ന്യൂഡൽഹി: ബി.ജെ.പി. എം.പി.യും നടിയുമായ കങ്കണ റണൗട്ട് ഗാന്ധിജയന്തിദിനമായ ഇന്നലെ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ച കാര്യങ്ങൾ വിവാദത്തിലായി. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ 120-ാം ജന്മവാർഷിക ആശംസ നേർന്നുകൊണ്ട് തയാറാക്കിയ ‘സ്റ്റോറി’യിൽ ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം ‘രാജ്യത്തിന് പിതാക്കന്മാരില്ല; പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാർ അനുഗൃഹീതരാണ്’ എന്നാണ് കങ്കണ കുറിച്ചത്. ഗാന്ധിജിയുടെ ശുചിത്വഭാരതമെന്ന ആശയം മുന്നോട്ടുകൊണ്ടുപോയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും കങ്കണ പറഞ്ഞു.
കങ്കണയെ വിമർശിച്ച് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേത് രംഗത്തെത്തി. പഞ്ചാബിലെ ഒരു മുതിർന്ന ബി.ജെ.പി. നേതാവും കങ്കണയെ വിമർശിച്ചു. രാഷ്ട്രീയത്തില്‍ കാലെടുത്തുവെച്ച ചുരുങ്ങിയ കാലയളവില്‍ത്തന്നെ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ് കങ്കണയെന്ന് പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാവ് മനോരഞ്ജന്‍ കാലിയ കുറ്റപ്പെടുത്തി.
ഗാന്ധിജിയെക്കുറിച്ച് കങ്കണ നടത്തിയ പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയം അവരുടെ മേഖലയല്ല. രാഷ്ട്രീയം കുറച്ചുകൂടി ഗൗരവമുള്ള കാര്യമാണ്. അവിടെ ചിന്തിച്ച് മാത്രമേ സംസാരിക്കാവൂ. കങ്കണയുടെ അനാവശ്യ വിവാദങ്ങള്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും മനോരഞ്ജന്‍ കാലിയ പറഞ്ഞു.
നേരത്തെ കങ്കണയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനേത്തും രംഗത്തെത്തിയിരുന്നു. ഗോഡ്സേയുടെ സ്തുതിപാടകരാണ് ഗാന്ധിജിക്കും ശാസ്ത്രിജിക്കും ഇടയിലുള്ള അന്തരത്തെക്കുറിച്ച് സംസാരിക്കുന്നത്. നരേന്ദ്രമോദി ഇത് സഹിക്കുമോ? ഇന്ത്യക്കൊരു രാഷ്ട്രപിതാവുണ്ട്, രാജ്യത്തിന്റെ പുത്രന്മാരും രക്തസാക്ഷികളുമുണ്ട്. അവരെല്ലാവരും ബഹുമാനം അര്‍ഹിക്കുന്നു, സുപ്രിയ പറഞ്ഞു.
ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി. എം.പി.യാണ് കങ്കണ. നേരത്തെ കര്‍ഷകസമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പരാമര്‍ശവും വിവദമായിരുന്നു. രാഷ്ട്രീയത്തില്‍ പുതിയ ആളായതുകൊണ്ട് സംഭവിച്ച അബദ്ധമാണ് എന്നായിരുന്നു ബി.ജെ.പി. നേതാക്കള്‍ അന്ന് പറഞ്ഞത്.
content highlight: kangana-ranaut-comments-sparks-controversy