രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കി ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി. ഒക്ടോബർ എട്ടിന് 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമ്മാന വേദിയിൽ വച്ച് മിഥുൻ ചക്രവർത്തിക്കും പുരസ്കാരം സമ്മാനിക്കും. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
നേരത്തെ പത്മഭൂഷൺ പുരസ്‌കാരം നൽകി രാജ്യം മിഥുൻ ചക്രവർത്തിയെ ആദരിച്ചിരുന്നു. കൂടാതെ 1977 ൽ ആദ്യ സിനിമയിലൂടെ തന്നെ മിഥുൻ ചക്രവർത്തി ദേശീയ പുരസ്ക്കാരം നേടിയിരുന്നു. മൃണാൾ സെന്നിന്റെ മൃഗയ എന്ന ചിത്രത്തിലൂടെയാണ് രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകാനായി ജൂറി തീരുമാനമുണ്ടായത്.
ജങ്, പ്രേം പ്രതിഗ്യാ, പ്യാർ ഝുക്ടാ നഹി, മർദ്, അഗ്നീപഥ്, മുജേ ഇൻസാഫ് ചാഹിയേ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെമ്പാടും ആരാധകരെ നേടിയെടുത്തു. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്.
STORY HIGHLIGHT: bollywood actor mithun chakraborty gets dadasaheb phalke