Entertainment

എന്തുവന്നാലും പിടിച്ചു നിന്നേ പറ്റൂ, കാരണം അത്രയും ആഗ്രഹമാണ് അഭിനയത്തോടെന്ന് നടി സ്വാസിക

എനിക്കു കഴിവുണ്ടെന്ന് തെളിയിക്കേണ്ടത് എന്റെ ആഗ്രഹമാണ്. അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും ഞാന്‍ തയാറാണ്

മീ ടു മുതല്‍ ലൈംഗിക പീഡനങ്ങള്‍ വരെ നടക്കുന്നുണ്ടെന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുന്ന ഇന്ത്യന്‍ സിനിമാ മേഖലയില്‍ കേരളത്തിന്റെ കൈയ്യൊപ്പു ലചാര്‍ത്തുന്ന ചിലരുണ്ട്. അത് തന്റെ കഴിവും പ്രയത്‌നവും നിതാന്ത ജാഗ്രതയും കൊണ്ടാണെന്നു മാത്രം. അങ്ങനെയൊരു നടിയാണ് സ്വാസിക. മലയാളത്തില്‍ ഇപ്പോള്‍ എണ്ണം പറഞ്ഞ നടിമാരില്‍ ഒരാള്‍. സ്വാസികയുടെ ലബര്‍ പന്ത് എന്ന സിനിമയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അതിലെ തകര്‍പ്പന്‍ അഭിനയത്തിന്റെ ഹാംങോവറില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖവും നല്‍കുന്നുണ്ട്. ചില അഭിമുഖങ്ങള്‍ ഇപ്പോള്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. അതിലൊക്കെ സ്വാസിക പറയുന്ന കാര്യങ്ങള്‍ ഹൃദയത്തില്‍ തട്ടിയുള്ളതാണെന്ന് പറയാതെ വയ്യ.

എന്തൊക്കെ വന്നാലും ഇവിടെ പിടിച്ചു നിന്നേ പറ്റൂ. കാരണം അത്രയും ആഗ്രഹമാണ് അഭിനയത്തോടെന്നാണ് സ്വാസിക പറയുന്നത്. എനിക്കു കഴിവുണ്ടെന്ന് തെളിയിക്കേണ്ടത് എന്റെ ആഗ്രഹമാണ്. അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും ഞാന്‍ തയാറാണ്. കഴിഞ്ഞ വര്‍ഷം ചതുരം എന്ന സിനിമ മലയാളത്തില്‍ എനിക്കു കിട്ടി. അതിലൂടെ നിരൂപകശ്രദ്ധ നേടാന്‍ കഴിഞ്ഞു. കരിയറിന്റെ തുടക്കത്തിലും ഞാന്‍ തമിഴ് സിനിമ ചെയ്തിരുന്നു. അതൊന്നും ഇതുപോലെ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ലബര്‍ പന്ത് റിലീസ് ആയി രണ്ടാം ദിവസം മുതല്‍ വലിയ സ്വീകാര്യതയാണ് കിട്ടികൊണ്ടിരിക്കുന്നതെന്നും സ്വാസിക പറയുന്നു. അഭിനയം വിട്ടൊരു കളിയില്ല.

ഞാന്‍ അഭിനയിച്ച ‘വാസന്തി’ എന്ന സിനിമയുടെ പോസ്റ്ററും പാട്ടുകളും ലബര്‍ പന്തിന്റെ സംവിധായകന്‍ തമിഴരസന്‍ പച്ചമുത്തു കണ്ടിരുന്നു. സംഗീത സംവിധായകന്‍ ദിബു നൈനാന്‍ തോമസിന്റെ സുഹൃത്താണ് ലബര്‍ പന്തിന്റെ സംവിധായകന്‍ തമിഴരസന്‍ പച്ചമുത്തു. ദിബുവിന്റെ കയ്യില്‍ നിന്ന് എന്റെ നമ്പര്‍ വാങ്ങി എന്നെ വിളിക്കുകയായിരുന്നു. ഷൂട്ടിന് മുന്‍പ് ഫോണിലൂടെ മാത്രമാണ് ഞങ്ങള്‍ സംസാരിച്ചത്. അല്ലാതെ നേരിട്ടു കണ്ട് ഓഡിഷന്‍ ചെയ്യുകയോ ലുക്ക് ടെസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. അത്രയും വിശ്വാസം അദ്ദേഹത്തിന് എന്നിലുണ്ടായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പാണ് ഞാന്‍ ചെന്നൈയില്‍ പോയതും സംവിധായകനെ നേരില്‍ കണ്ടതും. കഥ കേട്ടതും.

കഥ കേട്ടപ്പോള്‍ തന്നെ എന്റെ കഥാപാത്രത്തിന്റെ റേഞ്ച് മനസിലായി. അതുകൊണ്ട് 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്ന കാര്യം പ്രശ്‌നമായി തോന്നിയില്ല. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഈ കഥാപാത്രം എന്താണ് സംസാരിക്കുന്നത്, അവര്‍ വരുന്ന സീനിലെ ഇംപാക്ട് ഇതെല്ലാം എനിക്ക് ആവേശം പകരുന്നതായിരുന്നു. പുരുഷ കഥാപാത്രങ്ങളെയെല്ലാം പേടിപ്പിച്ചു നിറുത്തുന്ന ഒരു സ്ത്രീ! അത്രയും കാമ്പുള്ള വേഷമാണ് അത്. വെറുമൊരു ഭാര്യയോ അമ്മയോ അല്ല യശോദ. പെര്‍ഫോര്‍മന്‍സിന് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കഥാപാത്രത്തിന്റെ പ്രായമൊന്നും നോക്കിയില്ല. സംവിധായകന്‍ വിശ്വസിച്ച് ഒരു വേഷം തരുമ്പോള്‍, അത് ഗംഭീരമാക്കണമെന്ന് തോന്നി. ഈ സിനിമയ്ക്കു വേണ്ടി നല്ലപോലെ കഷ്ടപ്പെട്ടു. എന്റെ ബെസ്റ്റ് കൊടുക്കണമെന്ന് വാശിയുമുണ്ടായിരുന്നു.

ഈ സിനിമയ്ക്കു വേണ്ടി ട്രാക്ടര്‍ ഓടിക്കാന്‍ പഠിച്ചു. മൂവാറ്റുപുഴയില്‍ വീടിനടുത്തുള്ള ഒരു ചേട്ടനാണ് എന്നെ സഹായിച്ചത്. രണ്ടാഴ്ച പാടത്ത് പോയി ട്രാക്ടര്‍ ഓടിച്ചു പഠിച്ചു. കാരണം, ട്രാക്ടര്‍ ഓടിച്ചു വരുന്നത് ഇന്‍ട്രോ ഷോട്ടാണെന്ന് പറഞ്ഞിരുന്നു. മുഖത്ത് ആറ്റിറ്റിയൂഡ് വേണം. ട്രാക്ടര്‍ ഓടിക്കാന്‍ ആത്മവിശ്വാസം ഇല്ലെങ്കില്‍ അതു മുഖത്തും ശരീരഭാഷയിലും പ്രകടമാകും. അതുകൊണ്ടാണ് നേരത്തെ അതിനായി തയാറെടുപ്പ് നടത്തിയത്. അതുപോലെ ഇറച്ചിവെട്ടുന്നതും കൃത്യമായി പരിശീലിച്ചിരുന്നു. വീടിനടുത്തുള്ള ഇറച്ചി കടയില്‍ ഒരാഴ്ച പോയി കാര്യങ്ങള്‍ പഠിച്ചു. രക്തമുള്ള ഇറച്ചി കൈ കൊണ്ട് എടുക്കുമ്പോള്‍ മുഖത്ത് ഭാവവ്യത്യാസം ഒന്നും ഉണ്ടാകാന്‍ പാടില്ലല്ലോ. ഈ കാര്യങ്ങളെല്ലാം ഒന്നു പരിചിതമായിക്കഴിഞ്ഞാല്‍ അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റുമല്ലോ.

ഇത്രയും കാര്യങ്ങള്‍ പഠിച്ചിട്ടു പോയിട്ടും ഒരു അബദ്ധം പറ്റി. എനിക്ക് ടുവീലര്‍ ഓടിക്കാന്‍ അറിയാം. പക്ഷേ, സ്ഥിരം ഓടിച്ചുള്ള പരിചയം ഇല്ല. സിനിമയില്‍ ടുവീലര്‍ ഓടിക്കുന്ന രംഗമുണ്ട്. ഞാന്‍ ഇതു വിട്ടുപോയി. അതുകൊണ്ട് ടുവീലര്‍ ഓടിക്കുന്ന സീന്‍ കുറച്ചധികം ടേക്ക് എടുക്കേണ്ടിവന്നു. സിനിമയില്‍ അമ്മായിഅമ്മയുമായുള്ള വൈകാരിക രംഗം പലരും എടുത്തു പറഞ്ഞു. സ്‌ക്രിപ്റ്റ് വായിച്ചു കേട്ടപ്പോള്‍ തന്നെ ഭംഗിയായി എഴുതി വച്ച സീന്‍ ആയിരുന്നു അത്. വായിക്കുമ്പോള്‍ തന്നെ ഇമോഷണല്‍ ആയിപ്പോകും. യശോദയുടെ ഒരു കണ്ണ് നിറഞ്ഞുനില്‍ക്കണം. മറ്റേ കണ്ണില്‍ നിന്നു മാത്രം കണ്ണുനീര്‍ വരണം. ഇക്കാര്യത്തില്‍ സംവിധായകന് വലിയ നിര്‍ബന്ധം ആയിരുന്നു. എനിക്ക് ആണെങ്കില്‍ രണ്ടു കണ്ണില്‍ നിന്നും ഒരുമിച്ച് കണ്ണുനീര്‍ വരും. സംവിധായകന്‍ ആഗ്രഹിച്ച പോലെ തന്നെ കിട്ടാന്‍ കുറെ ടേക്ക് പോയി. ഉച്ചയ്ക്ക് ബ്രേക്ക് പോലും എടുക്കാതെ ഷൂട്ട് ചെയ്യേണ്ടി വന്നു.

ആ ഷോട്ട് കിട്ടുന്നതു വരെ അദ്ദേഹം തുടര്‍ന്നു. അത്രയും ക്ലാരിറ്റി ഉള്ള സംവിധായകനാണ് തമിഴരസന്‍ പച്ചമുത്തു. ആ സെറ്റ് മുഴുവന്‍ എന്നെ പിന്തുണച്ചു. അത്രയും ടേക്ക് പോയിട്ടും ആ സീനിന്റെ വൈകാരികത ചോര്‍ന്നു പോകാതെ ചെയ്യാന്‍ കഴിഞ്ഞതിനു കാരണം ആ സെറ്റ് കൂടെയാണ്. എല്ലാവരും ഒരു മടുപ്പും കാണിക്കാതെ ഊര്‍ജ്ജ്വസ്വലരായി നിന്നു. ഞാനും എന്റെ ഭര്‍ത്താവായി അഭിനയിച്ച ദിനേശ് സാറും പിണക്കം മാറി കെട്ടിപ്പിടിക്കുന്ന ഒരു സീന്‍ ഉണ്ട്. അതും ഇതുപോലെ കുറെ ടേക്ക് പോയി. പക്ഷേ, ആ സീന്‍ കുറെ തരത്തില്‍ ചെയ്തു നോക്കാനായിരുന്നു റിപ്പീറ്റ് ടേക്ക് പോയത്. രാത്രി 9 മണിക്ക് തുടങ്ങിയ ഷൂട്ട് പുലര്‍ച്ചെ രണ്ടു വരെ നീണ്ടു. അങ്ങനെ പല തരത്തില്‍ ചെയ്തതില്‍ ഏറ്റവും മികച്ചതെന്നു തോന്നിയതാണ് സംവിധായകന്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയത്.

യശോദ എന്നാണ് കഥാപാത്രത്തിന്റെ പേര്. 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മ കൂടിയാണ്. തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീയാണ് അവര്‍. ആ കഥാപാത്രത്തിന്റെ ശരീരഭാഷ എങ്ങനെയാകണമെന്ന് സംവിധായകന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഒരല്‍പം പോലും ആ ശരീരഭാഷയില്‍ നിന്ന് മാറിയാല്‍ അദ്ദേഹം ഓര്‍മപ്പെടുത്തും. യശോദ ഇങ്ങനെയല്ല എന്നു പറഞ്ഞ് തിരുത്തും. ഡയലോഗ് എല്ലാം പഠിച്ചു വരാന്‍ അദ്ദേഹം പറഞ്ഞിരുന്നു. ഡയലോഗ് മനഃപാഠം ആയതുകൊണ്ട് പെര്‍ഫോര്‍മന്‍സില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പറ്റി. നല്ല പവര്‍ ഉള്ള കഥാപാത്രമാണ്. അതുപോലെ ഒരു ആറ്റിറ്റിയൂഡും ഈ കഥാപാത്രത്തിനുണ്ട്. അതില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ കഴിഞ്ഞു. നിരസിക്കപ്പെട്ട അതേ ഇന്‍ഡസ്ട്രിയില്‍ തലയെടുപ്പോടെ സ്വാസിക വീണ്ടും കാലുറപ്പിക്കുകയാണ്.

 

CONTENT HIGHLIGHTS;Actress Swasika says that no matter what happens, you have to hold on because that’s how much you want to do with acting