എമിറേറ്റിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് മുകളിൽ ലോകത്തെ ഏറ്റവും വലിയ മേൽക്കൂര സൗരോർജ പാനൽ സ്ഥാപിക്കാൻ പദ്ധതി. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) അനുബന്ധ സ്ഥാപനമായ ഇത്തിഹാദ് ക്ലീൻ എനർജി ഡെവലപ്മെന്റ് കമ്പനിയും ദുബൈ വിമാനത്താവള അതോറിറ്റിയും കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്.
വേൾഡ് ട്രേഡ് സെന്ററിൽ നടന്ന വേൾഡ് ഗ്രീൻ ഇക്കണോമി സമ്മിറ്റിൽ ദുബൈ എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫ്തും ഇത്തിഹാദ് ഇ.എസ്.സി.ഒ ഡോ. വലീദ് ആൽ നുഐമിയും ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.
ദുബൈ സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടിവുമായ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂമിന്റെയും ദീവ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായറിന്റെയും സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെക്കൽ.