ഹൃദയരാഗം

ഹൃദയരാഗം [അവസാനഭാഗം ]/, Hridhayaragm last part

ഹൃദയരാഗം [അവസാനഭാഗം ]

ഭാഗം 70

പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു, രജിസ്റ്റർ ഓഫീസിലെ കാര്യങ്ങളെല്ലാം അനുവേട്ടൻ തന്നെയാണ് ശരിയാക്കിയത്. അനുവേട്ടന് ഒപ്പം എല്ലാകാര്യത്തിനും അച്ഛൻ നിന്നു എന്നത് എനിക്ക് ഏറെ സന്തോഷമുണർത്തിയ ഒരു കാര്യമായിരുന്നു, അമ്പലത്തിൽ താലികെട്ടിന് വേണ്ട കാര്യങ്ങൾ എല്ലാം തന്നെ കമ്മറ്റിക്കാരുമായി സംസാരിച്ച് ശരിയാക്കിയത് അച്ഛനായിരുന്നു.. വിവാഹത്തിന് ബന്ധുക്കളിൽ നിന്നും ചില മുറിപ്പുകൾ ഉയരുന്നുണ്ടായിരുന്നു, അല്ലെങ്കിലും കേസ് കഴിഞ്ഞ സമയത്ത് തന്നെ അവർ തങ്ങളെ കൈവിട്ടതാണ് എന്നതാണ് സത്യം, അന്നാണ് അച്ഛൻ എല്ലാവരുടെയും യഥാർത്ഥ സ്വഭാവം മനസ്സിലാക്കിയത്. അതുവരെ സ്നേഹത്തോടെ നിലനിന്നവർ പത്രത്തിലും ടിവിയിലും ഒക്കെ തന്റെ ഫോട്ടോ വന്നതിനുശേഷം കുടുംബത്തിലേക്ക് കയറാതെയായി, അവർക്ക് താൻ അവരുടെ ബന്ധുവാണെന്ന് പറയുന്നതുപോലും ഒരു നാണക്കേടായിരുന്നു. അന്നേ അവർ എഴുതി തള്ളിയത് കൊണ്ട് തന്നെ ആരുടെയും മുറിമുറുപ്പുകൾ കേട്ടില്ലെന്ന് വച്ചിരുന്നു,

 

ദീപ്തി ചേച്ചിക്ക് ആയിരുന്നു ഏറ്റവും സന്തോഷം. ഞങ്ങൾ ഒരുമിക്കണമെന്ന് ചേച്ചി ആഗ്രഹിച്ചിരുന്നു പക്ഷേ അത് അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ ആയിരിക്കണം എന്നതും ചേച്ചിയുടെ ആഗ്രഹമായിരുന്നു. വിവാഹത്തിന് ഒരാഴ്ച മുൻപ് തന്നെ ചേച്ചിയും ചേട്ടനും നാട്ടിൽ വന്നു, ചേട്ടൻ അനുവേട്ടനുമായി സംസാരിച്ചു. അവർ തമ്മിൽ പെട്ടെന്ന് അടുത്തുവെന്ന് തോന്നിയിരുന്നു.

 

അങ്ങനെ ഞങ്ങൾ കാത്തിരുന്ന ദിനം വന്നെത്തി.. ഒരുപാട് ത്യാഗങ്ങൾക്ക് ശേഷം ഞങ്ങൾ ഒന്നാവുന്ന ദിനം..! കസവ് കരയുള്ള ടിഷ്യു സെറ്റ് സാരിയാണ് താൻ അണിഞ്ഞിരുന്നത്. അതിന് ചേരുന്ന വാടമുല്ല നിറത്തിലെ ഹാൻഡ് വർക്ക് ബ്ലൗസും, ആഭരണങ്ങൾ എന്ന് പറയാൻ ഒരു പാലക്കാ നെക്കലീസും അതിന് ചേരുന്ന ജിമിക്കി കമ്മലും മാത്രമായിരുന്നു. കൈകളിൽ അണിഞ്ഞത് ഗിൽറ്റുകൾ ഉള്ള ഗോൾഡ് നിറത്തിലെ കുപ്പിവളയാണ്. രജിസ്റ്ററിൽ അനുവേട്ടന്റെ പേരിന് അരികിലായി എന്റെ മുദ്ര പതിപ്പിക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു. ആദ്യമായി ആളെ കണ്ട നിമിഷം മുതൽ ഇങ്ങനെ മനസ്സിൽ നിറഞ്ഞു നിന്നു. ആളെ ഫോൺ വിളിച്ചതും താല്പര്യമില്ലാതെ സംസാരിച്ചതും ഒടുവിൽ തന്റെ പ്രണയത്തെ തിരിച്ചറിഞ്ഞതും ഒക്കെ ഒരു തിരശീലയിൽ എന്നതുപോലെ മനസ്സിൽ തെളിഞ്ഞു വന്നിരുന്നു.. ആൾടെ സാക്ഷിയായി നിന്നത് കിരണേട്ടൻ ആണ്. എന്റെ ഭാഗത്തുനിന്നും ഒപ്പിട്ടത് അഭിയേട്ടനും, അവിടെ നിന്നും നേരെ അമ്പലത്തിലേക്ക് ചെന്നു. അമ്പലത്തിൽ വച്ച് ചെറിയ ഒരു പൊൻതാലി മഞ്ഞ ചരടിൽ കോർത്ത് അനുവേട്ടൻ എന്റെ കഴുത്തിലേക്ക് ചാർത്തുമ്പോൾ അറിയാതെ മിഴികൾ നിറഞ്ഞു പോയിരുന്നു. നെറ്റിയിൽ ചാർത്തിയ സിന്ദൂരത്തിന് അപ്പോൾ കടും ചുവപ്പ് ആയിരുന്നു… നിറകണ്ണികളോടെ ആ മുഖത്തേക്ക് നോക്കിയ എന്നെ നോക്കി ആള് ഇരു കണ്ണും ചിമ്മിയടച്ചു, എല്ലാവരുടെയും മുഖത്ത് നിറഞ്ഞുനിൽക്കുന്ന സന്തോഷം തന്നെ എനിക്ക് ധാരാളമായിരുന്നു. ഇതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. ആഘോഷങ്ങളും ആരവങ്ങളും ഒന്നും വേണ്ട, എന്റെ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ അനുവേട്ടന്റെ പാതി ആകാനാണ് ഞാൻ ആഗ്രഹിച്ചത്. സ്നേഹിച്ച പുരുഷനെയും ജന്മം തന്ന മാതാപിതാക്കളെയും ഒരുമിച്ച് ചേർത്ത് നിർത്തുമ്പോഴാണ് ഒരു പെൺകുട്ടിക്ക് അവളുടെ സ്വപ്നം സത്യമാകുന്നത്.. നീതുവിനെ മാത്രമാണ് കൂട്ടുകാരായി കല്യാണത്തിന് വിളിച്ചിരുന്നത്. അവൾ ബാംഗ്ലൂരിലോ മറ്റോ പഠിക്കുകയായിരുന്നു, എന്നിട്ടും താൻ പറഞ്ഞ ഉടനെ അവധിയെടുത്തു വന്നു പാവം. ആദ്യം മുതൽ തന്നെ തന്റെ പ്രണയത്തെ അടിമുടി അറിഞ്ഞവൾ അവൾ മാത്രമാണ്. അത് കഴിഞ്ഞ് കുറെ നേരം അവളോട് കുശലം ചോദിച്ചിരുന്നു, അനുവേട്ടന്റെ ഒപ്പം എന്നെ അയക്കുന്ന നിമിഷം അമ്മയുടെയും അച്ഛന്റെയും ദീപ്തി ചേച്ചിയുടെയും ഒക്കെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തുകൊണ്ടോ എനിക്ക് കരയാൻ തോന്നിയില്ല, കരഞ്ഞാലും അത് അഭിനയം ആകുമേന്ന് തോന്നി. കാരണം താൻ എത്രയോ കാലങ്ങളായി കാത്തിരിക്കുകയാണ് ഈ നിമിഷം, അതുകൊണ്ട് കരയാതെ ചെറുചിരിയോടെ തന്നെയാണ് താനവരെ യാത്രയാക്കിയത്,

 

വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ അമ്മ വിളക്ക് നൽകി സ്വീകരിച്ചു. ഇതിനുമുൻപ് ഒരുപാട് വട്ടം ഇവിടെ വന്നിട്ടുണ്ടെങ്കിലും ഇന്നത്തെ ഈ വരവ് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്, അവകാശത്തോടെ അധികാരത്തോടെ കയറി വരികയാണ്, വലംകാൽ വെച്ച് ആ വീടിന്റെ പടി കയറുമ്പോഴും ക്ഷേത്രം മുതൽ എന്നെ ചേർത്ത് പിടിച്ച് ആളുടെ കൈചൂട് ഞാൻ അറിയുന്നുണ്ടായിരുന്നു, അവിടേക്ക് എത്തിയപ്പോൾ ഏറ്റവും സന്തോഷം അമൃതയ്ക്ക് ആയിരുന്നു, അവളോട് പഴയ കാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ടിരുന്നു അവളോട് പണ്ട് ആൾ എന്നെ തിരക്കി എന്ന് കേട്ടപ്പോൾ ഒരു കൗതുകമായിരുന്നു ആദ്യം തോന്നിയത്, പിന്നീട് എപ്പോഴോ അച്ഛൻ വിളിക്കുന്നുവെന്ന് പറഞ്ഞ് ഒന്ന് ഫോൺ തരാൻ വേണ്ടി കണ്ടതാണ് ആളുടെ തലവട്ടം,

 

വീണ്ടും ഓടി നടക്കുകയായിരുന്നു കിരണേട്ടനോടും മറ്റും സംസാരിച്ചുകൊണ്ട്, വീട്ടിൽ നിന്ന് അച്ഛനും ചേച്ചിയും ചേട്ടനും ദീപുവുമൊക്കെ ഇവിടെ വന്നിട്ടാണ് തിരികെ പോയത്, ഒപ്പം വൈകുന്നേരം സുരജ് ചേട്ടനും ചേച്ചിയും എത്തി. സന്തോഷം കൊണ്ട് ചേട്ടൻ അനുവേട്ടനെ കെട്ടിപിടിച്ചു കരഞ്ഞു… അവര് വന്നപ്പോൾ മുതൽ സദ്യ നൽകാനും മറ്റുമായി ആള് തിരക്കിലാണ്, കാറ്ററിങ് ആയിരുന്നു പറഞ്ഞിരുന്നത്. അതിന്റെ ചെറിയ തിരക്കുകൾ ഒക്കെ കഴിഞ്ഞ് ആളെ കാണാൻ തന്നെ കിട്ടിയില്ല എന്നതാണ് സത്യം. ഇതിനിടയിൽ അമ്മ വന്നു കുളിച്ച് വരാനും പറഞ്ഞു, സാരിയൊക്കെ മാറ്റി ഒരു കോട്ടൺ ചുരിദാർ അണിഞ്ഞു ഞാൻ അടുക്കളയിൽ എത്തിയപ്പോഴേക്കും ക്ഷീണിച്ച് ആളും വരുന്നുണ്ട്, തന്നെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ച് ഫ്രഷായി വരാം എന്ന് പറഞ്ഞ് ആളകത്തേക്ക് കയറി, ആൾ വന്നതോടെ ആ വൈകുന്നേരം മനോഹരമായി ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് ചായ കുടിച്ചു, ഒരു വിവാഹം നടന്ന വീടാണെന്ന തിരക്കുകൾ ഒന്നുമില്ലാതെ ഒരു സാധാരണ വൈകുന്നേരം കടന്നുപോയി.. രാത്രിയായപ്പോഴാണ് കാൽവിരലിലേക്ക് പരിഭ്രമം ഓടിക്കയറിയത്,

 

ആദ്യരാത്രി..! ഏതൊരു പെണ്ണും സ്വപ്നങ്ങളോടും പ്രതീക്ഷയോടും കടന്ന് ചെല്ലേണ്ട ദിനം, സന്തോഷം കൊണ്ട് ഉള്ള് പൊട്ടുകയാണ്, എങ്കിലും എന്തോ ഒരു ഭയം ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. അത് ഏതൊരു പുതുമണവാട്ടിയുടെയും പരിഭ്രമം ആണെന്ന് അവൾക്ക് ഉറപ്പായിരുന്നു, അമ്മ തന്നെയാണ് പാൽ ഗ്ലാസ് കയ്യിൽ തന്ന് മുറിയിലേക്ക് പോകാൻ പറഞ്ഞത്, മുറിയിലേക്ക് ചെന്നപ്പോൾ ആൾ ഫോണിൽ ആരോടോ സംസാരിക്കുകയാണ്, സംസാരത്തിൽ നിന്നും അത് സ്റ്റേഷനിലെ ആരോടോ ആണെന്ന് മനസ്സിലായി, ലീവിന്റെ കാര്യവും അടുത്താഴ്ച വരുന്നുണ്ടെന്ന കാര്യവും ഒക്കെ പറയുന്നത് കേട്ടു, ഫാമിലി കോട്ടേഴ്സ് നോക്കാനാണ് പറഞ്ഞിരിക്കുന്നത് അപ്പോൾ തന്നെയും കൂടെ കൊണ്ടുപോകുമെന്ന് ഉറപ്പായിരുന്നു, അല്ലെങ്കിലും ഇനി താൻ ഇല്ലാതെ ആള് പോവില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. പെട്ടെന്ന് ഫോൺ വച്ചതും തന്റെ മുഖത്തേക്ക് ഒന്ന് നോക്കി, തനിക്ക് മാത്രം പരിചിതമായ ആ കുസൃതിയോടെ ആള് അരികിലേക്ക് എത്തി…

 

പടർത്തി തൊട്ടിരിക്കുന്ന സിന്ദൂരത്തിൽ ആണ് അവന്റെ ശ്രെദ്ധ പതിഞ്ഞത്, സ്വതവേ ചുവന്ന അവളുടെ മുഖം സിന്ദൂരചുവപ്പ് കൂടി എത്തിയതോടെ തുടുത്തു പോയതായി അവന് തോന്നി..! തന്റെ ആത്മാവിനെ സ്നേഹതാക്കോലാൽ കെട്ടിഇട്ടവൾ, തന്നിലേക്ക് ആവേശിച്ച പ്രണയാത്മാവ്, സ്നേഹത്തിൽ തന്നെ കുരുക്കിയ അവളുടെ മാന്ത്രിക ശക്തി, പോയവർഷങ്ങളിൽ ഒക്കെ പലവുരു മനസ്സിൽ തെളിഞ്ഞ സുന്ദരനിമിഷമാണ് ഇത്, തന്റെ പ്രണയത്തിന്റെ മേൽവിലാസം തേടിയെത്തിയ അവളുടെ ഹൃദയം ഓദ്യോഗികമായി താൻ ഒപ്പിട്ട് കൈപ്പറ്റിയ സുദിനം..!

 

അവൻ തന്നെയാണ് പോയി മുറി അടച്ചത്, ഒന്നും മിണ്ടാതെ അവളുടെ കയ്യിൽ നിന്നും പാൽ ഗ്ലാസ് വാങ്ങി അതിൽ പകുതി കുടിച്ചു, ശേഷം അവൾക്ക് നേരെ നീട്ടി.. ചിരിയോടെ അത് വാങ്ങി അവളും കുടിച്ചു…

 

കുറച്ചു കുടിച്ച് മേശപ്പുറത്തേക്ക് വെക്കാൻ തുടങ്ങിയപ്പോൾ അവൻ തന്നെയാണ് തടഞ്ഞത്,

 

” അത് മുഴുവൻ കുടിക്ക്…

 

” വേണ്ട അനുവേട്ടാ ഞാനിപ്പോൾ ഭക്ഷണം കഴിച്ച് അല്ലേ ഉള്ളൂ,

 

” കുടിക്കടീ, നീ ഒരുപാട് ക്ഷീണിച്ചു, നമ്മൾ എന്തോരം അലഞ്ഞതാ ഈ ഒരു ദിവസത്തിന് വേണ്ടി,

 

പിന്നെ എതിർക്കാൻ തോന്നിയില്ല അത് മുഴുവൻ കുടിച്ചു..

കുറച്ച് സമയം ഒന്നും പറയാതെ മിഴികൾ തമ്മിൽ കോർത്തു… മായ്ക്കാനും മറയ്ക്കാനും കഴിയാത്ത മിഴികൾ, സിരകളിൽ ഒഴുകുന്ന രക്തം പോലും അവനോടുള്ള പ്രണയമാണ്, ഉള്ളിലെ പ്രണയം ഉറവ പൊട്ടി പുറത്ത് വരുമെന്ന് തോന്നിയപ്പോൾ അവൾ നോട്ടം മാറ്റി,

 

” ഇവിടേക്ക് വരുമ്പോൾ പോലും ഞാൻ പ്രതീക്ഷിച്ചില്ല, ഇത്രയും എളുപ്പം നീ എന്റെ സ്വന്തമാകുമേന്ന്, നിന്റെ അച്ഛൻ എതിർക്കുമെന്നാ കരുതിയത്, പക്ഷേ ഈ വരവിൽ തിരികെയുള്ള യാത്രയിൽ നീ ഒപ്പം ഉണ്ടാകുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു, നീയാണ് എന്നെ ഞാനാക്കിയത്, നീ ഇല്ലായിരുന്നെങ്കിൽ ഞാൻ ഒന്നും ആവില്ലായിരുന്നു,

 

അവളുടെ കൈകൾ നെഞ്ചിലേക്ക് ചേർത്ത് വച്ചവൻ പറഞ്ഞു…

 

” ഇനി അത് പറയല്ലേ അനുവേട്ടാ… ഞാൻ പറഞ്ഞില്ലേ അത് കേൾക്കുമ്പോൾ എനിക്ക് ഞാൻ എന്തോ വലിയ കാര്യം ചെയ്ത പോലെ തോന്നും, അനുവേട്ടന്റെ ആഗ്രഹം ആയിരുന്നില്ലേ…?

 

അവൾ ചോദിച്ചു..

 

” അച്ഛന്റെ ആഗ്രഹമായിരുന്നു, എനിക്കതൊരു ആഗ്രഹമായിട്ട് മനസ്സിൽ തോന്നിയത് ഹരിത ഇല്ലേ, അവൾ കല്യാണം കഴിച്ചു കഴിഞ്ഞപ്പോൾ തൊട്ട് ആണ്.. അവൾ കല്യാണം കഴിച്ചത് ഒരു കോൺസ്റ്റബിളിനെയാണ്, അപ്പൊൾ എനിക്ക് ചെറിയൊരു വാശി, അവളുടെ ഭർത്താവിനെ കൊണ്ട് എന്നെ സല്യൂട്ട് ചെയ്യിപ്പിക്കണമെന്ന്. അങ്ങനെയാ എന്റെ ഉള്ളിലേക്ക് ഈ മോഹം കയറിയത്,

 

” ഓഹോ അപ്പൊ ഹരിതചേച്ചിയുടെ മുൻപിൽ ആളാവാൻ വേണ്ടിയായിരുന്നു ഇതൊക്കെയല്ലേ,

 

പെട്ടെന്ന് അവളാ പഴയ 18 കാരിയായി, വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന പരിഭവം. കുശുമ്പ് നിറഞ്ഞ മുഖം,അവന് ചിരി വന്നു പോയിരുന്നു..

 

” അത് അന്നത്തെ കാരണമായിരുന്നു,

 

നെഞ്ചിൽ ചേർത്ത കൈയ്യാലെ അവളെ തന്നോട് ചേർത്ത് അവൻ പറഞ്ഞു..

 

” പക്ഷേ ഹരിതയുടെ മുൻപിൽ ഞാൻ എപ്പോഴേ ജയിച്ചു, എല്ലാംകൊണ്ടും അവളെക്കാൾ ഒരു നൂറ് ഇരട്ടി നല്ലൊരു പെണ്ണിനെ എനിക്ക് കിട്ടി, ഇപ്പൊൾ എനിക്ക് അവളോട് ഒരു പരിഭവവും ഇല്ല, അവൾ എന്റെ ജീവിതത്തിൽ നിന്ന് പോയത് കൊണ്ടല്ലേ നീ എന്റെ ജീവിതത്തിലേക്ക് വന്നത്, ഇല്ലെങ്കിൽ ഈ അമൂല്യമായ നിധി എനിക്ക് നഷ്ടമാകുമായിരുന്നില്ല..? എന്നെ നീ എന്ത് സ്നേഹിച്ചു, നിന്റെ ജീവനിൽ അധികം, അങ്ങനെ സ്നേഹിക്കുന്ന ഒരാളെ കിട്ടുന്നത് വലിയ ഭാഗ്യമാണ്,

 

സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

 

” അനുവേട്ടാ….

 

ആർദ്രമായി അവന്റെ കവിളിൽ അവൾ തലോടി, ആ നിമിഷം തന്നെ ഇടുപ്പിൽ ചേർത്തവൻ അവളെ തന്നോട് ചേർത്ത് നിർത്തി, പരിഭ്രമം നിറഞ്ഞ അവളുടെ മിഴികളിൽ അവന് മനസ്സിലാകുമായിരുന്നു അവളുടെ ഭയം..

 

” എന്തിനാ പേടി, പേടിക്കണ്ട, ഞാനല്ലേ, നിന്റെ മാത്രം അനുവേട്ടൻ അല്ലെ,

 

അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു… ആ കണ്ണിൽ അവൾക്ക് അപരിചിതമായ ഭാവം, കുസൃതിയോ കുറുമ്പോ പ്രണയമോ രതിയോ എന്ന് വിവേചിച്ചു അറിയത്ത ഭാവം, അവന്റെ നെഞ്ചിൽ ചേർന്ന് നിന്നവൾ, അവളെ കൈകളിൽ കോരിയെടുത്തവൻ കട്ടിലിലേക്ക് കിടത്തി..

 

” ഇന്നത്തെ ഈ രാത്രി ഞാൻ ഉറങ്ങില്ല, എനിക്ക് നിന്നെ കാണണം കണ്ണ് നിറച്ച്…. ഏഴ് ജന്മങ്ങളിലും ആരാലും മായ്ക്കാൻ കഴിയാത്തതുപോലെ ഈ മുഖം എന്റെ ഉള്ളിൽ ഇങ്ങനെ കൊത്തിവയ്ക്കണം,

 

അവളുടെ കുഞ്ഞു മുഖം കൈക്കുമ്പിളിൽ എടുത്തവൻ പറഞ്ഞു..

 

അവന്റെ വിരലുകൾ ആ കുഞ്ഞു മുഖത്തെ തഴുകി, ആ വിരലുകൾ അവളുടെ അധരങ്ങളിൽ അഭയം തേടി, അവിടെ ഒന്ന് നേർമയായി തലോടി തിരിച്ചു പോയി… പിന്നെ ആ മുഖത്ത് ചുംബനങ്ങൾ കൊണ്ട് ഒരു കടൽ തന്നെ തീർത്തവൻ… പ്രണയം മാത്രം നിറഞ്ഞ നിന്ന നിമിഷങ്ങൾ, പിന്നെ പതിയെ ആ പ്രണയത്തിന് ചൂട് പിടിച്ചു.. അതിൽ അഗ്നിയാളി, പ്രണയം മറ്റേതോ വികാരങ്ങൾക്ക് വഴിമാറി, ലാസ്യവും രതിയുമായ നിരവധി ഭാവങ്ങൾ അവന്റെ മുഖത്ത് മിന്നി മാഞ്ഞ നിമിഷം അവൾ ഒരു വാക പോലെ ചുവന്നു പോയിരുന്നു.. ഇരുവരുടെയും ഉടലിലും ഉയിരിലും പ്രണയത്തിന്റെ അഗ്നി ആളി, തനുവിൽ പടർന്ന അവന്റെ ചൂടിൽ അവൾ പുതുവികാരങ്ങളറിഞ്ഞു, സുഖനോവുകൾക്ക് ഇടയിൽ ഉയർച്ചതാഴ്ച്ചകളുടെ വേലിയേറ്റങ്ങൾ വികാരത്തെ ഉച്ചസ്ഥായിൽ എത്തിച്ച നിമിഷം തന്റെ പ്രണയമവൻ അവളിലേക്ക് പകർന്നു, ഒട്ടും നൊമ്പരപ്പെടുത്താതെ, പ്രണയവേഴ്ചയുടെ മനോഹരമായ നിമിഷങ്ങൾക്ക് ബാക്കിപത്രമായി അവന്റെ മാറിൽ ചാഞ്ഞു കിടന്നവളെ അവൻ ഒരു കൈയാൽ തലോടുന്നുണ്ടായിരുന്നു, തന്റെ ഹൃദയത്തിലേക്ക് പ്രണയത്തിന്റെ രാഗം നിറച്ച് തന്നവളെ ഒരു ആരാധനയോടെ അവൻ നോക്കി, പിന്നെ ഒരിക്കൽ കൂടി അവളെ തന്നെ നെഞ്ചോട് ചേർത്തു കിടത്തി..! എത്ര സ്നേഹിച്ചാലും മതിവരില്ലന്നതുപോലെ,

 

അവസാനിച്ചു.!

 

 

ഇനി നീട്ടിയാൽ അത് ബോർ ആകുമെന്ന് തോന്നി, അതുകൊണ്ടാണ് ഇവിടെ നിർത്തുന്നത്. അനന്തവും ദിവ്യയും നമ്മളോട് യാത്ര പറയുകയാണ്, ഞാൻ എന്റെ 20 മത്തെ നോവൽ പൂർത്തിയാക്കി..! ഒരു നാടൻ ലവ് സ്റ്റോറി എന്ന നിലയിൽ എഴുതിത്തുടങ്ങിയതാണ്. ഇവിടെ വരെ എത്തുമെന്ന് ഞാൻപോലും പ്രതീക്ഷിച്ചില്ല. എഴുതുന്നതിനിടയിൽ മനസ്സിൽ വന്നതാണ് ചില ട്വിസ്റ്റുകൾ ഒക്കെ. പലതും കമന്റുകളിലൂടെ നിങ്ങൾ തന്നെ പറഞ്ഞു തന്നതാണ്. ബോറാക്കി ഇല്ലെങ്കിൽ ഈ കഥയ്ക്ക് വേണ്ടി ഒരു വാക്ക് കുറിക്കുമല്ലോ, സൂപ്പർ, നൈസ്, ഇഷ്ടം എന്നൊക്കെയുള്ള കമന്റുകൾ മാറ്റിവെച്ച് ഈ കഥയെക്കുറിച്ച് ഇതിൽ നിന്ന് നിങ്ങൾക്ക് തോന്നിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കമന്റ് ചെയ്യൂ. സ്റ്റിക്കറോ സൂപ്പർ ഫാൻ ആകണമെന്നോ ഒന്നും ഞാൻ പറയുന്നില്ലല്ലോ. നിങ്ങളുടെ അഭിപ്രായം അതെനിക്ക് ഏറെ വിലപ്പെട്ടത് ആയതുകൊണ്ടാണ് ഇങ്ങനെ ഞാൻ റിവ്യൂ ചോദിക്കുന്നത്. തരാൻ മടിക്കരുത്. നിങ്ങളുടെ വാക്കുകൾ എന്നിൽ നിറയ്ക്കുന്ന ആത്മവിശ്വാസം നിങ്ങൾക്കറിയില്ല. അത് വീണ്ടും എഴുതാനുള്ള എന്റെ ഊർജ്ജമാണ്. ഇനിയുള്ള കഥകൾക്കും ഈ പ്രോത്സാഹനം എനിക്ക് ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഹൃദയരാഗം പോലെ തന്നെയുള്ള ഒരു കഥയാണ് ഓർമ്മപൊട്ടുകൾ. പ്രണയം എഴുതാൻ എനിക്ക് എന്നും ഇഷ്ടമാണ്. അതുകൊണ്ടാണ് ഹൃദയരാഗം അവസാനിച്ചപ്പോൾ തന്നെ ഞാൻ ഓർമ്മപൊട്ടുകൾ എന്ന കഥയുമായി എത്തിയത്. നിങ്ങൾ ഹൃദയരാഗത്തിന് നൽകിയ അതേ പ്രോത്സാഹനം നൽകണം. ഒരു ക്യൂട്ട് ലൗ സ്റ്റോറി ആണ് ഓർമ്മപൊട്ടുകൾ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും.