വ്യത്യസ്തമായ അഭിനയശൈലികൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് വിനായകന്‍. ജയിലറിനു ശേഷം വിനായകന്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്ന ചിത്രമാണ് തെക്ക് വടക്ക്. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോള്‍ ഇതാ തെക്ക് വടക്ക് എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ വിനായകന്‍.
ഞാന്‍ ഗോവയില്‍ ആയിരുന്ന സമയത്ത് ഈ സിനിമയുടെ ഡയറക്ടറും പ്രൊഡക്ഷന്‍ സൈഡില്‍ നിന്ന് ഒരാളുടെ വന്നിട്ടാണ് ഈ സിനിമയുടെ കാര്യം എന്നോട് പറയുന്നത്. എനിക്ക് ഒന്ന് രണ്ട് ചോദ്യങ്ങളെ ആവശ്യമുണ്ടായിരുന്നുള്ളൂ. അപ്പോള്‍ ചോദിച്ചപ്പോള്‍ അവര്‍ പുള്ളിയുടെ ബോഡി ലാംഗ്വേജിനെക്കുറിച്ച് പറഞ്ഞു. അത് എനിക്ക് ഭയങ്കര ഇഷ്ടമായി. അങ്ങനെയാണ് ഞാന്‍ ഈ പടത്തിലേക്ക് വരുന്നത്. ഞാന്‍ ഇന്നുവരെ ഒരു പടത്തിന്റെയും സ്‌ക്രിപ്റ്റ് കേട്ടിട്ടില്ല. എന്റെ സിനിമ ജീവിതം തീരുന്നതുവരെ ഞാന്‍ ഒരു സ്‌ക്രിപ്റ്റും കേള്‍ക്കുകയില്ല എന്ന നിയമം എനിക്ക് ഈ ആക്ടിംഗ് ബിസിനസില്‍ ഉണ്ട്. ഒരിക്കലും ഞാന്‍ സ്‌ക്രിപ്റ്റ് കേള്‍ക്കില്ല. എന്റെ ഏരിയ അല്ല അത്. മാധവന് ആണി രോഗം ഉണ്ടോ ഗ്യാസ്ട്രബിളിന്റെ അസുഖമുണ്ടോ എന്നൊക്കെയാണ് എന്റെ ചോദ്യം. അയാള്‍ നടക്കുമ്പോള്‍ എങ്ങനെയാണ് എന്നൊക്കെയാണ് എന്റെ ചോദ്യം. അത് അവര്‍ ക്ലിയര്‍ ആയിട്ട് എന്നോട് പറഞ്ഞിരുന്നു. ആ കഥ അവര് പറയുമ്പോള്‍ തന്നെ എനിക്ക് അത് ഓക്കെയായിരുന്നു. മറ്റൊരു കാര്യത്തിലും ഞാന്‍ ഇടപെടാറില്ല.
ഇലക്ട്രിസിറ്റി എന്‍ജിനീയറാണ്, കെഎസ്ഇബിയില്‍ വര്‍ക്ക് ചെയ്ത് റിട്ടയേര്‍ഡ് ആയ ആളാണ് പുള്ളി, വെല്‍ ഫിനിഷ് ആന്‍ഡ് ക്ലീനും ആയിട്ടുള്ള ഒരു ക്യാരക്ടര്‍ ആണ് ഇതില്‍. ഇംഗ്ലീഷ് പത്രങ്ങള്‍ മാത്രമേ വായിക്കാറുള്ളൂ.. അതുതന്നെ എനിക്കൊരു രസമായിട്ട് തോന്നി. ഞാന്‍ ഇതുവരെ അങ്ങനെയുള്ള ഒരു ക്യാരക്ടര്‍ ചെയ്തിട്ടില്ല. പിന്നെ ഈ ക്യാരക്ടറിന്റെ ബേസിക് ബോഡി ഡിസൈന്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതുതന്നെയാണ് ഞാന്‍ ഈ പടത്തിലേക്ക് വരാന്‍ കാരണം.’, വിനായകന്‍ പറഞ്ഞു.
മിന്നൽ മുരളി, ആർഡിഎക്സ് സിനിമകളുടെ സഹനിർമ്മാതാവായ അൻജ ഫിലിപ്പും ഒടിയൻ സിനിമയുടെ സംവിധായകനും പരസ്യ ബ്രാൻഡിങ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാറും സംയുക്തമായി രൂപീകരിച്ച സിനിമാ നിർമ്മാണ സംരംഭത്തിലെ ആദ്യ സിനിമയാണ് തെക്ക് വടക്ക്. കോട്ടയം രമേഷ്, മെറിൻ ജോസ്, മെൽവിൻ ജി ബാബു, ഷമീർ ഖാൻ, വിനീത് വിശ്വം, സ്നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്.
STORY HIGHLIGHTS: Actor Vinayakan about cinema scripts