കോഴിക്കോട്: കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ആശുപത്രിയിലെ ആർഎംഒ അബു അബ്രഹാമിനെതിരെയാണ് പരാതി.
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിനോദ് കുമാർ ഈ മാസം 23നാണു മരിച്ചത്. ആശുപത്രിയിലെ ആർഎംഓ അബു അബ്രഹാം ലുക്ക് ആയിരുന്നു വിനോദ് കുമാറിന് ചികിത്സ നൽകിയത്.
എന്നാൽ പിന്നീട് വിനോദിന്റെ മകൻ ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് ചികിത്സിച്ച അബു എംബിബിഎസ് പാസായിട്ടില്ലെന്ന് മനസ്സിലായത്. സംഭവത്തിൽ കുടുംബം ഫറോക് പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടിയിലേക്ക് പൊലീസ് കടക്കും. നിലവിൽ സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ അഞ്ച് വർഷമായി ഈ ആശുപത്രിയിൽ ആർ.എം.ഒ. ആണ് അബു എബ്രഹാം ലൂക്ക്. പരാതിയെത്തുടർന്ന് ആർ.എം.ഒ. സ്ഥാനത്തുനിന്ന് ഇയാളെ മാറ്റി.