നടന് അക്ഷയ് കുമാറിന്റെ ഒരു വീഡിയോ ഈ അടുത്ത് വൈറല്‍ ആയിട്ടുണ്ടായിരുന്നു. അതില്‍ മലയാളത്തിന്റെ പ്രിയ നടി സുരഭി ലക്ഷ്മിയെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. സുരഭി ലക്ഷ്മിക്കും അക്ഷയ് കുമാറിനും ദേശീയ അവാര്‍ഡ് ലഭിച്ചത് ഒരേ വര്‍ഷത്തിലാണ്. ആ സമയത്ത് സുരഭി ലക്ഷ്മിയുമായി സംസാരിച്ച ചില കാര്യങ്ങളാണ് അക്ഷയ് കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞത്. എത്ര സിനിമ അഭിനയിച്ചിട്ടുണ്ട് എന്ന് അക്ഷയ് കുമാര്‍ സുരഭി ലക്ഷ്മിയോട് ചോദിച്ചപ്പോള്‍ തന്റെ ആദ്യത്തെ പടമാണ് ഇതെന്ന് സുരഭി ലക്ഷ്മി പറഞ്ഞെന്നും ആദ്യത്തെ പടത്തില്‍ തന്നെ വന്നിട്ട് നാഷണല്‍ അവാര്‍ഡ് കൊണ്ടുപോയാല്‍ ഞാന്‍ എന്ത് പറയാനാണ്, അത് തനിക്ക് വളരെ ചമ്മലുണ്ടാക്കിയ ഒരു കാര്യമായിരുന്നു എന്നുമാണ് അക്ഷയ് കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇതാ അതില്‍ ചെറിയ തിരുത്തല്‍ ഉണ്ടെന്ന് പറയുകയാണ് നടി സുരഭി ലക്ഷ്മി.
View this post on Instagram
‘അതില്‍ ഒരു തിരുത്ത് ഉള്ളത് ഞാന്‍ തിരുത്തി തിരുത്തി മടുത്തു. അന്ന് അദ്ദേഹത്തോട് എന്റെ ആദ്യത്തെ സിനിമ എന്നല്ല ഞാന്‍ പറഞ്ഞത്, ഞാന്‍ ആദ്യമായി മെയിന്‍ റോള്‍ ചെയ്ത സിനിമ ആണ് ഇത് എന്നാണ് ഞാന്‍ പറഞ്ഞത്. പിന്നെ എന്റെ ഹിന്ദിയുടെ പരിമിതികള്‍ കൊണ്ട് അക്ഷയ്കുമാര്‍ അദ്ദേഹത്തിന് തെറ്റിപ്പോയതാണ്. ഇത് ഇനി ഒരു തിരുത്തല്‍ ഉണ്ടാകില്ല. അദ്ദേഹത്തിന് എന്റെ ഹിന്ദി മനസ്സിലാകാത്തത് കൊണ്ട് മാറിപ്പോയതാണ്. ഞാന്‍ ആദ്യമായിട്ട് ഒരു നായികയായി അഭിനയിച്ചത് എന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അതിനുമുമ്പും കുറെ കാര്യങ്ങള്‍ പറഞ്ഞിരുന്നു, അത് അദ്ദേഹം മറന്നു പോയിട്ടാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ പണ്ടത്തെ പരസ്യങ്ങളെ കുറിച്ച് ഒക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പഴയ സിനിമയെക്കുറിച്ചും ഞാന്‍ സംസാരിച്ചിട്ടുണ്ടായിരുന്നു.’, സുരഭി ലക്ഷ്മി പറഞ്ഞു.
അക്ഷയ് കുമാറിന്റെ പറഞ്ഞത് ഇങ്ങനെ;
ആദ്യമായി നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഉള്ള ഒരു അനുഭവം പറയാം. ഞാന്‍ ഇതുപോലെ ഇരിക്കുകയായിരുന്നു. എന്റെ അടുത്ത് ഒരു പെണ്‍കുട്ടി വന്ന് ഇരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു, സാര്‍ ഞാന്‍ നിങ്ങളുടെ ഒരു വലിയ ഫാന്‍ ആണെന്ന്. അവള് ഒരു മലയാളം അഭിനേത്രിയായിരുന്നു. എനിക്ക് അവാര്‍ഡ് കിട്ടിയതില്‍ എന്നെ അവള് അഭിനന്ദിക്കുകയും ചെയ്തു. ആ സമയത്ത് നാഷണല്‍ അവാര്‍ഡ് കിട്ടിയ അഭിമാനത്തിലായിരുന്നു ഞാന്‍. കുറച്ച് കഴിഞ്ഞ് അവള് എന്നോട് ചോദിച്ചു, സര് എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന്. ഞാന്‍ പറഞ്ഞു 135 പടങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന്. അപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു എത്ര സിനിമ ചെയ്തിട്ടുണ്ട് എന്ന്. അവള് പറഞ്ഞു, സാര്‍ ഇത് എന്റെ ആദ്യത്തെ പടം ആണെന്ന്. അവള് ആദ്യത്തെ പടത്തില്‍ തന്നെ വന്നിട്ട് നാഷണല്‍ അവാര്‍ഡ് കൊണ്ടുപോയാല്‍ ഞാന്‍ എന്ത് പറയാനാണ്. അത് എനിക്ക് വളരെ ചമ്മല് ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു.
STORY HIGHLIGHTS: Surabhi Lakshmi about Akshay Kumar Interview