ഹൃദയരാഗം
ഭാഗം 70
അങ്ങനെ പ്രണയം കൊണ്ട് തന്നിൽ മാന്ത്രികത നിറയ്ക്കാൻ സാധിക്കുന്ന ഈ മായാജാലക്കാരനോപ്പം ഒരു ജീവിതകാലം മുഴുവൻ അങ്ങനെ ഒന്നായി പൂത്ത്, തളിർത്ത്, വിടർന്ന്, അവസാനം കൊഴിഞ്ഞു വീണു ഒരു മണ്ണിൽ അവനോട് അലിഞ്ഞ് അതാണ് തന്റെ പ്രണയ സാക്ഷാത്കാരം, അത്രമേൽ പ്രിയമോടെ ആ ഒരുവനായി വീണ്ടും ജനിക്കണം.
മഴയായതുകൊണ്ട് തന്നെ പുറത്ത് നിന്നും തുണിയല്ലാം എടുത്ത് മടക്കിവെക്കുന്നതിനിടയിലാണ് പുറത്തൊരു വാഹനം കൊണ്ടു നിർത്തുന്ന ശബ്ദം അമ്പിളി കേട്ടത്, ഇവിടേക്ക് പൊതുവേ വാഹനങ്ങൾ ഒന്നും വരാത്തത് കൊണ്ട് തന്നെ എന്താണെന്ന് സംശയിച്ചാണ് അവർ ഉമറത്തേക്ക് ഇറങ്ങിയത്.. ഒരു പോലീസ് വാഹനമാണെന്ന് കണ്ടതും അവരുടെ ഉള്ളിൽ ഒരു ഭയം നിറഞ്ഞിരുന്നു, ആദ്യം ഓർമ്മ വന്നത് അനന്തുവിനെ കുറിച്ചാണ്.. അവൻ ഇനി എന്തെങ്കിലും തെറ്റിലേക്ക് പോയിട്ടുണ്ടോന്ന ചിന്ത… എന്നാൽ ജീപ്പിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് അവരുടെ കണ്ണുകൾ വിടർന്നു….
” മോനെ….
നെഞ്ച് തകർന്നുവിളിച്ച് അവർ ഓടി അവന് അരികിലേക്ക് ചെന്നു… ചെറുചിരിയോടെ അവനവരെ നെഞ്ചിലേക്ക് ചേർത്തു…
“അമ്മയ്ക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ,ഇത് അമ്മയുടെ മോനാണെന്ന്….
അവൻ ചോദിച്ചു…
” സത്യമാണോടാ ഇത്…
വിശ്വാസം വരാത്തതുപോലെ ഒരിക്കൽ കൂടി അവർ ചോദിച്ചു,
” സത്യമാണെന്ന്… ഇതിനു വേണ്ടിയായിരുന്നു ഇത്രയും കാലം ഇവിടെ നിന്നും മാറി നിന്നത്, അവൾക്ക് കൊടുത്ത വാക്കായിരുന്നു അത് ….
” അമ്മയ്ക്ക് സന്തോഷായി, അച്ഛന്റെ ആഗ്രഹമായിരുന്നു. അത് എന്റെ മോൻ സാധിച്ചല്ലോ…
” അമ്മു എവിടെ….
അകത്തേക്ക് നോക്കി അവൾ ചോദിച്ചു…
” അവൾ കോളേജിൽ പോയിരിക്കയാ… കുറച്ചും കൂടി കഴിയും വരാൻ, നീ മോളെ കണ്ടോ…?
കണ്ണുനീർ തുടച്ചു അവർ ചോദിച്ചു…
” കണ്ടു… സംസാരിച്ചു….
ഏതോ ഓർമയിൽ അവന്റെ ചോടിയിൽ ഒരു പ്രകാശം കടന്നു വന്നു…
” ഇനി വച്ച് താമസിപ്പിക്കേണ്ട, നമുക്ക് നാളെ തന്നെ പോണം അവളുടെ വീട്ടിൽ… ആ കുട്ടി എന്ത് സഹിച്ചു എന്നറിയോ.. പറ്റുമ്പോഴൊക്കെ സമയമുണ്ടാക്കി വരും, അമ്മുവിന് പഠിക്കാനുള്ളതൊക്കെ പറഞ്ഞു കൊടുക്കും, എന്റെ അടുത്ത് നിന്നും ഒരുപാട് സഹായങ്ങളൊക്കെ ചെയ്താ പോകാറ്… എത്ര ചിരിച്ച് സംസാരിച്ചാലും ആ മുഖത്ത് നിറഞ്ഞുനിൽക്കുന്ന വിഷാദത്തിൽ മനസ്സിലാകും നിന്റെ സാന്നിധ്യം അവൾ ആഗ്രഹിക്കുന്നുണ്ടെന്ന്.. ഇത്രയും നിന്നെ സ്നേഹിച്ചെങ്കിൽ അത് നിന്റെ പുണ്യമാണ്,
അമ്പിളി പറഞ്ഞു
” അതെ എന്റെ പുണ്യമാണ്…. അച്ഛനും അമ്മയും ചെയ്ത പുണ്യം അവൾ ആയിട്ട് എനിക്ക് ലഭിക്കുകയായിരുന്നു, എത്രയോ വട്ടം ഞാൻ അവളെ അവഗണിച്ചിട്ടുണ്ടെന്നോ, ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്, അപ്പോഴൊക്കെ സ്നേഹം കൊണ്ട് എന്റെ മനസ്സിലേക്ക് ഒരു മായാജാലം തീർക്കുകയായിരുന്നു, അവളെ ഇനി ഒറ്റയ്ക്കാക്കാൻ വയ്യ അമ്മേ… അമ്മ പറഞ്ഞതുപോലെ,
അമ്പിളി ഒന്ന് നിറഞ്ഞു ചിരിച്ചു..
അന്ന് രാത്രി എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് അനന്തു വന്ന കാര്യം വിശ്വനോടും സുഭദ്രയോടും ദിവ്യ പറഞ്ഞത്… എന്നാൽ അവന്റെ ജോലിയെ കുറിച്ച് ഒന്നും തന്നെ പറഞ്ഞിരുന്നില്ല,
” നീ കണ്ടോ…?
തളർന്ന സ്വരത്തോടെ വിശ്വൻ ചോദിച്ചു,
” കണ്ടു നാളെ ഇങ്ങോട്ട് വന്ന് അച്ഛനെ കാണുന്നുണ്ടെന്നാണ് പറഞ്ഞത്…
” വരട്ടെ എത്രയും പെട്ടെന്ന് നടത്തണം, ഇനി എന്റെ മോളുടെ സങ്കടം കാണാൻ വയ്യ…
അച്ഛൻ എത്ര മാറിയെന്നായിരുന്നു ആ നിമിഷം അവൾ ചിന്തിച്ചത്… ദീപക്കിന്റെ മുഖത്ത് പോലുമുണ്ട് സന്തോഷം, ആ രാത്രിയിൽ ഉറങ്ങാൻ ഒട്ടും ബുദ്ധിമുട്ടിയില്ല, വർഷങ്ങൾക്കു ശേഷം യാതൊരു വ്യാകുലതകളും ഇല്ലാതെ ഏറെ സ്വപ്നങ്ങളോടെയും പ്രതീക്ഷകളോടെയും നിദ്രയെ പുൽകാൻ അവൾക്ക് കഴിഞ്ഞിരുന്നു… കാലത്തെ തന്നെ അമ്പലത്തിലേക്ക് പോയി പ്രാർത്ഥനയൊക്കെ കഴിഞ്ഞ് തിരികെ വന്നപ്പോൾ പടിപ്പുരയിലാ പൊലീസ് ജീപ്പ് ഇടം പിടിച്ചിരിക്കുന്നത് കണ്ടു, ആള് രാവിലെ തന്നെ വന്നിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി…. ഹൃദയം പൊട്ടും പോലെ തോന്നിയവൾക്ക് അല്ലെങ്കിൽ അത് പണ്ടും അങ്ങനെയാണല്ലോ.. ആ ഒരുവന്റെ സാന്നിധ്യത്തിൽ താൻ താൻ അല്ലാതെ ആവുന്നത് പോലെ, എപ്പോഴും അവൻ അരികിൽ നിൽക്കുമ്പോൾ തന്നിൽ എന്തൊക്കെയോ വികാരങ്ങൾ നിറഞ്ഞു തുളുമ്പുന്നത് പോലെ.. ഇതാദ്യമല്ല ശരീരത്തിന് ഒരു വിറയൽ അനുഭവപ്പെടുന്നത്, ആത്മധൈര്യം വീണ്ടെടുത്ത് അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടിരുന്നു അമ്മയെയും ആളെയും…. ആഷ് കളറിലുള്ള ഒരു ഷർട്ട് ആണ് വേഷം അതിനു ചേരുന്ന തരത്തിലുള്ള ഒരു മുണ്ടും, എത്ര കാലങ്ങൾക്ക് ശേഷമാണ് ആളെ ഇങ്ങനെ നാടൻ വേഷത്തിൽ കാണുന്നത്.,. അറിയാതെ ഒന്ന് നോക്കി പോയിരുന്നു, തന്നെ കണ്ടതും ഗൗരവത്തിൽ അച്ഛനോട് എന്തോ സംസാരിച്ചുകൊണ്ട് തനിക്ക് മാത്രം കാണാൻ പാകത്തിന് കുസൃതി കണ്ണിൽ ഒളിപ്പിച്ച് കണ്ണുകൾ കൊണ്ട് കുറുമ്പ് കാട്ടി..
” മോള് കാലത്ത് അമ്പലത്തിൽ പോയിരുന്നോ..?
തന്നെ കണ്ടതും അമ്പിളിയമ്മ ചോദിച്ചു,,,
“ആഹ് അമ്മേ..! ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം എന്ന് കരുതി…
” ഞങ്ങളെ കല്യാണത്തിന്റെ കാര്യം സംസാരിക്കുകയായിരുന്നു… അവൻ പറയുന്നത് രജിസ്റ്റർ ഓഫീസിൽ വച്ച് ഒരു ഒപ്പിട്ടതിനുശേഷം അമ്പലത്തിൽ വന്ന് താലികെട്ട് എന്ന്… വലിയ ആഘോഷങ്ങളും ആഡംബരങ്ങളും ഒന്നും വേണ്ട എന്ന്, എന്താണ് മോളുടെ അഭിപ്രായം…?
അമ്മ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…
” ആഡംബരങ്ങളിലും ആർഭാടങ്ങളിലും അല്ലല്ലോ അമ്മ കാര്യം, എങ്ങനെ ജീവിക്കുന്നു എന്നതിലല്ലേ..? അനുവേട്ടന്റെ അഭിപ്രായം തന്നെയാ ഇക്കാര്യത്തിൽ എനിക്കും, പിന്നെ ബാക്കി ഒക്കെ അമ്മയുടെയും അച്ഛന്റെയും ഒക്കെ ഇഷ്ടം….
ദിവ്യ പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചു…
” ഞാനും പറയുന്നത് അത് തന്നെയാണ്,
ആ അഭിപ്രായത്തെ വിശ്വനും പിന്തുണച്ചു, വെറുതെ ബന്ധുക്കാരെയും കൂട്ടക്കാരെയും ഒക്കെ വിളിച്ച് അവരുടെ വായിൽ നിന്നും നമ്മളെ കുറിച്ച് എന്തെങ്കിലുമൊക്കെ കുറ്റം പറയിപ്പിച്ച് ഈ ആർഭാടം കാണിക്കുന്നതിലും നല്ലത് കുട്ടികള് പറഞ്ഞതുപോലെ ലളിതം ആയിട്ടുള്ള ഒരു ചടങ്ങ് തന്നെയാണ്.. പിന്നെ ഞാനത് പറയാതിരുന്നത് ഇയാൾ ഇപ്പോൾ ഒരു പോലീസ് ഓഫീസർ അല്ലേ..? അപ്പോൾ വിവാഹം എന്നൊക്കെ പറയുമ്പോൾ ആർഭാടമായി നടത്തണമെന്ന് തോന്നിയ അത് ഞാൻ പറഞ്ഞാൽ മോശമാവില്ലേ…?
അവനൊന്ന് ചിരിക്കുക മാത്രം ചെയ്തു….
” മൂത്തവളെ നല്ലതായിട്ട് തന്നെയാ കല്യാണം കഴിപ്പിച്ചു വിട്ടത്, ആവശ്യത്തിനുള്ളതൊക്കെ കൊടുത്തിട്ടുണ്ട്.. ഇവൾക്കും ഒട്ടും കുറയ്ക്കാൻ പാടില്ലന്നാ എന്റെ താല്പര്യം.. ഞങ്ങളുടെ കടയിരിക്കുന്നതിനോട് ചേർന്ന് കുറച്ച് സ്ഥലം ഉണ്ട്, അത് ഇവൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നത് ആണ്… അത് അവളുടെ പേരിൽ ആധാരം ചെയ്തു തരാം,
” അത് വേണ്ട അച്ഛാ….
മറുപടി പറഞ്ഞത് അനന്തുവാണ്,
” വിഷമം വിചാരിക്കരുത് അച്ഛന് അച്ഛന്റെ മകൾക്ക് എന്തുവേണമെങ്കിലും കൊടുക്കാം, അതിന് ഞാൻ ഒരിക്കലും തടസ്സം പറയില്ല. അത് എടുത്തു പിടിച്ച് ചെയ്യുമ്പോൾ സ്ത്രീധനം തന്നെയാണ്. അവളെയാണ് ഞാൻ സ്നേഹിച്ചത്.. അവളെ മാത്രം, മറ്റൊന്നും എനിക്ക് വേണ്ട, അവളെ ഇപ്പൊൾ എന്റെ കൂടെ പറഞ്ഞയച്ചാലും സന്തോഷമേയുള്ളൂ, എനിക്ക് ഏറ്റവും വലിയ സ്ത്രീധനമാണ് അച്ഛൻ തന്നത്, നല്ല മനസ്സുള്ള സ്നേഹിക്കാൻ മാത്രം അറിയാവുന്ന സ്നേഹം കൊണ്ട് തോൽപ്പിക്കാൻ കഴിവുള്ള ഒരു മകളെ, അങ്ങനെ ഒരു മകളെ വാർത്തെടുത്തത് അച്ഛനും അമ്മയും ചേർന്നാണ്. അതാണ് ഒരു പുരുഷന് കിട്ടാവുന്ന ഏറ്റവും വലിയ സ്ത്രീധനം, അതിനപ്പുറം മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് വേണ്ട…. അവൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു, ഇപ്പൊ അവൾക്ക് സ്വന്തം കാല് നിൽക്കാൻ പറ്റുന്നുണ്ട്, അതൊക്കെ നിങ്ങൾ ചെയ്തതാണ്, മുന്നോട്ടുള്ള ജീവിതത്തിൽ അവൾക്ക് അത് മതി.. അല്ലാതെ നിങ്ങൾ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ സ്വത്ത് വേണ്ട, വാർദ്ധക്യകാലത്ത് നിങ്ങൾ കടക്കാർ ആവുന്നതിലും നല്ലത് ഞങ്ങൾ പതുക്കെ സമ്പാദിച്ചു തുടങ്ങുന്നത് അല്ലേ..? എനിക്കും തെറ്റില്ലാത്ത ശമ്പളമുണ്ട്. അവളുടെ ആവശ്യങ്ങൾക്കുള്ളത് അവൾക്കും കിട്ടും അതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല. എത്രയൊക്കെ നമ്മളെ സമ്പാദിച്ചു കൂട്ടിയാലും ഒരിക്കൽ നമ്മൾ ഈ ലോകത്തിൽ നിന്ന് പോകും.. അന്ന് ഒന്നും കൊണ്ടുപോകാൻ പറ്റില്ല, അതുകൊണ്ട് എല്ലാം ആവശ്യത്തിന് മതിയെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാൻ സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും അവളെ മാത്രമാണ്,
അച്ഛന്റെ മിഴികളിൽ ആളോട് ഉള്ള ബഹുമാനം കണ്ടപ്പോൾ എനിക്ക് അഭിമാനമാണ് തോന്നിയത്. ഒരിക്കൽ അച്ഛൻ ഈ മുറ്റത്തുനിന്നും ആട്ടി ഇറക്കിവിട്ട വ്യക്തിയാണ്. ഈ നിമിഷം അച്ഛന് അമ്മായിയെയും വിവേകിനെയും ഓർത്തിട്ടുണ്ടാവും എന്ന് എനിക്ക് ഉറപ്പായിരുന്നു, പെണ്ണുകാണലിന് വന്നപ്പോൾ മുതൽ എണ്ണിപ്പറക്കി സ്വത്തിന്റെ കണക്ക് പറഞ്ഞവരാണ് അവർ.
“മോൻ പറയുന്നതൊക്കെ ശരിയാണ്, എങ്കിലും അച്ഛൻ എന്ന നിലയ്ക്ക് എനിക്കും ആഗ്രഹമില്ലേ..?
” അച്ഛന്റെ ആഗ്രഹം ന്യായമാണ് അതുപോലെതന്നെ എന്റെയും, അച്ഛൻ അവൾക്ക് കൊടുക്കാനുള്ളതെല്ലാം കൊടുത്തു എന്ന് കരുതിയാൽ മതി. തിരികെ അച്ഛനൊരു സമ്മാനമായി അവളത് നൽകിയിരുന്നുവെന്നും അപ്പോൾ വിഷമം തീരും…
ഇനി ഒന്നും പറയാഞ്ഞിട്ടും കാര്യമില്ലന്ന് അച്ഛന് തോന്നിയിരുന്നു, അച്ഛന്റെ അരികിൽ തന്നെ അഭിമാനം നിറഞ്ഞ മിഴികളോടെ എന്നെ നോക്കി അമ്മയും നിൽപ്പുണ്ട്. എന്റെ തിരഞ്ഞെടുക്കൽ തെറ്റായില്ലന്ന് രണ്ടുപേർക്കും മനസ്സിലായി. ഒരു മധുര പ്രതികാരം പോലെ ഞാൻ രണ്ടുപേരുടെയും മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഞങ്ങളെ എതിർത്തവർ ഞങ്ങളെ കുറ്റം പറഞ്ഞവർ, ഇന്ന് ഞങ്ങളെ അഭിമാനത്തോടെ നോക്കുകയാണ്. അതാണ് അവർക്ക് എനിക്ക് കൊടുക്കാനുള്ള മറുപടി. എന്റെ ജീവിതം കൊണ്ടുള്ള മറുപടി..
തുടരും..