റിലീസ് ചെയ്ത വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും സന്ദേശം എന്ന മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമ ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയില്‍ വലിയ ജനപ്രീതിയുള്ള സിനിമയായി നിലനില്‍ക്കുന്നു. ചിത്രത്തിലെ ഡയലോഗുകള്‍ ഉള്‍പ്പെടെ എല്ലാം ഇന്ന് പലര്‍ക്കും കാണാപാഠമാണ്. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു സന്ദേശം. ഇപ്പോള്‍ ഇതാ ശ്രീനിവാസന്‍ സന്ദേശം എന്ന സിനിമയിലെ മാള അരവിന്ദന്റെ റോളിനെ കുറിച്ച് സംസാരിക്കുന്ന ഒരു പഴയ അഭിമുഖ വീഡിയോ ആണ് വളരെ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. സന്ദേശത്തില്‍ മാളയ്ക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് ജഗതി ശ്രീകുമാര്‍ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് സന്ദേശം. ആ സിനിമയുടെ കാര്യങ്ങള്‍ക്ക് വേണ്ടി കോഴിക്കോട്ടേക്ക് പോകുമ്പോള്‍ ട്രെയിനില്‍ വെച്ച് ഞാന്‍ ജഗതി ശ്രീകുമാറിനെ കണ്ടിരുന്നു. സന്ദേശത്തിലെ ഒരു റോള്‍ അഭിനയിക്കുന്ന കാര്യം ഞങ്ങള്‍ പുള്ളിയോട് നേരത്തെ സംസാരിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു, പതിനേഴാം തീയതി അല്ലേ ഞാന്‍ സിനിമയ്ക്ക് വരേണ്ടത് എന്ന്. അന്നല്ലെ തുടങ്ങുന്നത് എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, തീര്‍ച്ചയായിട്ടും വരണമെന്ന്. അന്ന് തന്നെ വരണം എന്നും പറഞ്ഞു. കുറേ ദിവസങ്ങള്‍ കടന്നുപോയി.. അപ്പോള്‍ എന്നോട് അദ്ദേഹം പറഞ്ഞു ഞാന്‍ ഇന്ന് പുറപ്പെടുകയാണ് എന്ന്. ഏകദേശം 12 മണിയാകുമ്പോള്‍ ഞാന്‍ അവിടെ എത്തിയിരിക്കും, ഞാന്‍ ആ റോള്‍ ചെയ്തിരിക്കും, അതിനകത്ത് യാതൊരു വ്യത്യാസവുമില്ല എന്ന് എന്നോട് പറഞ്ഞു.’
‘അപ്പോള്‍ ജയറാമിന്റെയും എന്റെയും ചേച്ചിയുടെ ഭര്‍ത്താവായിട്ടാണ് അദ്ദേഹത്തിന്റെ വേഷം. അങ്ങനെ ഞങ്ങള്‍ വിളിച്ചപ്പോള്‍ ജഗതി ശ്രീകുമാര്‍ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു. അങ്ങനെ വിവരം കിട്ടി. പക്ഷേ 12 മണി കഴിഞ്ഞു, ഒരു മണി കഴിഞ്ഞു, രണ്ടു മണി കഴിഞ്ഞു, ആ ദിവസം മുഴുവന്‍ കഴിഞ്ഞു.. ജഗതി ശ്രീകുമാര്‍ വന്നില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് അദ്ദേഹം മദിരാശിയില്‍ വേറൊരു സിനിമയുടെ ഷൂട്ടിലാണെന്ന് അറിഞ്ഞത്. പിന്നെ അവസാനം നിവര്‍ത്തിയില്ലാതെയാണ് ഞങ്ങള്‍ മാളയെ അതിലേക്ക് തിരഞ്ഞെടുത്തത്.’ ശ്രീനിവാസന്‍ പറഞ്ഞു.
STORY HIGHLIGHTS: Sreenivasan about Jagathy Sreekumar, Sandesam Movie