മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും കഥാ മുഹൂര്‍ത്തങ്ങളെയും സമ്മാനിച്ച അതുല്ല്യനായ കലാകാരനായിരുന്നു പി പത്മരാജന്‍. സംവിധായകന്‍, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, കഥാകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സാഹിത്യ ചലച്ചിത്ര രംഗത്തിലൂടെ മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചത്. ഇപ്പോളിതാ പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ്.
‘ഏഴ് പടങ്ങള്‍ക്കാണ് അദ്ദേഹം അഡ്വാന്‍സ് വാങ്ങിച്ചിരുന്നത്. പക്ഷെ അതൊന്നും നടന്നില്ല. ആരും അഡ്വാന്‍സ് തിരിച്ചും ചോദിച്ചില്ല. അതും ഒരു ഭാഗ്യം. അദ്ദേഹം പറഞ്ഞിട്ടുണ്ട് പപ്പനോട്, ഒരു ചൊവ്വാഴ്ചയാണ് പോകുന്നത്… അന്ന് പപ്പനോട് പറഞ്ഞു, മോനെ നീ ജീവിതത്തില്‍ ഒരിക്കലും സിനിമ സംവിധാനം ചെയ്യാന്‍ പോകരുത്. മനസ്സിന് ഒരിക്കലും സമാധാനം കിട്ടില്ല എന്ന്. അതുകൊണ്ടുതന്നെ അവന്‍ സംവിധാനം ചെയ്തിട്ടേയില്ല. അവന്‍ ഏഷ്യാനെറ്റില്‍ ജോലി ആയിട്ട് നില്‍ക്കുകയല്ലേ. ഒരുപാട് ഓഫര്‍ ഒക്കെ വന്നിട്ടുണ്ടായിരുന്നു. പലപ്പോഴും തിരക്കഥ എഴുതിയിട്ടുണ്ട്, സംവിധാനം ചെയ്യാന്‍ പോകരുത് എന്നേ പറഞ്ഞിട്ടുള്ളൂ.’
‘അത് അവന്റെ മനസ്സില്‍ എപ്പോഴും ഉണ്ട് ഡയറക്റ്റ് ചെയ്യില്ല എന്ന്. ഇനി ദൈവം എന്താണ് നിശ്ചയിച്ചിരിക്കുന്നത് എന്ന് നമുക്ക് അറിയില്ല. എന്നാലും അച്ഛന്റെ വാക്കുകള്‍ എപ്പോഴും അവന്റെ മനസ്സിലുണ്ട്. രതിനിര്‍വ്വേതം പോലൊരു സിനിമ ചെയ്യുന്ന സമയത്ത് സമൂഹം എങ്ങനെ അതിനെ കാണും എന്നൊരു ചിന്ത അദ്ദേഹത്തിനില്ല. അദ്ദേഹം അതിനെപ്പറ്റി ആലോചിക്കുകയില്ല. ആള്‍ക്കാര്‍ എന്ത് വിചാരിക്കും എന്നൊക്കെ നമ്മള്‍ എന്തിനാണ് നോക്കുന്നത്, ഒന്നാമത് ആ സമയത്ത് ഒക്കെ രതിനിര്‍വ്വേതം എടുക്കുന്ന സമയത്ത് ഭരതനൊപ്പം ആണല്ലോ തീരുമാനിക്കുന്നത്. ചതുരംഗം ബൈജു ചേട്ടന്റെ അച്ഛന്‍ പത്രാധിപരായിരുന്ന ജയചന്ദ്രന്‍, അങ്ങനെ വന്ന ഒരു കഥയാണ് ചതുരംഗം.’
‘അതിനെ സിനിമയാക്കാന്‍ തീരുമാനിച്ചത് ഭരതന്റെ ബോള്‍ഡ്‌നെസ്സ് ആണ്. പക്ഷെ അവര് പിന്നെ അതിന്റെ പിറകില്‍ എന്തൊക്കെ ചെയ്‌തെന്ന് എനിക്ക് വലുതായി അറിയില്ല. തിരക്കഥ എഴുതിയ പടങ്ങളുടെ ഒന്നും ഷൂട്ടിങ്ങിനെ കുറിച്ചോ ഒന്നും എനിക്ക് വലിയ അറിവ് ഇല്ല. അദ്ദേഹം തന്നെത്താന്‍ ഷൂട്ട് ചെയ്ത പടങ്ങളെ കുറിച്ച് പറഞ്ഞ പലതും എനിക്ക് ഓര്‍മ്മയുള്ളൂ. പക്ഷെ അതില്‍ പലതും ഞാന്‍ മറന്നു പോയി.’, രാധാലക്ഷ്മി പറഞ്ഞു.