ന്യൂഡല്‍ഹി: ഇസ്രയേലിനെതിരെ ചൊവ്വാഴ്ച ഇറാന് നടത്തിയ മിസൈലാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. എംബസിയ്ക്കുള്ളിലും സമീപത്തും പട്രോളിങ് വര്‍ധിപ്പിച്ചതായും പോലീസ് സേനയുടെ ഒരു സംഘത്തെ എംബസി സുരരക്ഷയ്ക്കായി വിന്യസിച്ചതായും ഡല്‍ഹി പോലീസ് അധികൃതര്‍ അറിയിച്ചു.
ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ച സമയത്തുതന്നെ ഇസ്രയേല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെയുടെ വധത്തെ തുടര്‍ന്ന് ഇന്റലിജന്‍സ് ഏജന്‍സികളില്‍നിന്ന് ലഭിച്ച മുന്നറിപ്പുകള്‍ കണക്കിലെടുത്ത് ഓഗസ്റ്റ് മാസത്തില്‍ ഇസ്രയേല്‍ എംബസിയുടേയും ചബാദ് ഹൗസിന്റേയും സുരക്ഷ ഡല്‍ഹി പോലീസ് പുനഃപരിശോധിച്ചിരുന്നു.
2021-ലും 2023-ലും സംശയാസ്പദമായ രീതിയില്‍ രണ്ട് തവണ എംബസിയ്ക്ക് സമീപം സ്ഫോടനങ്ങള്‍ നടന്നിരുന്നു. ഇരുസ്ഫോടനങ്ങളിലും ആളപായം സംഭവിച്ചിരുന്നില്ല.