക്കെ പരിഹാസ വാക്കുകളും നോട്ടങ്ങളും ദിവ്യയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.. പക്ഷേ അവൾ മറ്റൊരു ലോകത്തിൽ ആയിരുന്നു എം കോം പൂർത്തിയാക്കി ഒരു സ്വകാര്യബാങ്കിൽ ചെറിയ ജോലിക്ക് കയറിയിരിക്കുകയാണ്, ദിവ്യ സമയം കിട്ടുമ്പോഴൊക്കെ അനന്തുവിന്റെ വീട്ടിൽ പോകും അമ്പിളിയെയും അമൃതയെയും കാണും… അവൻ ഇരിക്കാറുള്ള ആ ഷെഡ്ഡിൽ പോയി കുറച്ച് സമയം ഇരിക്കും,
ഇടവപ്പാതി കോരിച്ചൊരിയുകയാണ് സമയം നാലുമണിയോടെ അടുത്തിട്ടെ ഉള്ളൂ… എങ്കിലും റോഡുകൾ ഒക്കെ ഏകദേശം സന്ധ്യയോട് അടുത്തത് പോലെ ഇരുണ്ട് കിടക്കുന്നു… അല്പം നേരത്തെ ഇറങ്ങിയത് അമ്പലത്തിലേക്ക് പോകാനാണ്, കുറച്ചു ദിവസങ്ങൾ ആയി മനസ്സിൽ ഓർമ്മകൾ തിങ്ങിനിറയുകയാണ്.. ബസ്സിൽ നിന്ന് ഇറങ്ങി ഇടവഴിയിലൂടെ നടക്കുമ്പോൾ ഒരു ആളു പോലും റോഡിലില്ല, ആ ഏകാന്തത കുറച്ച് സമയം അവളെ ഒന്ന് ഭയപ്പെടുത്തിയിരുന്നു.. എങ്കിലും കുട നിവർത്തി മഴയിലൂടെ വീട്ടിലേക്ക് നടക്കാനാണ് അവൾ തീരുമാനിച്ചത്.. ഇനിയും നിന്നാൽ മഴ ചിലപ്പോൾ ഒരുപാട് കനക്കും സന്ധ്യയാവുകയും ചെയ്യും , ആൾ പാർപ്പില്ലാത്ത ഇടവഴയിൽ കൂടി മുന്നോട്ട് നടക്കുംതോറും ഒരു വാഹനത്തിന്റെ ഇരമ്പൽ അവൾ കേട്ടു.. ഒരു നിമിഷം അല്പം ഭയം തോന്നിയിരുന്നു, മഴ ശക്തിയായി പെയ്യുകയാണ് ഒപ്പം ഇടിയും, തന്റെ മുൻപിൽ കൊണ്ടുവന്ന് വട്ടം ചവിട്ടിയ വാഹനം അവൾ ഒന്ന് സൂക്ഷിച്ചു നോക്കി.. അതൊരു പോലീസ് വാഹനമായിരുന്നു…അതിൽ നിന്നും ഒരു നീളൻ കുടയും നിവർത്ത് ഒരാൾ ഇറങ്ങി വന്നു.. ഒരു നിമിഷം അവൾക്ക് കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചിരുന്നില്ല, യൂണിഫോമിലാണ് ആൾ…! കുളിര് നിറച്ച് പെയ്യുന്ന ആ മാരിയിൽ പോലും അവൾ വിയർത്തു പോയിരുന്നു…
” അനുവേട്ടൻ….
ചുണ്ടുകൾ മന്ത്രിച്ചു, കാറ്റിൽ അവളുടെ കയ്യിലിരുന്ന് കുട പറന്നു പോയത് പോലും അവൾ അറിഞ്ഞില്ല…
മഴ നനഞ്ഞ് തന്നെ നോക്കി നിൽക്കുന്നവളെ അവൻ തന്റെ കുടയിലേക്ക് ചേർത്തു നിർത്തി,
” സ്വപ്നം അല്ല സത്യമാണ്…!
അവളുടെ തോളിൽ പിടിച്ച് തന്നോട് ചേർത്തു നിർത്തി അവൻ പറഞ്ഞു, വലിയ മാറ്റമൊന്നും വന്നിട്ടില്ല ആൾക്ക്, നന്നായി ഒന്ന് തടിച്ചിട്ടുണ്ട് മീശ ഒരല്പം കട്ടി വെച്ചിട്ടുണ്ട്, താനേറേ ഇഷ്ടപ്പെട്ട ചുഴികളെ മറച്ച ദീക്ഷ ഇപ്പോൾ മുഖത്തില്ല.. അതുമാത്രമാണ് ആകെയുള്ള ഒരു മാറ്റം,
“അനുവേട്ട…!
ഇടറി പോയിരുന്നു വിളിച്ചപ്പോഴേക്കും..
” എന്തോ………
ഏറെ പ്രണയം നിറച്ച ഒരു മറുപടി,
“: എവിടെയായിരുന്നു ഇത്രയും നാൾ…
” നീയല്ലേ പറഞ്ഞത്, ഇനി കാക്കിയിട്ട് മാത്രമേ നിന്റെ മുൻപിൽ വന്നു നിൽക്കാവുന്ന്, അതിനു വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു ഞാൻ.. ട്രെയിനിങ്, ഫിസിക്കൽ ടെസ്റ്റ്, റിട്ടേൺ ടെസ്റ്റ് പിന്നെ പോസ്റ്റിങ്ങ് കിട്ടി കഴിഞ്ഞുള്ള ട്രെയിനിങ്, തിരക്കുകളിൽ ആയിരുന്നു പ്രൊബേഷൻ പീരീഡ് കഴിഞ്ഞ് ജോലി സ്ഥിരം ആയത് കഴിഞ്ഞ ദിവസമാണ്…. പിന്നെ വച്ച് താമസിപ്പിച്ചില്ല…
“:ഒന്ന് വിളിച്ചു പോലുമില്ലല്ലോ…
സന്തോഷം നിറഞ്ഞ കണ്ണീർ കണങ്ങളുട അകമ്പടിയോട് പറഞ്ഞു…
” നിന്റെ സ്വരം കേട്ടാൽ ഞാൻ തളർന്നുപോകും… ഈ ലോകത്തിന്റെ ഏതു കോണിലാണെങ്കിലും മറ്റെല്ലാം ഉപേക്ഷിച്ച് നിന്നെ കാണാനായി ഞാൻ ഓടിയെത്തും… എനിക്ക് വേണ്ടി നീ ഇത്രയൊക്കെ ത്യാഗങ്ങൾ സഹിക്കുമ്പോൾ നീ എന്നോട് ആവശ്യപ്പെട്ട ഒരു ആവശ്യം നിറവേറ്റാതെ ഞാൻ എങ്ങനെയാ നിന്റെ മുൻപിൽ വന്നു നിൽക്കുക,
പരിസരം മറന്നവൾ അവനെ കെട്ടിപ്പിടിച്ചു… ആകാശത്തേക്ക് കീറിമുറിച്ചുകൊണ്ട് ഒരു മിന്നൽ ഭൂമിയിലേക്ക് ഇറങ്ങിവന്നു, അവൾ ഭയന്നില്ല ഏറ്റവും സുരക്ഷിതമായ നെഞ്ചിൽ ആണ് അവൾ.. അവൻ അവളെ ഒരിക്കൽ കൂടി അടക്കി പിടിച്ചു,
‘എന്റെ മോളെ ഇങ്ങനെ ഒന്ന് ചേർത്ത് പിടിക്കാൻ എത്ര കാലമായി കൊതിക്കുന്നു…
അവളുടെ മുടിയിഴയിൽ തലോടി പറഞ്ഞു…
” ഇടുക്കി രാജക്കാട് എസ് ഐ ആണ്… ഒഫീഷ്യൽ ആയുള്ള പെണ്ണ് ചോദ്യത്തിനുള്ള വരവാണിത്. പക്ഷേ ഒരു വ്യത്യാസമുണ്ട് പെണ്ണ് കണ്ടങ്ങ് പോവല്ല, എന്റെ പെണ്ണിനെയും കൊണ്ട് പോകും… ഇനി നീയില്ലാതെ വയ്യ…
വീണ്ടും അടിച്ച കാറ്റിൽ അവന്റെ കുടയും പറന്നു തുടങ്ങിയിരുന്നു… പതിയെ കൈയ്യയച്ചു അവൻ അതിനെ സ്വതന്ത്രമായി പറക്കാൻ അനുവദിച്ചു… പിന്നെ പ്രിയപ്പെട്ടവളെ നെഞ്ചോട് ചേർത്ത് പിടിച്ചു ആ മഴ അവർ ഒരുമിച്ച് നനഞ്ഞു…! ആ വർഷത്തിന്റെ കുളിരിലും ഇരു ചുണ്ടുകളും തമ്മിൽ അധരമധുരം കൈമാറി, ഏറെ പ്രണയത്തോടെ ഒരു 19 വയസ്സുകാരിയുടെ മനസ്സിൽ എപ്പോഴും കയറിക്കൂടിയ ഒരു തെമ്മാടി ചെക്കൻ..! അവനെ സ്വന്തമാക്കാൻ സാധിക്കുമെന്ന വിശ്വാസം പോലുമില്ലാതെ സ്നേഹിച്ചവൾ, ഒരു പ്രതീക്ഷയുടെയും ഭാരമില്ലാതെ അവനെ നെഞ്ചിലേറ്റിയവൾ..! അതെ സ്നേഹം സത്യമാണെങ്കിൽ അത് കാലം തെളിയിക്കുക തന്നെ ചെയ്യും, പരസ്പരം പുണർന്നു നിൽക്കുമ്പോഴും ഇടതടവില്ലാതെ അവളുടെ നെറ്റിയിലും ചുണ്ടിലുമായി അവന്റെ ചുണ്ടുകൾ മാറിമാറി നൃത്തം ചെയ്തു, ഇനിയുള്ള ഓരോ വർഷകാലവും അവരുടെ പ്രണയത്താൽ നിറയട്ടെ…
തുടരും …