കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ മരണപ്പെട്ട അർജുന്റെ കുടുബം വലിയ തോതിലുള്ള ആരോപണങ്ങളായിരുന്നു ലോറി ഉടമ മനാഫിനെതിരെ കഴിഞ്ഞ ദിവസം നടത്തിയത്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാറും രംഗത്ത് വന്നിരിക്കുകയാണ്.
മനാഫിനെതിരെ നിരവധി ആരോപണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയരുമ്പോഴും അയാൾ ചെയ്ത തെറ്റ് എന്തെന്ന് ആരും വ്യക്തമാക്കുന്നില്ലെന്ന് അഖിൽ പറയുന്നു. മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാൾ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാർഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണെന്നും അഖിൽ മാരാർ പറയുന്നു.
ശരിയും തെറ്റും ചർച്ച ചെയ്യാം… യൂട്യൂബ് ചാനൽ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാൻ എനിക്ക് കഴിയില്ല. മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോൾ മറക്കുന്ന മനുഷ്യർ ഉള്ള നാട്ടിൽ 72 ദിവസം ഒരാൾ മറ്റൊരാൾക്ക് വേണ്ടി മാറ്റി വെച്ചത് ചെറിയ കാര്യമല്ല. കുഴിയിൽ വീണ സുഭാഷിനെ നീ എടുത്തില്ലെങ്കിൽ ഞാൻ എടുക്കും എന്ന് പറഞ്ഞ കൂട്ടുകാരൻ കാണിച്ച ആത്മാർത്ഥത ഭാവിയിൽ സിനിമ ആകും എന്ന ചിന്തയിൽ അല്ല. ഉള്ളിലെ സത്യം സിനിമ ആയി സംഭവിച്ചതാണ്.
മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാൾ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാർത്ഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്. ഇനി അർജുനെ വിറ്റ് കാശാക്കിയവരെ എതിർക്കണം എന്നതാണ് ആഗ്രഹം എങ്കിൽ കേരളത്തിലെ എല്ലാ മാധ്യമങ്ങളേയും നിങ്ങൾ വിമർശിക്കുക. മനാഫിനെതിരെ നിരവധി പോസ്റ്റുകൾ ഞാൻ കണ്ടു. പക്ഷെ ഒരാൾ പോലും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല. ചുരുക്കത്തിൽ കേരളം ഒരു ഭ്രാന്താലയം ആണെന്ന് ലോകത്തോട് ഉറപ്പിക്കാൻ ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വരുന്നത് അപകടകരമായ കാഴ്ചയാണ്. ഞാൻ കണ്ട കാഴ്ച്ചയിൽ മനാഫ് മനുഷ്യനാണ്… അഖിൽ മാരാർ പറഞ്ഞു.