ടൂറിസം ഭൂപടത്തിലില്ലാത്ത ഒരു ജലാശയം. അതാണ് അസുരൻകുണ്ട്. ഒരിക്കൽ വന്നു കണ്ടാൽ ഈ അസുരൻ നിങ്ങളുടെ മനസ്സു കീഴടക്കും. ശാന്തമായ ചുറ്റുപാട്. ഭയരഹിതമായി നടന്നു കാണാവുന്ന കാട്. പനമ്പട്ടകളിൽ ചേക്കേറുന്ന കിളികൾ. ഇടയ്ക്കിടെ മുകളിലേക്കു വന്നോളം തീർക്കുന്നമീനുകൾ, അവയെ കാത്തിരിക്കുന്ന നീർകാക്കകൾ ഇവയാണു അസുരൻകുണ്ട് നൽകുന്ന കാഴ്ചകൾ. തൃശ്ശൂരിൽനിന്ന് വെറും മുപ്പതു കിലോമീറ്റർ സഞ്ചരിച്ചാൽ അസുരൻകുണ്ട് ഡാമിലെത്താം. വടക്കാഞ്ചേരി-മുള്ളൂർക്കര പാതയിൽനിന്ന് വലത്തോട്ടു തിരിഞ്ഞു കാട്ടുപാതയിലൂടെ കുറച്ചുദൂരം വണ്ടിയോടിച്ചാൽ ഡാമിനടുത്തുള്ള വനംവകുപ്പിന്റെ ചെക്ക്പോസ്റ്റിൽ എത്താം. അവിടെനിന്ന് അനുമതി വാങ്ങി കാറുമായി ഉള്ളിലേക്കു കയറി ഡാമിനു തൊട്ടടുത്തു പാർക്ക് ചെയ്യാം. ഡാം എന്നു കേൾക്കുമ്പോൾ ഇതൊരു വൻജലാശയമാണെന്നു കരുതരുത്. ഒരു വലിയ ചെക്ക് ഡാം എന്നാലോചിക്കുക. വണ്ടി നിർത്തി ഡാമിന്റെ മുകളിലൂടെ നടന്ന് അക്കരെ ചെല്ലാം. ഡാമിൽ മീൻവളർത്തലുണ്ട്. മീനുകൾക്കുഭക്ഷണം നൽകാനായി ചിലർ ഡാമിനു മുകളിലിരിപ്പുണ്ട്. മുള്ളൂർക്കര പഞ്ചായത്തിലാണു ഡാം എങ്കിലും കനാലിലൂടെയുള്ള ജലസേചനസൗകര്യം ലഭിക്കുന്നത് ചേലക്കര പഞ്ചായത്തിലാണ്. മുള്ളൂർക്കര പഞ്ചായത്ത് മീൻവളർത്തു പദ്ധതി ലേലത്തിൽ നൽകാറുണ്ട്.
നടന്ന് അക്കരെയെത്തിയാൽ പിന്നെ ചെറുകാടാണ്. ജലാശയക്കരയ്ക്കു ചുറ്റും നമുക്കു നടക്കാം. ആളുകളുണ്ടാക്കിയ അനൗദ്യോഗിക ചവിട്ടുപാതകൾ നമ്മെ നയിക്കുന്നത് കരിമ്പനകൾക്കു മാത്രമായി ഒരുക്കപ്പെട്ട ഒരു ദ്വീപിലേക്ക്. അവിടെയാണു കാഴ്ചകൾ. ജലാശയത്തിൽ ഒരു ചെറുദ്വീപ്. പാറക്കൂട്ടങ്ങൾക്കുമേൽ പക്ഷിക്കൂട്ടങ്ങൾ കോലമെഴുതി വച്ചിരിക്കുന്നുണ്ട്. നീർകാക്കകളും കൊറ്റികളും ധ്യാനിച്ചിരിക്കുന്നു. നിശബ്ദമായി ഇക്കരെ നിന്നാൽ അക്കരക്കാഴ്ചകൾ ആസ്വദിക്കാം. ജലാശയത്തിലേക്കിറങ്ങരുത്. ചെളിയുടെ ആഴം നമുക്കറിയില്ല. ചെളിയിൽ നിറയെ കാൽപ്പാടുകൾ. വന്യമൃഗങ്ങളുടേതാണോ ഏയ് അല്ല, വല്ല നായ്ക്കളുടേതുമാകും എന്നൊരു സഞ്ചാരി. അവർ സകുടുംബം എത്തിയിരിക്കുകയാണ്. കുട്ടികൾ ജലാശയക്കരയിൽ ഓടിത്തിമിർക്കുന്നു. മുതിർന്നവർ പുല്ലിലും പാറക്കൂട്ടങ്ങളിലും ഇരുന്ന് വർത്തമാനം പറയുന്നു. ആരും ശല്യപെടുത്താനില്ലാത്ത സുന്ദരതീരം.
ഇനി പക്ഷികളെ കുറച്ചുകൂടി അടുത്തുനിന്നു വീക്ഷിക്കണമെങ്കിൽ തീരത്തിന്റെ ഓരത്തുകൂടി, മരമേലാപ്പുകൾക്കടിയിലൂടെ നടന്നാൽ മറ്റൊരു പാറക്കൂട്ടത്തിനടുത്തെത്താം. ഒരു കാഴ്ചക്കാരനായി കാത്തിരുന്നാൽപക്ഷിക്കൂട്ടത്തിന്റെ ചര്യകൾ ആസ്വദിക്കാം. പീച്ചി വാഴാനി വന്യജീവി സങ്കേതത്തിന്റെ വടക്കേ അതിരിലാണ് അസുരൻകുണ്ട് ഡാം. ചുറ്റുമുള്ള കുന്നുകളിൽനിന്നും കാട്ടിൽനിന്നും ഒഴുകിവരുന്ന ജലം സംഭരിക്കാനാണ് അസുരൻകുണ്ട് ഡാം നിർമിച്ചിരിക്കുന്നത്. പീച്ചി, വാഴാനി, പൂമല ഡാമുകളെ കേന്ദ്രീകരിച്ചു തയാറാക്കുന്ന ടൂറിസം കോറിഡോറിൽ ഈ കുഞ്ഞുഡാമിനെയും ഉൾപ്പെടുത്താനുള്ള നിർദേശങ്ങൾ ഉയരുന്നുണ്ട്. തൂക്കുപാലം, ബോട്ട് സവാരി എന്നിവ അസുരൻകുണ്ട് ഡാമിന്റെ ആകർഷണങ്ങളാകാൻ പോകുന്നു എന്നും വാർത്തയുണ്ട്. പദ്ധതി തുടങ്ങും മുൻപ് അസുരൻകുണ്ട് ഡാമിനെ പൂർണ അർഥത്തിൽ ഒന്നാസ്വദിക്കാനെത്താം.
കാട്ടിലൂടെ രണ്ടു കിലോമീറ്റർ ദൂരം യാത്രയുണ്ട്- വേനൽകാലത്ത് സഞ്ചാരികളെ വിലക്കാറുണ്ട്. ഒരു തരി തീ പടർന്നാൽ കാട് നശിക്കും എന്നതിനാലാണിത്. ഡാം ജലസേചനവകുപ്പിന്റേതും റോഡ് വനംവകുപ്പിന്റേതുമാണ്. മഴക്കാലമായാൽ അസുരൻകുണ്ട് ഡാമിലേക്ക് എത്താം. ജൂൺ മുതൽ നല്ല സമയമാണ്. നല്ല മഴപെയ്ത ശേഷം ഡാം നിറയുമ്പോൾ കനാലിലേക്ക് തട്ടുതട്ടായി വെള്ളമൊഴുകുന്നതു കാണാൻ രസകരമാണ്. സംഘത്തിൽ ആളുകൂടുതലാണെങ്കിൽ സായാഹ്നം ആസ്വദിക്കാം. അതിസുന്ദരമായ കാഴ്ചയാണിവിടെ. അക്കാഴ്ച കൂടി കാണുമ്പോൾ മറ്റൊരു ലാലേട്ടൻ സിനിമയിൽ നായികയുടെ ഡയലോഗ് അസുരൻകുണ്ട് ഡാമിനുവേണ്ടി നിങ്ങൾ മാറ്റി പറയും. അടുത്തള്ള റെയിൽവേസ്റ്റേഷൻ- വടക്കാഞ്ചേരി. വടക്കാഞ്ചേരിയിൽനിന്ന് ചേലക്കര ബസ്സ് പിടിച്ച് ആറ്റൂർ ഇറങ്ങി ഓട്ടോ പിടിച്ച് അസുരൻകുണ്ട് ഡാമിലെത്താം. പ്ലാസ്റ്റിക്, ആഹാരമാലിന്യങ്ങൾ ഒരു തരി പോലും അവിടെ ഉപേക്ഷിച്ചുപോരരുത്. നിങ്ങളെ നിരീക്ഷിക്കാൻ കാവൽക്കാർ ഉണ്ടാകില്ല. അതുകൊണ്ട് ജലാശയത്തിലിറങ്ങുന്നത് സൂക്ഷിച്ചുവേണം. ഇരുട്ടും മുൻപ് തിരികെയിറങ്ങുക.കാട്ടിലൂടെ ട്രെക്കിങ് നടത്തിയാൽ വാഴാനിയിലെത്താം. അതൊരു ട്രക്കിങ് സാധ്യതയുണ്ട്. ഇപ്പോൾ അനുമതിയില്ലെങ്കിലും ഭാവിയിൽ അത്തരമൊരു പ്രൊജക്ട് വരും.
STORY HIGHLLIGHTS: asurankundu-dam-to-thrissur