എമിറേറ്റിൽ റോഡ് നിർമാണത്തിനും വികസനത്തിനുമായി പ്രഖ്യാപിച്ച 1310 കോടി ദിർഹമിന്റെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി അബൂദബി മൊബിലിറ്റി അറിയിച്ചു. 3500ലേറെ വാഹനങ്ങള്‍ക്ക് സുഗമയാത്രയൊരുക്കുന്ന പുതിയ ലൈനുകൾ സുല്‍ത്താന്‍ ബിന്‍ സായിദ് റോഡില്‍ കൂട്ടിച്ചേര്‍ത്തതായും ഇതിലൂടെ ജങ്ഷനിലെ ഗതാഗതത്തിരക്ക് ഒഴിവാക്കാനായെന്നും അധികൃതർ അറിയിച്ചു.
നടപ്പാത നിര്‍മാണവും ഇവിടെ നടത്തും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വാഹനങ്ങളുടെ സുഗമമായ യാത്ര 40 ശതമാനം വര്ധിപ്പിക്കാനാവുമെന്നും ഇരുചക്രവാഹനങ്ങള്‍ക്കായി പ്രത്യേക ലൈനുകള്‍ നിര്മിച്ചുവരുകയാണെന്നും അബൂദബി മൊബിലിറ്റി അറിയിച്ചു. അല്‍ റാഹ ബീച്ച് റോഡില്‍ നിന്ന് (ഇ10) സഅദിയാത്ത് ഐലന്‍ഡ് വരെ നീളുന്ന 25 കിലോമീറ്റര്‍ പാതയാണ് ആദ്യ പദ്ധതി.
നാലു മുതല്‍ അഞ്ച് ലൈന്‍ വരെ ഈ പാതയിലുണ്ടാവും. അല്‍ സമാലിയ, ഉം യിഫീന, സഅദിയാത്ത്, അല്‍റീം തുടങ്ങി നിരവധി ദ്വീപുകളിലേക്കു പോവുന്നതിനും വരുന്നതിനുമുള്ള സൗകര്യം ഈ പാതകളിലുണ്ടാവും. ഈ പാതയില്‍ ഇരുദിശകളിലേക്കുമായി മണിക്കൂറില്‍ 8000 മുതല്‍ 10000 വരെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവുമെന്ന് എഡി മൊബിലിറ്റിയിലെ പഠന, രൂപകല്പന വകുപ്പ് ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്ല ഹമദ് അല്‍ ആര്യാനി പറഞ്ഞു.