Celebrities

‘സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഗാംഭീര്യം, പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട’: മോഹന്‍ലാല്‍

കഥാപാത്രത്തിന്റെ പേരില്‍ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ്

മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ അതുല്ല്യനായ നടനായിരുന്നു മോഹന്‍രാജ്. ഇന്ന് വൈകുന്നേരമായിരുന്നു അദ്ദേഹം അന്തരിച്ചത്. മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലെ ‘കീരിക്കാടന്‍ ജോസ്’ എന്ന വേഷത്തിലൂടെയാണ് അദ്ദേഹത്തിന് ജനപ്രീതി നേടാനായത്. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങിയിരുന്നു. ഇപ്പോളിതാ പ്രിയ സുഹൃത്തിന് അദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

‘കഥാപാത്രത്തിന്റെ പേരില്‍ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് . കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹന്‍രാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാന്‍ ഓര്‍ക്കുന്നു. വ്യക്തിജീവിതത്തില്‍ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട.’ മോഹന്‍ലാല്‍ കുറിച്ചു.

നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കിരീടത്തിന് പുറമെ ചെങ്കോല്‍, നരസിംഹം, ഹലോ തുടങ്ങി ഒട്ടനവധി സിനിമകള്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇതിനോടകം 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

STORY HIGHLIGHTS: Actor Mohanlal about Mohanraj