നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി. നേരത്തെ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചത്. 2007ല്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
അതിനിടെ, ബാലചന്ദ്രമേനോനെതിരെ നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലചന്ദ്രമേനോന്റെ പരാതിയില്‍ കൊച്ചി സൈബര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയില്‍ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമായിരുന്നു പരാതിയില്‍.
ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ നടന്‍ പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു. ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് നടിയുടെ അഭിഭാഷകനാണെന്നും പരാതിയിലുണ്ട്. കഴിഞ്ഞ സെപ്തംബര്‍ 13 ാം തിയതി തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. അഡ്വ.സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. മൂന്ന് ലൈംഗിക പീഡനക്കേസുകള്‍ തനിക്കെതിരെ വരുന്നു എന്നായിരുന്നു ഫോണ്‍കോളില്‍ പറഞ്ഞിരുന്നത്. ആ ഫോണ്‍ കോള്‍ കട്ട് ചെയ്തു.
അടുത്ത ദിവസം മണിയന്‍പിള്ള രാജുവിനെതിരെയും പരാതി നല്‍കിയ ഈ നടി സമൂഹ മാധ്യമങ്ങളിലടക്കം കമിങ് സൂണ്‍ എന്ന് പറഞ്ഞു കൊണ്ട് പോസ്റ്റിട്ടു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതേറ്റ് പിടിച്ച് തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും ബാലചന്ദ്രമേനോന്റെ പരാതിയിലുണ്ട്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു. ദേ, ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നടിയെ പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നടന്‍ ജയസൂര്യക്കെതിരെയുള്ള ലൈംഗികാരോപണവും ഇതേ സിനിമയുടെ സെറ്റിലായിരുന്നു.