മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് ദോശ. എന്നാൽ ദോശമാവ് കൂടുതൽ പൊളിച്ചു പോയാൽ അതിൻറെ രുചി നഷ്ടമാകും. ഇതെങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം.
- ദോശമാവ് ഒഴിച്ചുവെയ്ക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം പലപ്പോഴും ദോശമാവിനെ പുളിപ്പിക്കും. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ദോശമാവ് ഒരു ദിവസം കഴിഞ്ഞാല്‍ അമിതമായി പുളിച്ച് പോവും.
- ദോശമാവില്‍ പഞ്ചസാര ചേര്‍ത്താല്‍ അമിതപുളി ഇല്ലാതാക്കാം. എന്നാല്‍ പഞ്ചസാരയുടെ അളവ് കൂടാന്‍ പാടില്ല. ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുന്നത് മാവിന്റെ രുചി സന്തുലിതമാക്കുന്നതിനും പുളി ഉണ്ടെങ്കില്‍ അത് കുറയ്ക്കുന്നതിനും സഹായിക്കും.
- ഇനി ദോശമാവ് നല്ലതുപോലെ പുളിച്ചിരിക്കുകയാണെങ്കില്‍ അതിലേക്ക് അല്‍പം അരിമാവ് കൂടി ചേര്‍ക്കാം. എന്നിട്ട് അരമണിക്കൂര്‍ മാറ്റി വെയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ മാവിന്റെ പുളി കുറയും. മാത്രമല്ല ഈ മാവ് ഉപയോഗിക്കുന്നതിലൂടെ ദോശ നന്നായി മൊരിഞ്ഞുകിട്ടുകയും ചെയ്യും.
- അല്‍പം പുളിച്ച ദോശയാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ അത് ഒരു മസാലദോശയാക്കി മാറ്റാം. കാരണം പ്ലെയിന്‍ ദോശ ഉണ്ടാക്കുമ്പോള്‍ അതിന്റെ പുളി എടുത്ത് നില്‍ക്കും. മസാലദോശയാണെങ്കില്‍ മസാലയുടെ അതിപ്രസരതത്തില്‍ മാവിന്റെ പുളി എടുത്തറിയില്ല.
- ദോശമാവ് ഒരിക്കലും ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കാൻ പാടില്ല. കാരണം ഉയർന്ന ഊഷ്മാവിലാണ് മാവ് പെട്ടന്ന് പുളിക്കുന്നത്. ദോശമാവ് ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കാം.
- ദോശമാവില്‍ പലരും ഉഴുന്ന് കൂടുതല്‍ ഉപയോഗിക്കാറുണ്ട്, കൂടെ ഉലുവയും ചേര്‍ക്കും. എന്നാല്‍ ഇവ രണ്ടും അധികമായാൽ ദോശമാവ് പെട്ടന്ന് പുളിക്കും
content highlight: dosa-when-the-batter-gets-over-fermented