ഭുവനേശ്വർ ഒരുപാട് കാഴ്ചകൾ ഉള്ള ഒരിടം ആണ്.
ക്ഷേത്രങ്ങളാണ് പ്രധാനമായും ഭുവനേശ്വറിൽ കാണാനുള്ളത്. ടെമ്പിൾ സിറ്റി ഓഫ് ഇന്ത്യ എന്നൊക്കെ ഭുവനേശ്വറിനെ പറ്റി വിവരണങ്ങളിൽ കാണാം. ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, കൊണാർക്കിലെ സൂര്യക്ഷേത്രം എന്നിവ ക്ഷേത്രങ്ങളുടെ ഒരു ഗോൾഡൻ ട്രയാംഗിൾ പോലെയാണ് നിൽക്കുന്നത്.
ലിംഗരാജ ക്ഷേത്രത്തിനകത്ത് എല്ലാവർക്കും പ്രവേശിക്കാൻ കഴിയില്ല എന്ന് മനസിലാക്കിയിരുന്നു. പൂജ നടക്കുന്ന ക്ഷേത്രമാണ്. ചുറ്റുമതിലിനു പുറത്ത് ഒരു ഉയർന്ന പ്ലാറ്റ്ഫോം കെട്ടി അവിടെ നിന്ന് നമുക്ക് ക്ഷേത്ര പരിസരവും കെട്ടിടങ്ങളും കാണാം,
പതിനൊന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ശിവക്ഷേത്രം കലിംഗ ആർക്കിടെക്ചർ അടിസ്ഥാനമാക്കിയ മനോഹര നിർമ്മിതിയാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് നാല് കി മീ ദൂരെയാണ് ലിംഗരാജ ക്ഷേത്രം. ചുറ്റിലും ഏതാണ്ട് എല്ലാ വഴികളിലും ചെറിയ ചെറിയ അമ്പലങ്ങളുണ്ട്. ലിംഗരാജ ക്ഷേത്രത്തിനടുത്ത് തന്നെയുള്ള ബിന്ദുസാഗര തടാകത്തിനടുത്തുകൂടെ നടന്നാൽ പരശുരാമേശ്വര ക്ഷേത്രത്തിനടുത്തെത്താം. ചെറിയ ഒരു കോമ്പൗണ്ടിനുള്ളിൽ നിൽക്കുന്ന ഈ ഒറ്റപ്പെട്ട ക്ഷേത്രം യഥാർത്ഥത്തിൽ ഏറെ പഴക്കമുള്ള ആറാം നൂറ്റാണ്ടിലോ മറ്റോ നിർമ്മിച്ചതാണ്. അത്രയും തന്നെ ആ വഴി നടന്നാൽ മുക്തേശ്വര ക്ഷേത്രത്തിനടുത്തെത്താം.
ഒരു പാർക്കു പോലുള്ള വലിയ കോമ്പൗണ്ടിൽ, റോഡിനരികിൽ നിന്നു തന്നെ കാണാം. ഒഡീസി നൃത്തരൂപങ്ങൾ ഉൾപ്പെടുത്തിയ മുക്തേശ്വര ഡാൻസ് ഫെസ്റ്റിവൽ വർഷം തോറും അരങ്ങേറുന്നത് ഇവിടെയാണ്. ആ സമയങ്ങളിൽ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ധൗലി ശാന്തി സ്തൂപ എന്ന ധൗലിയിലെ കുന്നിൻ മുകളിൽ ഒരു ബുദ്ധ മണ്ഡപമുണ്ട്. കലിംഗയുദ്ധം അവസാനിപ്പിച്ച് കൊണ്ട് 265 BC ഇൽ അശോക ചക്രവർത്തി സ്ഥാപിച്ച കല്ല് പിന്നീട് ലോക സമാധാനത്തിൻ്റെ പ്രതീകമായി ഒരു പഗോഡയായി ആ കുന്നിൻ മുകളിൽ ഉയർത്തി എന്നാണ് പറയുന്നത്.