Celebrities

‘റോഡില്‍ ഇരുന്ന് വെള്ളരിക്ക വില്‍ക്കുമ്പോള്‍ ആളുകള്‍ വന്ന് ചോദിക്കും, മേഘ്‌നയുടെ അമ്മയല്ലേ എന്ന്, ഇവിടുന്ന് പോയാല്‍ പിന്നെ ഈ കോലം ഒന്നുമല്ല’: മേഘ്‌നയുടെ അമ്മ

ഒരു ചെറിയ ഒരു കുടവെച്ച് അവിടെ ഇരുന്നു

മലയാളം തമിഴ് സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമാണ് മേഘ്ന വിന്‍സന്റ്. താരം ചെയ്ത നിരവധി കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ക്ക് പലര്‍ക്കും വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മേഘ്ന. ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന ക്യാരക്ടര്‍ ആണ് മേഘനയ്ക്ക് ഇത്രയധികം പ്രശസ്തി നേടിക്കൊടുത്തത്. ഇപ്പോള്‍ സീരിയല്‍ രംഗത്തേക്ക് വലിയ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഒപ്പം തന്നെ തന്റെ യൂട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയയിലും എല്ലാം സജീവമായി തുടരുകയാണ് നടി. കൂടാതെ ഒരു പച്ചക്കറി ഫാമിന്റെ ഉടമസ്ഥകൂടിയാണ് മേഘ്‌ന ഇപ്പോള്‍.

‘ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് ഇഷ്ടങ്ങള്‍. എന്റെ ഇഷ്ടം പണ്ട് മുതലേ കൃഷിയായിരുന്നു. അത് പച്ചക്കറി ആണെങ്കിലും എന്തായാലും. ഞങ്ങള്‍ ഒരിക്കല്‍ വെള്ളരിക്ക വിളവെടുത്തു. കൃഷിക്കാരെ സംബന്ധിച്ചിടത്തോളം നമ്മള്‍ ആ ദിവസം അല്ലെങ്കില്‍ തലേദിവസം തന്നെ ഓര്‍ഡര്‍ കയ്യില്‍ ഉണ്ടാകും. ഏതൊക്കെ കടകളില്‍ കൊടുക്കണമെന്നുള്ളത്. നമ്മള്‍ ഉണ്ടാക്കിയെടുക്കുന്ന സാധനം അല്ല ഇതൊന്നും, പ്രകൃതി നമുക്ക് തരുന്നതാണ്. നമ്മള്‍ ഒരു സപ്പോര്‍ട്ട് മാത്രമാണ് കൊടുക്കുന്നത്. കൃഷിക്കാരെ സംബന്ധിച്ചിടത്തോളം വിളവെടുക്കുമ്പോള്‍ കുറഞ്ഞു പോയാലും പ്രശ്‌നമാണ് കൂടിപ്പോയാല്‍ അതിലേറെ പ്രശ്‌നമാണ്. കുറഞ്ഞു പോയാല്‍, ചേട്ടാ ഇത്രേ ഉള്ളൂ എന്ന് പറഞ്ഞ് കുറച്ച് കുറച്ചെങ്കിലും എല്ലാവര്‍ക്കും കൊടുക്കാം.’

‘പക്ഷെ കൂടിപ്പോയിക്കഴിഞ്ഞാല്‍ നമുക്ക് അത് കളയാന്‍ തോന്നില്ല. നമ്മള്‍ കുഞ്ഞുങ്ങളെ പോലെ വളര്‍ത്തിയ ഒരു സംഭവം ആണ്. ഒരു ദിവസം ഒരുപാട് വിളവ് വന്നു, അപ്പോള്‍ എല്ലാവര്‍ക്കും കൊടുത്തു കഴിഞ്ഞിട്ടും ബാക്കി കുറെ വന്നത് ഇങ്ങനെ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് എന്ത് ചെയ്യും എന്ന് അറിയാതെ ടെന്‍ഷന്‍ അടിച്ചു നില്‍ക്കുകയാണ്. അപ്പോള്‍ അമ്മ പറഞ്ഞു.. നീ ആ സ്റ്റൂള്‍ എടുത്ത് പുറത്തേക്ക് ഇട്ടേ എന്ന്. എന്നിട്ട് ഒരു ടേബിള്‍ പോലൊക്കെ സെറ്റപ്പ് ചെയ്തിട്ട് ഫാമിന്റെ മുന്‍പില്‍ തന്നെ കുറേ വെള്ളരിക്ക വെച്ചുകൊണ്ട് അമ്മ അതൊക്കെ വിറ്റു. ആ കാര്യത്തില്‍ ഞാന്‍ അമ്മയെ ഭയങ്കരമായിട്ട് അഭിനന്ദിക്കും.’, മേഘ്‌ന പറഞ്ഞു.

മേഘ്‌നയുടെ അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു;

‘അവള്‍ നല്ലപോലെ അധ്വാനിക്കും. ഇപ്പോള്‍ ഇവിടുന്ന് പോയാല്‍ പിന്നെ ഈ കോലം ഒന്നുമല്ല. ഒരു ട്രൗസറും ഒരു ടീഷര്‍ട്ടും എടുത്ത് ഇട്ട്, ആ ഫാമിലിയിലേക്ക് അങ്ങ് ഇറങ്ങും, അങ്ങനെയൊക്കെയാണ്. ഒരു ദിവസം വിളവെടുത്തപ്പോള്‍ വെള്ളരിക്ക കുറേ കടകളില്‍ കൊടുക്കാന്‍ ഉണ്ടായിരുന്നു. അങ്ങനെ കടകളിലെല്ലാം കൊടുത്തു കഴിഞ്ഞിട്ടും വെള്ളരിക്ക ഒരുപാട് അധികം വന്നു. അപ്പോള്‍ ഞാന്‍ ആ ഫാമിന്റെ മുന്‍പില്‍ ഒരു ചെറിയ ഒരു കുടവെച്ച്, അവിടെ ഇരുന്നു വില്‍ക്കാന്‍ വേണ്ടിയിട്ട്. അപ്പോള്‍ കുറെ പേര്‍ക്ക് എന്നെ അറിയാം. അപ്പോള്‍ കുറെ ആളുകള്‍ വന്ന് എന്നോട് ചോദിച്ചു, മേഘ്‌നയുടെ അമ്മയല്ലേ എന്ന്.’