Kerala

പരാതിയുമായി എത്തിയാല്‍ ‘അധിക്ഷേപിച്ചു’ വിടുന്ന പോലീസോ? സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ആര് പരിഹാരം കാണും

നെടുമങ്ങാടുണ്ടായ സംഭവത്തിലെ പോലീസ് അനാസ്ഥ അവസാന ഉദാഹരണമല്ല

വിലപിടിപ്പുള്ള സ്വര്‍ണ്ണമോ, മറ്റെന്തെങ്കിലും സാധനങ്ങളോ, രൂപയോ നഷ്ടപ്പെട്ട് പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ അവിടുന്ന് നല്‍കുന്ന മറുപടി വിചിത്രമാണ്. ഈ അടുത്ത് നടന്ന ചില സംഭവങ്ങളാണ് ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോലീസില്‍ പരാതി നല്‍കാന്‍ സ്റ്റേഷനില്‍ ചെന്നാല്‍ ആദ്യം പറയുന്നത് നഷ്ടപ്പെട്ട സാധനങ്ങള്‍ ആരെങ്കിലും കൊണ്ട് തന്നാല്‍ വിളിച്ചു തരാം. വെള്ള പേപ്പര്‍ ഒരു പരാതി എഴുതി ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തി തന്നാല്‍ മതി, ബാക്കി നമ്മള്‍ വിളിച്ചു പറയാം. ഇത്തരത്തില്‍ പരാതി വാങ്ങി മേശപ്പുറത്ത് വയ്ക്കുന്നതല്ലാതെ അതിന്മേല്‍ യാതൊരു നടപടിയും ആ സ്റ്റേഷനില്‍ നിന്ന് സ്വീകരിക്കാറില്ലെന്നത് വ്യക്തമാണ്. മോഷണം പോയതോ അല്ലെങ്കില്‍ നഷ്ടപ്പെട്ടതുമായ സാധനം കണ്ടുപിടിക്കാനോ ഒന്നു അന്വേഷിക്കാനോ പോലീസിന് നന്നേ മടിയാണെന്ന് ആക്ഷേപം. ആരെങ്കിലും കൊണ്ടുവന്നു തന്നാല്‍ വിളിച്ചു പറയാം അത്രതന്നെ.

കഴിഞ്ഞദിവസം നെടുമങ്ങാട് ഒരാളില്‍ നിന്നും പണം തട്ടിയെടുത്ത സംഭവമാണ് ഏറ്റവും പുതിയത്. നെടുമങ്ങാട് നടന്ന സംഭവം എന്തെന്ന് പരിശോധിക്കാം, നെടുമങ്ങാട് ബാങ്കില്‍നിന്നു പണമെടുത്ത് ഇറങ്ങിയ ആളെ ബൈക്കില്‍ പിന്തുടര്‍ന്ന് ഒരു ലക്ഷം രൂപ കവര്‍ന്ന നാലംഗ സംഘത്തെക്കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ലഭ്യമായിരുന്നിട്ടും അന്വേഷണത്തില്‍ പോലീസിന്റെ അലംഭാവമെന്നാണ് പരാതി. കഴിഞ്ഞമാസം 26നാ ണ് സംഭവം നടന്നത്. കാനറ ബാങ്കിന്റെ കുളവിക്കോണം ശാഖയില്‍ നിന്നും ലക്ഷം രൂപ പിന്‍വലിച്ച് നെടുമങ്ങാട് സ്വദേശി സിയാദ് സ്‌കൂട്ടറില്‍ പഴകുറ്റിയിലെത്തി പണം ഭാര്യയുടെ പിതാവായ ഹുസൈന് കൈമാറിയിരുന്നു. ഹുസൈന്‍ പിന്നീട് യാത്രയ്ക്കിടെ കാര്‍ നിര്‍ത്തി കടയില്‍ കയറിയ സമയത്ത് ബൈക്കിലെത്തിയ രണ്ടു പേര്‍ ഡാഷ്‌ബോര്‍ഡ് തുറന്നു കവര്‍ച്ച നടത്തുകയായിരുന്നു. ബാങ്കില്‍ നിന്നു പണം എടുക്കുന്ന സമയത്ത് രണ്ട് പേര്‍ ബാങ്കിനകത്തും രണ്ട് പേര്‍ പുറത്തും കാത്തു നില്‍ക്കുന്നതു ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പഴകുറ്റിയില്‍ വച്ചു സിയാദ് പണം കൈമാറുന്നതും ഹു സൈന്‍ അതു കാറില്‍ സൂക്ഷി ക്കുന്നതും നിരീക്ഷിച്ച് പ്രതികള്‍ സമീപം നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസിന്റെ സമയോ ചിത ഇടപെടല്‍ ഉണ്ടായില്ലെന്നാണ് ആക്ഷേപം. ബൈക്ക് കോട്ടയം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥന്റെ പേരിലുള്ളതാണെ ന്നു പൊലീസ് കണ്ടെത്തിയതു മാത്രമാണ് ഇതുവരെ നടന്ന അന്വേഷണ പുരേഗതി.

മോണവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെങ്കിലും പോലീസ് ആദ്യം അത് എടുത്തില്ലെന്നാണ് പരാതി നല്‍കാന്‍ ചെന്ന ഹുസൈന്‍ മാധ്യമങ്ങളോട പറഞ്ഞിരിക്കുന്നത്. അതു മാത്രമല്ല അപമാനിക്കുകയും ചെയ്തു. തനിക്ക് പൈസ ഇത്ര കൂടുതലാണെങ്കില്‍ പറത്തി കളഞ്ഞൂടെ, പൈസ കൊണ്ട് കളഞ്ഞിട്ട് ഇവിടെയെല്ലാം പരാതി നല്‍കേണ്ടെന്ന് തുടങ്ങിയ ചോദ്യങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് പരാതിക്കാരന്‍ പറയുന്നു. ഇതാണ് ഇപ്പോള്‍ എല്ലാ പേലീസ് സ്റ്റേഷനിലും കണ്ടുവരുന്നത്. സാധനങ്ങള്‍ നഷ്ടമായെന്ന് പറയുന്ന സ്ഥലത്ത് പോയി അന്വേഷിക്കാന്‍ പറയുകയും, പിന്നീട് ഈ പരാതിയുടെ മേല്‍ ഒരു തരത്തിലുള്ള തുടര്‍നടപടിയും സ്വീകരിക്കില്ല. സംഭവം നടന്ന സ്ഥലത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോയി അന്വേഷിക്കാനും പറയും. എന്നാലും സ്റ്റേഷനില്‍ നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നാണ് സത്യാവസ്ഥ.

കഴിഞ്ഞമാസം ബാഗ് നഷ്ടമായ യുവാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. നഗരത്തിലെ രണ്ടു പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഇതില്‍ ഒരു പോലീസ് സ്റ്റേഷനില്‍ നിന്ന് പരാതിക്കാരന്‍ ലഭിച്ചത് നിഷേധാത്മക നിലപാടായിരുന്നു. കിട്ടുകയാണെങ്കില്‍ വിളിച്ചു തരാം എന്ന് സ്ഥിരം പല്ലവി ആയിരുന്നു ഒരു സ്റ്റേഷനില്‍ നിന്ന് യുവാവിന് ലഭിച്ചത്. മറ്റു സ്റ്റേഷനിലെ സുഹൃത്തില്‍ നിന്നും ചെറിയ രീതിയിലുള്ള ഒരു സഹായം ലഭിച്ച എങ്കിലും ബാഗ് കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് ബാഗ് തിരികെ ലഭിച്ചപ്പോള്‍ പരാതി നല്‍കിയ സ്റ്റേഷനില്‍ വിളിച്ചു ബാഗ് കിട്ടിയ കാര്യം പറഞ്ഞപ്പോള്‍ ശരിയെന്ന മറുപടിയാണ് ലഭിച്ചത്. പരാതി എഴുതി നല്‍കിയ പേപ്പര്‍ എവിടെയെന്ന് പോലും പോലീസിന് അറിയാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായതെന്ന് വ്യക്തമാണ്. ചിലപ്പോള്‍ പരാതി സൂക്ഷിക്കും അല്ലെങ്കില്‍ വലിച്ച് ചവറ്റുകുട്ടയില്‍ എറിയും. ബാഗ് നഷ്ടമായ യുവാവ് സമൂഹമാധ്യമങ്ങള്‍ നഷ്ടമായ കാര്യം പോസ്റ്റ് ചെയ്തിരുന്നു. പോലീസില്‍ പരാതി നല്‍കിയ വിവരമുള്‍പ്പടെ അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ യുവാവുമായി ബന്ധപ്പെട്ടപ്പോഴാണ് പോലീസില്‍ നിന്നുണ്ടായ അനുഭവം അയ്യാള്‍ വ്യക്തമാക്കിയത്.