മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ മഞ്ഞുമ്മൽ ബോയ്‌സ് റഷ്യൻ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടി. ചലച്ചിത്ര മേളയില്‍ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരമാണ് മലയാള ചിത്രം നേടിയത്. റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം മത്സരിച്ച് നേട്ടം കരസ്ഥമായാക്കിയത്. സുഷിന്‍ ശ്യാമിന് വേണ്ടി പുരസ്കാരം ചിത്രത്തിന്‍റെ സംവിധായകന്‍ ചിദംബരം ഏറ്റുവാങ്ങി. ഈ മേളയിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം ഈ മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമാണ് മഞ്ഞുമ്മൽ ബോയ്‌സ്.
‘മഞ്ഞുമ്മൽ ബോയ്‌സ്’ ചിത്രത്തിന് മികച്ച പ്രതികരണമാണ് റഷ്യയിലെ കാണികളില്‍ നിന്നും ലഭിച്ചത്. പല റഷ്യന്‍ കാണികളും കരഞ്ഞെന്നും സ്‌ക്രീനിങ്ങിന് ശേഷം നിരവധി പ്രേക്ഷകരാണ് തങ്ങളെ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തതെന്നും സംവിധായകൻ ചിദംബരം റഷ്യന്‍ ചലച്ചിത്രോത്സവത്തിന്‍റെ അനുഭവം പങ്കുവെച്ചിരുന്നു. നമ്മുടെ നാട്ടിൽ ആരംഭിച്ച കഥ ഇപ്പോൾ സോച്ചിയിലെ കിനോ ബ്രാവോയിൽ എത്തിയിരിക്കുന്നു, ഇതൊരു അഭിമാനകരമായ യാത്രയായിരുന്നെന്നുമാണ് ചിത്രത്തിന്റെ നിർമാതാവായ ഷോൺ ആന്‍റണി പറഞ്ഞത്.
ബോക്സോഫീസിലും നിരൂപകര്‍ക്കിടയിലും ഏറെ ശ്രദ്ധ നേടിയ ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചാണ് നിര്‍മ്മിച്ചത്. പറവ ഫിലിംസ് ആയിരുന്നു നിര്‍മ്മാതാക്കള്‍. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി അടക്കം വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
STORY HIGHLIGHT: malayalam movie manjummal boyz wins place in russian film festival