ഹൃദയരാഗം
ഭാഗം 69
അതെ സ്നേഹം സത്യമാണെങ്കിൽ അത് കാലം തെളിയിക്കുക തന്നെ ചെയ്യും, പരസ്പരം പുണർന്നു നിൽക്കുമ്പോഴും ഇടതടവില്ലാതെ അവളുടെ നെറ്റിയിലും ചുണ്ടിലുമായി അവന്റെ ചുണ്ടുകൾ മാറിമാറി നൃത്തം ചെയ്തു, ഇനിയുള്ള ഓരോ വർഷകാലവും അവരുടെ പ്രണയത്താൽ നിറയട്ടെ…
” അതെ ഇത് പൊതുവഴിയാ ഇവിടെ ഇങ്ങനെ നിന്നാലോ..? ആരെങ്കിലും കണ്ടാൽ പോലീസ് ഉദ്യോഗസ്ഥന് തന്നെയാണ് അതിന്റെ മാനക്കേട്…
ചെറുചിരിയോടെ അവനിൽ നിന്ന് അല്പം ആകുന്നവൾ പറഞ്ഞു…
അവൻ അവളെ ആകെ ഒന്ന് നോക്കി ഒരുപാട് മാറ്റം വന്നിരിക്കുന്നു. ഇപ്പോൾ ഒരു പക്വതയുള്ള പെൺകുട്ടിയായി തോന്നുന്നു, സംസാരത്തിലും നടപ്പിലും ഒക്കെ ഒരു ഇരുത്തം വന്നതുപോലെ, പണ്ട് അനുവേട്ടാ എന്ന് വിളിച്ച് കുറുമ്പും കുസൃതിയും നിറഞ്ഞ പെണ്ണൊന്നുമല്ല, പ്രായത്തിന്റെ പക്വതയോ അതോ അനുഭവങ്ങളുടെ ഉലയിൽ ഊതി കാച്ചിയ ഒരു നൊമ്പരത്തിൽ ലഭിച്ച പക്വതയോ..?
” ഹലോ ഇതെവിടെയാ…?
അവന്റെ മുഖത്തേക്ക് നോക്കി അവൾ ഒരിക്കൽ കൂടി ചോദിച്ചപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വന്നത്,
” കണ്ണ് നിറച്ചു കാണുക ആണ് ഞാൻ… എന്റെ ഹൃദയത്തിന്റെ ഉടമയെ…
ചുവന്ന മിഴികളെ അവളിൽ നിന്ന് ഒളിപ്പിക്കാൻ പാടുപെട്ടവൻ പറഞ്ഞു..
” നാളുകൾക്ക് ശേഷം ഞാനൊരുപാട് ആഗ്രഹിച്ച ഒരു നിമിഷമാണ് അനുവേട്ടാ ഇത്… ഇങ്ങനെ അനുവേട്ടൻ പോലീസ് ജീപ്പിൽ വരുന്നത് ഞാൻ എത്രയോ രാത്രികളിൽ സ്വപ്നം കണ്ടിട്ടുണ്ടെന്നോ.? ആ സ്വപ്നമാണ് ഇന്ന് സാക്ഷാൽക്കരിച്ചത്,
നിറഞ്ഞ കണ്ണുകൾ സാരി തലപ്പുകൊണ്ട് ഒപ്പി അവൾ പറഞ്ഞു…
” ഞാൻ വീട്ടിലേക്ക് വരട്ടെ, ഇപ്പോൾ തന്നെ.. എന്നിട്ട് നിന്റെ അച്ഛനോട് സംസാരിക്കട്ടെ,
ആകാംഷ നിറഞ്ഞ വാക്കുകൾ..
” ഇന്ന് വരണ്ട… ആദ്യം അനുവേട്ടൻ പോകുന്നത് സ്വന്തം വീട്ടിലേക്ക് ആവണം…. കാലങ്ങളായി ഏട്ടനെ കാണാൻ കാത്തിരിക്കുന്ന ഒരു അമ്മയുണ്ട് അവിടെ… അവിടെ ചെന്ന് അമ്മയെ കാണണം, അവർക്കുള്ള തുണ അനുവേട്ടൻ മാത്രമാണ്… അതുകഴിഞ്ഞ് നാളെ കാലത്ത് തന്നെ അനുവേട്ടൻ വീട്ടിൽ വരണം, അച്ഛനോട് സംസാരിക്കണം.. അച്ഛനിപ്പോൾ പഴയപോലെ ഒന്നുമല്ല ഒരുപാട് മാറി… ഒരു എതിർപ്പും ഉണ്ടാവില്ല, നമ്മുടെ കാര്യത്തിന് സമ്മതമേയുണ്ടാവു…
” അല്ലേലും സാരമില്ല… എന്താണെങ്കിലും ഈ വരവിൽ ഞാൻ ഒറ്റയ്ക്ക് തിരികെ പോവില്ല, കൂടെ പോകുമ്പോൾ നീ ഒപ്പം ഉണ്ടാവും… ഇനി നീയില്ലാതെ ഒരു നിമിഷം പോലും എനിക്ക് സാധിക്കില്ല…..
ഉറച്ചത് ആയിരുന്നു ആ വാക്കുകൾ..
” എനിക്കും അങ്ങനെ തന്നെയാണ്.. എത്ര കാലങ്ങൾക്ക് ശേഷമാണ് ഞാൻ ഒന്ന് ചിരിക്കുന്നത് എന്ന് അറിയോ…? ഈ ഒരാൾ ആയിരുന്നില്ലേ എന്റെ ലോകം, എന്റെ ജീവിതത്തിൽ എന്നും സന്തോഷം നിറച്ചിട്ടുള്ളത് ഈ മുഖം മാത്രമാണ്… ഒരു നോക്ക് പോലും കാണാതെ ജയിലിൽ നിന്ന് വന്നപ്പോഴേക്കും ദൂരെ എവിടേക്ക് ഓടി മറഞ്ഞു എന്നറിഞ്ഞപ്പോൾ ആദ്യം ഒരു വിങ്ങൽ ആയിരുന്നു മനസ്സിൽ.. പിന്നെ തോന്നി അതും എനിക്ക് തന്ന വാക്കിന്റെ പുറത്തല്ലേന്ന്,
” അന്ന് ആ പോലീസ് സ്റ്റേഷനിൽ വെച്ച് എല്ലാം തകർന്ന നിമിഷവും നീ എന്നോട് ആവശ്യപ്പെട്ടത് ഒന്ന് മാത്രമായിരുന്നു ഇനി എന്റെ മുൻപിൽ വരുന്നത് കാക്കി യൂണിഫോമിട്ടായിരിക്കണം എന്ന്… ആ ഒരു വാക്കിന്റെ പുറത്താണ് പിന്നീട് ഞാൻ അങ്ങോട്ട് ജീവിതം ആരംഭിച്ചത്, ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ….
അവൻ ഒന്ന് നിർത്തി…
” നിന്നോട് കടപ്പാട് ഉണ്ടെന്ന് ഞാൻ പറയില്ല, അതിന്റെ ആവശ്യം നിന്നോട് എനിക്കില്ലല്ലോ… നമ്മൾ ഒന്നല്ലേ…? പക്ഷേ എന്റെ ജീവിതം അത് നിനക്ക് വേണ്ടി മാത്രം ആണ്, അത് ഒരു കടപ്പാടിന്റെ പേരിലല്ല നിനക്ക് ഞാൻ തരുന്ന നിന്റെ അവകാശമാണ്… ഞാൻ പ്രതീക്ഷിച്ചതിലും ഒക്കെ ഒരുപാട് മുകളിൽ നീ എന്നെ സ്നേഹിച്ചു. സ്നേഹിച്ചു എന്നല്ല, നിന്റെ സ്നേഹത്താൽ ഞാൻ അത്ഭുതപ്പെട്ടു എന്ന് പറയുന്നതായിരിക്കും സത്യം… ഈ ലോകത്തിൽ ആർക്കെങ്കിലും ഇങ്ങനെ മറ്റൊരാളെ സ്നേഹിക്കാൻ സാധിക്കുമോ..?
” ഒന്ന് നിർത്തുന്നുണ്ടോ അനുവേട്ടാ… ഞാൻ എന്തോ വലിയ കാര്യം ചെയ്തതുപോലെ ഇങ്ങനെ പറയുമ്പോഴാ എനിക്ക് സങ്കടം തോന്നുന്നത്… അത്രമാത്രം ഒന്നും നടന്നിട്ടില്ല, എനിക്ക് അനുവേട്ടനോട് ഇഷ്ടം തോന്നി ആ ഇഷ്ടം തിരിച്ചറിഞ്ഞ നിമിഷം അനുവേട്ടന് അത് മനസ്സിലാക്കാൻ സാധിച്ചു, ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടു. ആ ജീവിതത്തിന്റെ നല്ലതിന് വേണ്ടി എന്തൊക്കെയോ ചെയ്തു… അതൊരു വലിയ കാര്യമായി പറയരുത്, അതാണ് എന്റെ വേദന….
വാക്കുകളിൽ പരിഭവം കലർന്നു..
” ഇല്ല മോളെ… അറിഞ്ഞുകൊണ്ട് ഇനി ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല,
അവളുടെ കവിളിൽ തലോടിയാണ് അവൻ അത് പറഞ്ഞത്….
” കേറൂ, അടുത്ത മഴയ്ക്ക് മുന്നേ ഞാൻ വീടിന്റെ മുന്നിൽ ഇറക്കാം…
” ഓക്കേ…! പിന്നെ അനുവേട്ടൻ നാളെ വരില്ലേ,
” അതെന്താടി നിനക്ക് എന്നെ ഒരു സംശയം പോലെ…
” സംശയം ഒന്നുമില്ല വരുമെന്ന് എനിക്ക് ഉറപ്പല്ലേ,
” ദേ ഈ നിമിഷം വീട്ടിൽ വന്ന് നിന്റെ അപ്പനോട് ചോദിച്ചു നിന്നെ കൂടെ കൊണ്ടാവാനും തയ്യാറായി ആണ് ഞാൻ എത്തിയത്…
മീശ തടവി പറഞ്ഞവൻ…
” ഇന്ന് വേണ്ട അനുവേട്ട… ഈ ഒരു രാത്രി എനിക്ക് ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമല്ല… ഇത്രകാലം നമ്മൾ കാത്തിരുന്നില്ലേ…? ഇനി ഒരു രാത്രി ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും മുൻപോട്ടുള്ള ജീവിതവും ആഗ്രഹിക്കാനുള്ള ഒരു രാത്രി… അത് നമുക്ക് ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതായിരിക്കും അനുവേട്ടാ,
അവനൊപ്പം ജീപ്പിലേക്ക് കയറുമ്പോഴും അവന്റെ കൈകൾ വിടാതെ അവളുടെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു… ഇനി ഒരിക്കലും ആർക്കും വിട്ടുകൊടുക്കില്ലന്ന് പറയാതെ പറയുന്നതുപോലെ.. അങ്ങോട്ടുള്ള യാത്രയിൽ വിവേകിന്റെ അവസ്ഥയെപ്പറ്റിയും ഇഷ വന്ന് കാട്ടിക്കൂട്ടിയ പരാക്രമങ്ങളെ പറ്റിയും ഒക്കെ അവൾ പറഞ്ഞിരുന്നു എല്ലാം കേട്ടപ്പോൾ അനന്തു അമ്പരന്നു പോയിരുന്നു.. താൻ വിചാരിച്ചതിലും എത്രയോ മുകളിലായിരുന്നു അവന്റെ ക്രിമിനൽ പശ്ചാത്തലം എന്നാണ് ആ നിമിഷം അനന്തു ചിന്തിച്ചത്.. അവിടെയും ഒരു പെൺകുട്ടിയെ ചതിച്ച് ഇവിടെയും ഒരു പെൺകുട്ടിയെ ചതിക്കുവാനുള്ള പുറപ്പാടിൽ ആയിരുന്നു അവൻ.. അവന്റെ അവസ്ഥയിൽ ഒട്ടും സഹതാപം തോന്നിയിരുന്നില്ല അനന്തുവിന് എന്നതാണ് സത്യം, വിശ്വാസവഞ്ചന ദൈവത്തിന്റെ കോടതിയിൽ ഒരിക്കലും അംഗീകരിക്കപ്പെടില്ല . അനാഥയായിരുന്ന ഒരുവളെ സനാദയാക്കാമെന്ന മോഹം നൽകി അവൻ വിശ്വാസവഞ്ചന കാണിച്ചതിന് ഈശ്വരൻ നൽകിയ ശിക്ഷ ആയിരിക്കുമെന്ന് ആ നിമിഷം അനന്തുവിന് തോന്നിയത്…
വീട് അടുക്കാറയപ്പോൾ രണ്ടുപേരുടെയും ഹൃദയം വേർപിരിയാൻ മടിച്ചു നിന്നു…
” പോട്ടെ….?
അവന്റെ മുഖത്തേക്ക് നോക്കിയവൾ ചോദിച്ചു…
” വേണ്ട….
അവൻ നിഷേധത്തോടെ തലയനക്കി… അവളുടെ കൈകളിലെ പിടി മുറുക്കി വന്നു,
” എവിടെയും പോണ്ട എന്റെ കൂടെ ഇങ്ങനെ ഇരുന്നാൽ മതി…
കൊച്ചു കുട്ടികളെ പോലെ പറഞ്ഞവൻ….
ഒന്നും മിണ്ടാതെ ആ കരങ്ങളിൽ അവൾ ചൂണ്ട് ചേർത്തു… പിന്നെ കുറെ സമയം അത് തന്റെ കവിളോട് ചേർത്തു പിടിച്ചു, കൈകളിൽ ചൂട് ഏറ്റപ്പോൾ ആണ് അവൾ കരയുക ആണെന്ന് അവന് മനസ്സിലായത്..
” മോളെ ദിവ്യ …..
ഏറെ ആർദ്രമായി അവൻ വിളിച്ചു,
“എന്തോ….
അതിലുമാർദ്രമായി അവൾ മറുപടി കൊടുത്തു…
“‘ ലവ് യു ഡാ….. റിയലി ലവ് യു..
കയ്യിൽ പിടിച്ചിരുന്ന കൈകൾ കൊണ്ട് തന്നെ അവളെ തന്നോട് വലിച്ചു ചേർത്ത് മൂർദ്ധാവിൽ ചുണ്ടുകൾ അമർത്തിയിരുന്നു അവൻ… വർഷങ്ങൾക്കുശേഷം ശരീരത്തെ ആവരണം ചെയ്ത കരുതലിന്റെ സ്പർശം, അത് തന്റെ ശരീരത്തെ മറ്റൊരു അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിക്കുന്നു, സിരകളിൽ പോലും അഗ്നിപടർത്തുന്നു, ഉള്ളിൽ നിറഞ്ഞ നിന്ന് വിഷാദം ഒക്കെ എവിടേക്കൊ മാഞ്ഞുപോകുന്നത് അവൾ അറിഞ്ഞിരുന്നു, താൻ പോലും അറിയാതെ തന്നിൽ സന്തോഷത്തിന്റെ അലയോലികൾ ഉണരുന്നത് അവൾ തിരിച്ചറിഞ്ഞു… ഈ ഒരാളുടെ അസാന്നിധ്യമായിരുന്നില്ലേ തന്നെ ഇത്രയും കാലം വിഷാദത്തിന്റെ ചുഴിയിലേക്ക് എറിഞ്ഞത്..? ഈ ഒരുവനാൽ പൂക്കാൻ വെമ്പി നിന്ന് വസന്തം അല്ലേ തന്റെ മനസ്സിൽ വിരഹത്തിന്റെ വർഷമായി പെയ്തത്, മഴ പെയ്തൊഴിഞ്ഞു മാനം തെളിഞ്ഞു, ഇനി വസന്തമാണ് തങ്ങളെ കാത്തിരിക്കുന്ന പ്രണയത്തിന്റെ ചുവന്ന വസന്തം.. ആ വസന്തത്തിൽ അവന്റെ പ്രണയലാസ്യഭാവങ്ങൾക്ക് അനുസരിച്ച് താൻ ചുവക്കും, ഒരു വാക പോലെ തളിർക്കും, പിന്നെ തളർന്ന് അവനിലേക്ക് തന്നെ പതിക്കും… അങ്ങനെ പ്രണയം കൊണ്ട് തന്നിൽ മാന്ത്രികത നിറയ്ക്കാൻ സാധിക്കുന്ന ഈ മായാജാലക്കാരനോപ്പം ഒരു ജീവിതകാലം മുഴുവൻ അങ്ങനെ ഒന്നായി പൂത്ത്, തളിർത്ത്, വിടർന്ന്, അവസാനം കൊഴിഞ്ഞു വീണു ഒരു മണ്ണിൽ അവനോട് അലിഞ്ഞ് അതാണ് തന്റെ പ്രണയ സാക്ഷാത്കാരം, അത്രമേൽ പ്രിയമോടെ ആ ഒരുവനായി വീണ്ടും ജനിക്കണം.
തുടരും…
പാവങ്ങൾ ഒത്തിരി സഹിച്ചില്ല…? ഇനി കുറച്ചു റൊമാൻസ് തന്നിട്ട് നിർത്താം. ബോർ ആക്കില്ല, 2 or 3 parts,