ടൊവിനോ തോമസ്, സുരഭി ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം വലിയ പ്രേക്ഷക പിന്തുണയോട് കൂടി തിയേറ്ററില്‍ മുന്നേറുകയാണ്. നൂറ് കോടിക്ക് മുകളിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍.
മോഹന്‍ലാലിന്റെ ശബ്ദ സാന്നിധ്യവും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തില്‍ സുരഭി ലക്ഷ്മി വളരെ മികച്ച ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോളിതാ സിനിമയിലെ വേതനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി.
‘പൈസയെ കുറിച്ച് സംസാരിക്കുമ്പോള്‍ വേതനത്തിന്റെ കാര്യത്തില്‍ അവര് അത്രയും ഏറെ പറഞ്ഞ് പറഞ്ഞ് നമുക്ക് തന്നെ തോന്നും ഇത്ര ദാരിദ്ര്യം വെച്ച് എന്തിനാണ് ദൈവമേ ഈ പടം എടുക്കുന്നത് എന്ന്. കോടികള്‍ ഒന്നുമല്ല ചോദിക്കുന്നത്, നടിമാരെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ പൈസയാണ് കിട്ടുന്നത്. പിന്നെ അതിനകത്തുനിന്ന് തന്നെ പലരും അവരെ വിളിക്കുന്നു, അതിന്റെ അടുത്ത പൊസിഷനില്‍ ഉള്ള ആള്‍ വിളിക്കുന്നു, അതിന്റെയും അടുത്ത ആള്‍ വിളിക്കുന്നു…. എല്ലാം കൂടെ വിളിച്ച് വിളിച്ച് കഴിയുമ്പോഴേക്കും നമ്മള്‍ മുറുകി നില്‍ക്കുന്ന ഒരു അവസ്ഥ വരും. പിന്നെ അതില്‍ ഉറപ്പിക്കാം എന്ന് പറയും. ചന്തയില്‍ വിലപേശുന്നത് പോലെ വിലപേശേണ്ടിവരും. അങ്ങനെയാണ് ഒരു തുക കിട്ടുന്നത്.
പിന്നെ അതിന്റെ ഡബ്ബിങ് കൂടെ കഴിഞ്ഞു കഴിയുമ്പോള്‍ അതിന്റെയും പകുതി പൈസ മാത്രമേ നമുക്ക് കിട്ടുകയുള്ളൂ. പിന്നെ അവരുടെ പിന്നാലെ നമ്മള്‍ പണിയെടുത്ത പൈസയ്ക്ക് വേണ്ടി ഇരന്ന് നടക്കണം. അതിനൊരു എഗ്രിമെന്റോ കാര്യങ്ങളോ ഒന്നുമില്ല. അവര് കൃത്യമായി നമ്മളുടെ കൈയില്‍ നിന്നും എഗ്രിമെന്റ് വാങ്ങിക്കാറുണ്ട്. അതിന്റെ ഒരു കോപ്പി ചോദിച്ചാല്‍ അത് തരില്ല. പിന്നെ ഇത് എല്ലാ സിനിമയിലും ഉണ്ട് എന്നല്ല, ഞാന്‍ പറയുന്നത് ഇവിടെ പല രീതിയിലുള്ള സിനിമകളാണ് നടക്കുന്നത്. എല്ലാ സിനിമകളെയും ഒരേപോലെ താരതമ്യപ്പെടുത്താനും പറ്റില്ല.’, സുരഭി ലക്ഷ്മി പറഞ്ഞു.
STORY HIGHLIGHTS: Surabhi Lakshmi about Remuneration