Viral

കാനഡയില്‍ വെയിറ്റര്‍ ജോലിക്കായി കാത്തുനില്‍ക്കുന്നത് മൂവായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍? വീഡിയോ വൈറല്‍

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിക്കൊണ്ട് ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്രത്യേകിച്ച് പഠനത്തിനോ ജോലിക്കോ വേണ്ടി കാനഡയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് വ്യാപകമായ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. കനേഡിയന്‍ ബഹുഭാഷാ ബ്രോഡ്കാസ്റ്ററില്‍ നിന്നുള്ള ഒരു വാര്‍ത്ത ക്ലിപ്പ് ആണിത്. കാനഡയിലെ ബ്രാംപ്ടണില്‍ നിന്നാണ് റിപ്പോര്‍ട്ട് വരുന്നത്.


 തന്തൂരി ഫ്‌ലേം റെസ്റ്റോറന്റിന് പുറത്ത് ആളുകള്‍ കാത്തുനില്‍ക്കുന്ന ഒരു നീണ്ട നിരയാണ് വൈറലായിരിക്കുന്നത്. എന്നാല്‍ ഈ കാത്തിരിപ്പ് ഭക്ഷണത്തിന് വേണ്ടിയല്ല, മറിച്ച് സമീപത്ത് തുറക്കുന്ന ഒരു പുതിയ റെസ്റ്റോറന്റില്‍ വെയിറ്റര്‍, സേവകന്‍ തസ്തികകളിലേക്ക് അഭിമുഖത്തിനുള്ള അവസരത്തിനായാണ്. ഇതില്‍ ഞെട്ടിക്കുന്ന വാര്‍ത്ത എന്തെന്നാല്‍, ഇന്ത്യക്കാരായ ഏകദേശം 3,000 വിദ്യാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റ ഇവിടെ നല്‍കി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

‘ആളുകള്‍ ഇവിടെ വന്ന് അവരുടെ ബയോഡാറ്റ നല്‍കുകയാണ്. അവര്‍ ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാന്‍ പോകുന്നു. ഇവിടെ ജോലിക്ക് സാധ്യതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇത് ശരിക്കും ബുദ്ധിമുട്ടാണ്.’എന്നാണ് ക്യൂവില്‍ നില്‍ക്കുന്ന ഒരാള്‍ പ്രതികരിച്ചത്. ‘ഇത് വളരെ മോശമാണ്, എല്ലാവരും ജോലി അന്വേഷിക്കുന്നതുപോലെയാണ്, ആര്‍ക്കും ശരിയായി ജോലി ലഭിക്കുന്നില്ല. എന്റെ പല സുഹൃത്തുക്കള്‍ക്കും ഇപ്പോള്‍ ജോലിയില്ല, അവര്‍ 2-3 വര്‍ഷങ്ങളായി ഇവിടെയുണ്ട്.’ മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

അതിവേഗം വൈറലായ ഈ വീഡിയോ, രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷകളെ ഉലച്ചുകൊണ്ട് ഒരു ശക്തമായ മുന്നറിയിപ്പായി നില്‍ക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ കമന്റ് വിഭാഗത്തില്‍ നിറയുന്നത്. എന്തായാലും പുറത്തുവന്നിരിക്കുന്ന ഈ വീഡിയോ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

STORY HIGHLIGHTS: Thousands of Indian students lining up for waiter jobs in Canada, Viral Video

Latest News